പഠിച്ച വിദ്യാലയത്തിൽ തന്നെ ജോയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനം; എന്‍റെ സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണിത് -പ്രചോദനമാണ് ഈ ഒന്നാം റാങ്കുകാരിയുടെ ജീവിതം
text_fieldsജീവിത സാഹചര്യങ്ങളോട് പടവെട്ടി പഠിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപികയായി ജോലി ചെയ്യാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് കദീജ കെ. റഹ്മാൻ എന്ന അധ്യാപിക. ഈ നേട്ടത്തിലേക്ക് നയിച്ച ഉപ്പയും ഉമ്മയും ആണ് തന്‍റെ റോൾ മോഡൽസെന്നും ജീവിതത്തിലെ രണ്ട് മാലാഖമാരെന്നും മലപ്പുറം ഗേൾസ് സ്കൂളിൽ ഹിസ്റ്ററി ഹയർ സെക്കൻഡറി അധ്യാപിക (ജൂനിയർ) ആയി ജോലിയിൽ പ്രവേശിച്ച കദീജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലായത് കൊണ്ട് അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെന്നും പാവപ്പെട്ട കുടുംബം ആയതുകൊണ്ട് ഈ വിജയം അംഗീകരിക്കാതെ പരിഹസിക്കുന്ന എത്രയോ പേരുണ്ടെന്നും കുറിപ്പിലുണ്ട്.
വീട്ടിലെ ബുദ്ധിമുട്ട് കാരണം എല്ലാവരും പറയുന്നതുപോലുള്ള കളർഫുൾ കാമ്പസ് ലൈഫ് ആസ്വദിക്കാൻ കഴിയാതിരുന്നതും ട്യൂഷനെടുത്ത് കിട്ടിയ പൈസ കൊണ്ട് ഡിഗ്രിക്ക് പഠിച്ചതും പി.ജിക്ക് യൂനിവേഴ്സിറ്റിയിൽ ചേർന്ന ശേഷം ഹോസ്റ്റൽ ഫീയും മറ്റും സാമ്പത്തികമായി ബാധ്യതയാകുമെന്ന് തോന്നിയതിനാൽ പിറ്റേന്ന് തന്നെ ടി.സി വാങ്ങി പോന്നതും ബസ് ചാർജ് കൊടുക്കാനില്ലാത്തതുകൊണ്ടും നല്ല ഡ്രസ്സ് ഇല്ലാത്തതുകൊണ്ടും ക്ലാസ്സുകൾ നഷ്ടപ്പെടുത്തിയതുമെല്ലാം കുറിപ്പിൽ വിവരിക്കുന്നുണ്ട്. നല്ല സിനിമകളും പാട്ടുകളും ഉൾപ്പെടെ എല്ലാ വിനോദങ്ങളും ഒഴിവാക്കിയും കല്യാണത്തിന്‍റെ പ്രൊപോസൽ വരെ ബ്ലോക്ക് ചെയ്തും പി.എസ്.സി പരീക്ഷക്കുവേണ്ടി പഠിച്ച് ഒന്നാം റാങ്ക് നേടിയ കഥയും കുറിപ്പിലുണ്ട്.
കദീജ കെ. റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
ജീവിതത്തിൽ സന്തോഷം നിറഞ്ഞ നിമിഷം... ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ History (Jr) ആയി മലപ്പുറം ഗേൾസിൽ ജോയിൻ ചെയ്തു. പഠിച്ച വിദ്യാലയത്തിൽ തന്നെ ജോയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. എന്‍റെ സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലായത് കൊണ്ട് അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്‍റെ കുടുംബത്തിന്‍റെ കൂടെ വിജയമാണ്. ഈ നേട്ടത്തിലേക്ക് എന്നെ നയിച്ച രണ്ട് മുഖങ്ങൾ ഉണ്ട്. എന്‍റെ ഉമ്മയും ഉപ്പയും. എന്‍റെ ജീവിതത്തിലെ രണ്ട് മാലാഖാമാർ. എന്നെ സപ്പോർട്ട് ചെയ്തതിന് കണക്കില്ല. കല്യാണം നേരത്തെ കഴിപ്പിക്കാതെ പഠിപ്പിച്ചതിന് എത്ര പഴിയാണ് കേട്ടത്. അനിയത്തിയുടെ കല്യാണം നേരത്തെ കഴിഞ്ഞപ്പോൾ പഠിച്ചത് കൊണ്ടല്ലേ നിന്‍റെ വൈകിയതെന്ന് പറഞ്ഞു എത്ര പരിഹാസങ്ങളാണ് കേട്ടത്.
