സമർപ്പണത്തിന്റെ 17 വർഷം; പുരസ്കാര പകിട്ടിൽ മൈക്കിൾ ജോസഫ്
text_fieldsകാഞ്ഞിരപ്പുഴ: അധ്യാപന സേവന വീഥിയിൽ 17 വർഷം പൂർത്തിയാക്കിയ പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപകൻ പി.ജെ. മൈക്കിൾ ജോസഫ് ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനതല അധ്യാപക പുരസ്കാരത്തിന് അർഹനായി. ഈ അംഗീകാരം തനിക്കല്ലെന്നും ടീം പൊറ്റശ്ശേരിക്കാണെന്നും പുരസ്കാര വാർത്ത അറിയിച്ച ‘മാധ്യമ’ത്തോട് അദ്ദേഹം പറഞ്ഞു. 2007ൽ അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപനവൃത്തി ആരംഭിച്ചത്. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് വർഷമായി സേവനമനുഷ്ഠിക്കുന്നു.
സ്കൂളിന്റെ വിജയ ശതമാനം ഉയർത്താനുള്ള കൂട്ടായ ശ്രമങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എല്ലാ രോഗികൾക്കും ഭക്ഷണമൊരുക്കി വീടുകളിലെത്തിച്ചുനൽകിയ ‘സ്നേഹപൂർവം പൊതിച്ചോറ്’ പദ്ധതിയും അഞ്ച് സ്നേഹവീടുകൾ നിർമിച്ചു നൽകിയ ‘കൂടൊരുക്കൽ’ പദ്ധതിയും ശ്രദ്ധേയമാണ്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനായി ജില്ലയിലുടനീളം സഞ്ചരിക്കുന്ന ‘ടെൽ ശാസ്ത്രവണ്ടി’ തുടങ്ങി.
2011 മുതൽ 2020 വരെ സ്കൗട്ട് മാസ്റ്റർ, തുടർന്ന് നാലുവർഷക്കാലം എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസർ എന്നിങ്ങനെയും പ്രവർത്തിച്ചു. നിലവിൽ പ്രിൻസിപ്പലിന്റെ ചുമതലയും വഹിക്കുന്നു.എം.എസ്.സി കെമിസ്ട്രി റാങ്ക് ജേതാവാണ്. കുസാറ്റിൽനിന്ന് ഗേറ്റ് ഫെല്ലോഷിപ്പോടെ എം.ടെക് പോളിമർ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. പൂണൈ നാഷനൽ കെമിക്കൽ ലബോറട്ടറി, ഇറ്റലിയിലെ പലേർമോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണ പരിചയമുണ്ട്. രാജ്യാന്തര ശാസ്ത്ര ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊറ്റശ്ശേരി പാലാമ്പട്ട പഴുക്കാത്തറയിൽ ജോസഫിന്റെയും ഏലിയാമ്മയുടേയും മകനാണ്. ഭാര്യ ജെൻസി ജെല്ലിപ്പാറ സ്കൂളിൽ അധ്യാപികയാണ്. മക്കളായ ജോയൽ, ഏബൽ എന്നിവർ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.