സ്മാർട്ഫോണില്ല, വീട്ടിൽ വൈദ്യുതിയോ ഇന്റർനെറ്റോ ഇല്ല; മൺകുടിലിൽ നിന്ന് ബോംബെ ഐ.ഐ.ടിയിൽ പഠിക്കാനെത്തിയ മിടുക്കന്റെ കഥ
text_fieldsയു.പി.എസ്.സി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച മത്സര പരീക്ഷയാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. സ്കൂൾ കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജിൽ പഠിക്കുന്നത് സ്വപ്നം കണ്ട ഒരു ബാലനുണ്ടായിരുന്നു പശ്ചിമബംഗാളിൽ. ഏറെ പരിശ്രമിച്ചാണെങ്കിലും ആ സ്വപ്നം അവൻ കൈയെത്തിപ്പിടിക്കുകയും ചെയ്തു. ആ മിടുക്കന്റെ പേരാണ് ബിപ്‍ലാബ് സിൻഹ. 2019ൽ 10ാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ജെ.ഇ.ഇ പരീക്ഷക്കുള്ള ഒരുക്കങ്ങളും ബിപ്‍ലാബ് തുടങ്ങി. 10ാം ക്ലാസിൽ 93.57 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. മാത്തമാറ്റിക്സിൽ നൂറിൽ നൂറും.
പശ്ചിമബംഗാളിലെ ഒരു കുഗ്രാമത്തിലാണ് ബിപ്‍ലാബ് ജനിച്ചത്. കർഷകരായിരുന്നു അവന്റെ മാതാപിതാക്കൾ. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ചൊന്നും മാതാപിതാക്കൾക്ക് വലിയ ധാരണയില്ലായിരുന്നു. അഞ്ചാംക്ലാസ് വരെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ് ബിപ്‍ലാബ് പഠിച്ചത്. വീട്ടിൽ പാചകം ചെയ്യാൻ ഗ്യാസ് പോലുമുണ്ടായിരുന്നില്ല. നന്നായി പഠിച്ച് നല്ല ജോലി സമ്പാദിച്ച് കുടുംബത്തെ ഈ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റുമെന്ന് ബിപ്‍ലാബ് പ്രതിജ്ഞയെടുത്തു.
ആ സാഹചര്യങ്ങളിൽ വളരുന്ന സാധാരണ വിദ്യാർഥിയെ പോലെയായിരുന്നില്ല എൻജിനീയറാകാനായിരുന്നു ആ മിടുക്കന് ആഗ്രഹം. ഇലക്ട്രോണിക്സ് ഉപകരണങ്ങളോട് വലിയ താൽപര്യപര്യമായിരുന്നു ബിപ്‍ലാബിന്. 10ാം ക്ലാസിൽ ലഭിച്ച മികച്ച വിജയം ബിപ്‍ലാബിന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിലായി. അധ്യാപകനിൽ നിന്നാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയെ കുറിച്ച് അവൻ മനസിലാക്കിയത്. മുന്നിൽ വലിയ വെല്ലുവിളികളാണ് എന്നതൊന്നുമറിയാതെ ശ്രമം തുടർന്നു. എന്നാൽ ജെ.ഇ.ഇ എന്ന കടമ്പ കടക്കാൻ ചില്ലറ അധ്വാനം പോരെന്ന് അധ്യാപകൻ അവനെ ബോധ്യപ്പെടുത്തു. അവനെ പോലെ ദാരിദ്ര്യത്തിൽ വളർന്ന ഒരാൾക്ക് സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു കോച്ചിങ് ക്ലാസിലെ പഠനം. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ സ്വന്തം നിലക്ക് അവൻ പഠനം തുടർന്നു. മുൻ വർഷത്തെ ചോദ്യപേപ്പർ ഹൃദിസ്ഥമാക്കി. ആദ്യം ഈ ചോദ്യങ്ങൾ കണ്ടപ്പോൾ തനിക്ക് വിജയിക്കാൻ കഴിയുമോ എന്ന സംശയം ഉള്ളിലുണ്ടായി. എന്നാൽ തളരാതെ പഠിക്കാൻ തന്നെ ഉറച്ചു.