ഇപ്പോഴും ഈ വിജയത്തിന്‍റെ പേരിൽ പാവപ്പെട്ട കുടുംബം ആയതോണ്ട് അംഗീകരിക്കാതെ പരിഹസിക്കുന്ന എത്രയോ പേരുണ്ട്. ഈ വിജയം ഞാൻ സാഹചര്യങ്ങളെ പൊരുതി തോൽപിച്ച വിജയമാണ്. ഉമ്മയും ഉപ്പയും ഇന്നും ഒരുപോലെ ഞങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നു. അവർ തന്നെയാണ് എന്‍റെ റോൾ മോഡൽസ്.
മേൽമുറി ജി.എം.യു.പി സ്കൂളിലായിരുന്നു ഞാൻ യു.പി വരെ പഠിച്ചത്. തികച്ചും ആവറേജ് ആയിരുന്നു പഠനത്തിന്‍റെ കാര്യത്തിൽ. പ്ലസ്ടു വരെ പഠിച്ചത് മലപ്പുറം ഗേൾസിലും. എന്‍റെ ലൈഫിലെ ടേണിങ് പോയിന്‍റ് പ്ലസ്ടു കാലം ആയിരുന്നു. ഞാൻ എന്താകണം എന്ന് മനസ്സിൽ കുറിച്ചിട്ടത് അവിടെ നിന്നായിരുന്നു. ഹ്യുമാനിറ്റീസ് കോഴ്സ് എടുത്തതിനു പലർക്കും പുച്ഛം ആയിരുന്നു. ഹ്യുമാനിറ്റീസ് എടുത്തവർക്ക് കരിയർ സാധ്യത വളരെ കുറവാണ് എന്നായിരുന്നു എല്ലാരുടെയും ചിന്ത. വേറെ വല്ല കോഴ്സും എടുത്തിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തില്ലായിരുന്നു.
വീട്ടിൽ എഡ്യൂക്കേറ്റഡ് ആയ ആരും ഇല്ലാത്തോണ്ട് പ്ലസ്ടുവിന് ശേഷം എന്ത് കോഴ്സ് എടുക്കണം എന്ന് അറിവില്ലായിരുന്നു. എന്‍റെ ടേസ്റ്റ് ഹിസ്റ്ററി ആണെന്ന് മനസ്സിലാക്കി മലപ്പുറം ഗവ. കോളേജിൽ ബി.എ ഹിസ്റ്ററിക്ക് ഞാൻ അഡ്മിഷൻ എടുത്തു. എല്ലാരും പറഞ്ഞു നടക്കുന്ന പോലെ ഒരു കളർഫുൾ ക്യാമ്പസ് ലൈഫ് ഞാൻ ആസ്വദിച്ചിട്ടില്ല. ഒട്ടും ആക്റ്റീവ് ആയിരുന്നില്ല ഞാൻ. പഠനം മാത്രമായിരുന്നു ലക്ഷ്യം. എന്‍റെ സാഹചര്യങ്ങൾ എന്നെ അങ്ങനെയാക്കി. സാമ്പത്തിക ഞെരുക്കത്തിന്‍റെ ഇടയിൽ ട്യൂഷൻ എടുത്താണ് എന്‍റെ ഡിഗ്രി ഞാൻ പൂർത്തീകരിച്ചത്. ഡിഗ്രിക്ക് ശേഷം പി.ജിക്ക് യൂനിവേഴ്സിറ്റിയിൽ ജോയിൻ ചെയ്ത് പിറ്റേന്ന് തന്നെ ടി.സി വാങ്ങി പോന്നു. ഹോസ്റ്റൽ ഫീയും മറ്റും സാമ്പത്തികമായി കഴിയില്ല എന്ന് തോന്നി. പി.എസ്.എം.ഒ കോളേജിൽ പിന്നീട് അഡ്മിഷൻ എടുത്തു. വല്ലാത്ത ഞെരുക്കത്തിന്‍റെ കാലം ആയിരുന്നു അത്. ബസ് ഫെയർ കൊടുക്കാനില്ലാത്തതോണ്ടും ഡ്രസ്സ് ഇല്ലാത്തോണ്ടും എത്ര ക്ലാസുകളാണ് ഞാൻ സ്കിപ് ചെയ്തത്. ഓർക്കാനേ വയ്യ അതൊന്നും.
