ഈജിപ്തിലെ അൽ അസ്ഹറിൽ പഠിക്കാൻ ഗിനിയിൽ നിന്ന് മമദൂ സഫായൂ സൈക്കിളിൽ താണ്ടിയത് 4000 കിലോമീറ്റർ
text_fieldsകൈറോ: ഈജിപ്തിലെ അൽ അസ്ഹർ അൽ ശരീഫ് യൂനിവേഴ്സിറ്റിയിൽ പഠിക്കണമെന്നായിരുന്നു ഗിനിയിലെ മമദൂ സഫായൂവിന്റെ ആഗ്രഹം. ആ അടങ്ങാത്ത ആഗ്രഹവും ഉള്ളിലേന്തി സ്വപ്ന സാക്ഷാത്കാരത്തിനായി സഫായൂ സൈക്കിളിൽ പിന്നിട്ടത് 4000 കിലോമീറ്ററാണ്. ലോകത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ സുന്നി ഇസ്‍ലാമിക് മതപഠനശാലയാണ് അൽ അസ്ഹർ. കഠിനമായ പാതകൾ പിന്നിട്ടാണ് നാലുമാസം കൊണ്ട് സഫായൂ എന്ന 25കാരൻ ലക്ഷ്യം കണ്ടത്. ഇടയിലുണ്ടായ വെല്ലുവിളികളൊന്നും ഇദ്ദേഹത്തെ തളർത്തിയില്ല. ഒടുവിൽ കൈറോയിലെത്തിയപ്പോൾ മുഴുവൻ പഠന ചെലവും സ്കോളർഷിപ്പായി ലഭിക്കുകയും ചെയ്തു.
അൽഅസ്ഹറിൽ പഠിക്കുക എന്നത് തന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഈ മിടുക്കൻ ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാലി, ബുർക്കിന ഫാസോ, ടോഗോ, ബെനിൻ, നൈജർ, ഛാഡ് എന്നീ രാജ്യങ്ങളുടെ അതിർത്തി കടന്നാണ് സഫായൂ കൈറോയിലെത്തിയത്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഭീകരാക്രമണങ്ങളും നേരിട്ടറിഞ്ഞു. സുരക്ഷ പോലുമില്ലാതെ ഈ രാജ്യങ്ങളിലൂടെ കടന്നുപോവുക എന്നത് അതീവ ദുഷ്‍കരമാണ്. മാലിയിലെയും ബുർകിന ഫാസോയിലെയും ആളുകൾ നിന്ദയോടെയാണ് സഫായൂവിനെ കണ്ടത്.
ബുർകിന ഫാസോയിലും ടോഗോയിലും വെച്ച് ഒരു കാരണവുമില്ലാതെ മൂന്നുതവണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഛാഡിൽ വെച്ച് ഒരു മാധ്യമപ്രവർത്തകനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. തുടർന്ന് ഇദ്ദേഹത്തിന്റെ കഥ ലോകമറിഞ്ഞു. ഒരുപാട് പേർ സഹായഹസ്തവുമായി വന്നു. അങ്ങനെ യുദ്ധമുനമ്പായ സുഡാൻ ഒഴിവാക്കി വിമാനം വഴി സെപ്റ്റംബർ അഞ്ചിന് ഈജിപ്തിലെത്താൻ സാധിച്ചു.
അൽ അസ്ഹറിൽ ഇസ്‍ലാമിക് സ്റ്റഡീസിൽ പഠനം നടത്താൻ യൂനിവേഴ്സിറ്റി ഡീൻ ഡോ. നഹ്‍ല എൽസീദി അനുവാദം നൽകി. സ്കോളർഷിപ്പും കൂടി ലഭിച്ചതോടെ സഫായൂവിന്റെ സന്തോഷം ഇരട്ടിച്ചു. എല്ലാറ്റിനും ദൈവത്തിന് നന്ദി പറയുകയാണ് ഈ വിദ്യാർഥി. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും അൽ അസ്ഹറിലേക്ക് വിദ്യാർഥികൾ എത്തിക്കൊണ്ടേയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.