അവന്റെ നിശ്ചയദാർഢ്യം കണ്ടറിഞ്ഞ വീട്ടിനടുത്തെ കോച്ചിങ് സെന്റർ പഠിക്കാൻ സഹായം നൽകി. ആ സമയത്താണ് കോവിഡ് പിടിമുറുക്കിയത്. എല്ലാവരുടെയും പഠനം ഓൺലൈൻ മുഖേനയായി. നിർഭാഗ്യവശാൽ ബിപ്‍ലാബിന് സ്മാർട്ഫോണോ വീട്ടിൽ ഇന്റർനെറ്റോ കമ്പ്യൂട്ടറോ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ തന്റെ പ്രിയപ്പെട്ട അധ്യാപകനോട് ബിപ്‍ലാബ് പങ്കുവെച്ചു. അദ്ദേഹം അവന് സ്മാർട്ഫോൺ വാങ്ങിക്കൊടുത്തു. അങ്ങനെ ഓൺലൈൻ വഴി പഠിക്കാൻ തുടങ്ങി. വിരൽ തുമ്പിലൂടെ ഐ.ഐ.ടികളെ കുറിച്ച് അടുത്തറിഞ്ഞു. യൂട്യൂബ് ക്ലാസുകളായിരുന്നു ആശ്രയം.
12ാം ക്ലാസിനൊപ്പം ബിപ്‍ലാബ് ജെ.ഇ.ഇ മെയിൻസും എഴുതി. ആദ്യശ്രമമാണെങ്കിലും മെയിൻസ് പാസായി. ജെ.ഇ.ഇ അഡ്വാൻസ്ഡിൽ അടിപതറി.
ആ തിരിച്ചടിയിൽ ബിപ്‍ലാബ് പതറിയില്ല. വീണ്ടും പഠനം തുടർന്നു. പശ്ചിമബംഗാളിൽ നീറ്റിനും ജെ.ഇ.ഇ പരീക്ഷകൾക്കും സൗജന്യ പരിശീലനം നൽകുന്ന സ്ഥാപനമുണ്ടായിരുന്നു. ബിപ്‍ലാബിന് അവിടെ സെലക്ഷൻ കിട്ടി. പലപ്പോഴും പലരിൽ നിന്നും നിരുൽസാഹപ്പെടുത്തലും കൂടിവന്നു. അപ്പോഴൊക്കെ യൂട്യുബിൽ ഐ.ഐ.ടികളുടെ വിഡിയോ കാണും. ബോംബെ ഐ.ഐ.ടിയായിരുന്നു ബിപ്‍ലാബിന് ഏറ്റവും കൂടുതൽ ഇഷ്ടം.
2022ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒരു പേപ്പർ വളരെ വിഷമം പിടിച്ചതായിരുന്നു. ആദ്യ പേപ്പറിൽ നന്നായി ശോഭിക്കാൻ പറ്റിയില്ലെങ്കിൽ എല്ലാവർക്കും വിഷമം പിടിച്ച രണ്ടാമത്തെ പേപ്പർ നന്നായി എഴുതാൻ ബിപ്ബാലിന് കഴിഞ്ഞു. ഫലം വന്നപ്പോൾ എല്ലാവരെയും അമ്പരപ്പിച്ച് ബോംബെ ഐ.ഐ.ടിയിൽ തന്നെ ബിപ്‍ലാബിന് പ്രവേശനം ലഭിച്ചു.
അവിടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ പിന്തുടർന്നു. എന്നാൽ ഐ.ഐ.ടിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പദ്ധതി തുണച്ചു. എഫ്.എ.പി(ഫിനാൻഷ്യൽ എയ്ഡ് പ്രോഗ്രാം) ആണ് സഹായം നൽകിയത്. അക്കാഡമിക് ഫീ, ഹോസ്റ്റൽ ഫീ, മെസ് ഫീ, കമ്പ്യൂട്ടറും ലാപ്ടോപ്പും വാങ്ങാനുള്ള സഹായം എന്നിവക്കായി ഒരു പൈസ പോലും പലിശ വാങ്ങാതെ എഫ്.എ.പി ഒപ്പംനിന്നു. പഠനം പൂർത്തിയാക്കി ജോലി ലഭിച്ചാൽ പണം തിരിച്ചടക്കാമെന്നാണ് ബിപ്‍ലാബിന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.