പാഠ്യ-പാഠ്യേതര പ്രവർത്തന മികവിന് പി.ജി. ദേവരാജിന് പുരസ്കാരം
text_fieldsശ്രീകൃഷ്ണപുരം: ഈശ്വരമംഗലം ശ്രീരാമജയം എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പി.ജി. ദേവരാജ് മാസ്റ്റർക്ക് 2024ലെ സംസ്ഥാന അധ്യാപക അവാർഡ്. സ്കൂളിനകത്തും പുറത്തുമായി പാഠ്യേ-പാഠ്യേതര വിഷയങ്ങളിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങളാണ് അവാർഡിനർഹനാക്കിയത്. അധ്യാപക ദമ്പതികളായിരുന്ന ഗോവിന്ദൻ നായരുടെയും സൗദാമിനിയുടെയും മകനായ ദേവരാജ് 1990 മുതൽ അധ്യാപകനും 1995 മുതൽ പ്രധാനാധ്യാപകനുമാണ്. താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നായ ശ്രീരാമജയം എ.എൽ.പി സ്കൂളിൽ മികച്ച ഭൗതിക സാഹചര്യം ഒരുക്കി ജില്ലയിലെ അറിയപ്പെടുന്ന പൊതു വിദ്യാലയമായി മാറ്റിയെടുക്കാൻ അദ്ദേഹത്തിനായി.
സാമൂഹിക പങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ പി.ടി.എയുമായി സഹകരിച്ച് സ്വന്തം ബ്രാൻഡിൽ അരി വിൽപനക്ക് നേതൃത്വം നൽകിയതും ദേവരാജ് മാസ്റ്ററായിരുന്നു.
പരിസ്ഥിതി, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ദേശീയതലത്തിൽ നടന്ന റാലി ഫോർ റിവേഴ്സ് മത്സരത്തിൽ രണ്ടാംസ്ഥാനം ഉൾപ്പെടെ പുരസ്കാരങ്ങളും ദേവരാജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന് നേടാനായി. ഒറ്റപ്പാലം ഡിസ്ട്രിക്ട് സ്കൂൾ ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, കാരാകുറുശ്ശി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പി.ഇ.സി കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. ഒറ്റപ്പാലം നിയോജകമണ്ഡലം ‘സാധന’ വിദ്യാഭ്യാസ പരിപാടിയിൽ 2015ൽ മികച്ച പ്രധാനാധ്യാപകനായി തെരഞ്ഞെടുത്തിരുന്നു. പള്ളിക്കുറിപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി. സിന്ധുവാണ് ഭാര്യ. മക്കൾ: സാന്ദ്ര, ശ്രേയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.