ബി.എഡ് ചെയ്യാൻ ഞാൻ ഒട്ടും വിചാരിച്ചിട്ടില്ലായിരുന്നു. പിഎച്ച്.ഡിയ്ക്കും എം.ഫില്ലിനും പോയാൽ ഒരു പ്രൊഫഷണൽ യോഗ്യത ഉണ്ടാവില്ല എന്നോർത്തു ബി.എഡിന് അഡ്മിഷൻ എടുത്തു. ബി.എഡ് സ്വാശ്രയ കോളേജിൽ ആയതോണ്ട് ലോൺ എടുക്കേണ്ടി വന്നു. 23ാമത്തെ വയസ്സിൽ നെറ്റും സെറ്റും നേടി. പലരും എന്നോട് ചോദിച്ചിരുന്നു വല്ല എയ്ഡഡ് കോളേജിലും കയറുന്നില്ലേ എന്ന്. ഈ കാശും സ്വാധീനവും ഇല്ലാത്തോർക്ക് എവിടുന്ന് കോളേജിൽ കിട്ടുന്നു 😄. അങ്ങനെ വിവിധ സ്ഥാപനത്തിൽ ഗസ്റ്റ് ആയിട്ട് ജോലി ചെയ്തു.
രണ്ട് വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുകയും പിറ്റേ വർഷം ഇന്‍റർവ്യൂനു ചെന്നപ്പോൾ മെറിറ്റ് ഉണ്ടായിട്ടും രാഷ്ട്രീയത്തിന്‍റെ പേരിൽ ഔട്ട് ആക്കിയത് 2017ൽ ആണ്. അത് കൊണ്ട് ഹയർ സെക്കൻഡറി ഫീൽഡിലേക്ക് വീണ്ടും പോവേണ്ടി വന്നു. 2017 മലപ്പുറം ബോയ്സിൽ പഠിപ്പിക്കുന്ന കാലത്താണ് Hsstയ്ക്ക് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ വന്നത്. ഒന്നും നോക്കിയില്ല ഞാൻ. വീട്ടുകാരുടെ പിന്തുണയോടു കൂടി ജോലി വിട്ടു. പി.എസ്.സി പഠനത്തിന് വേണ്ടി.
ജോലി വിട്ടതിനു വീട്ടുകാർക്കില്ലാത്ത ബേജാർ മറ്റുള്ളവർക്കായിരുന്നു. മഞ്ചേരിയിലെ എയ്സ് പി.എസ്.സി കോച്ചിങ് സെന്‍റർ ആയിരുന്നു പിന്നീടുള്ള എന്‍റെ ലോകം. അവിടെയുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു. അവിടെയുള്ള ബെഞ്ചിനും ഡെസ്കിനും പടികൾക്കും വരെ പി.എസ്.സി നേടിയവരുടെ കഥകൾ ആണ് പറയാൻ ഉണ്ടായിരുന്നത്. 2017 മുതൽ 2018 ഡിസംബറിൽ എക്സാം നടക്കുന്നത് വരെ എന്‍റെ എല്ലാ ഊർജവും ഞാൻ പഠനത്തിന് വേണ്ടി ചിലവഴിച്ചു. നല്ല സിനിമകളും പാട്ടുകളും ഉൾപ്പെടെ എല്ലാ വിനോദങ്ങളും ഒഴിവാക്കി. കല്യാണത്തിന്‍റെ പ്രൊപോസൽ വരെ ബ്ലോക്ക് ചെയ്തു. ഗസ്റ്റ് ആയിട്ട് ജോലി ചെയ്ത് ബാലൻസ് ഉണ്ടായിരുന്ന ക്യാഷ് ഉപയോഗിച്ച് എത്ര ബുക്കുകളാണ് ഓൺലൈൻ ആയും കാലിക്കറ്റ് പോയും ഞാൻ വാങ്ങിയത്. ഈ നേട്ടത്തിന് വേറെ ആരും അവകാശം പങ്കിടാതിരിക്കാൻ കമ്പയ്ൻ സ്റ്റഡിയും മറ്റുള്ളോരെ ബുക്ക് കടം വാങ്ങലും വരെ ഞാൻ ഒഴിവാക്കി. എല്ലാം ഞാൻ സ്വന്തം തയ്യാറാക്കിയും വാങ്ങിച്ചും പഠിച്ചു. റിസൾട്ട് വന്നപ്പോൾ ഒന്നാം റാങ്ക്.
അന്ന് ഏറ്റവും കൂടുതൽ അഭിമാനിച്ചത് എന്‍റെ മാതാപിതാക്കൾ ആയിരുന്നു. ഈ നേട്ടത്തിന് സഹായിച്ച എന്‍റെ കൂട പ്പിറപ്പുകളെ വിട്ട് കൂടാ. എന്‍റെ ഒരേ ഒരു സഹോദരൻ. പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തികമായി ഒരുപാട് സഹായിച്ചു. ഈ നേട്ടത്തിൽ ഒരാൾക്കും കൂടെ പങ്ക് ഉണ്ട്. എന്‍റെ ഹസ്ബൻഡ്. 30ാമത്തെ വയസ്സിൽ ആയിരുന്നു വിവാഹം. ഈ നേട്ടത്തിന്‍റെ അവസാനഘട്ടത്തിൽ ആണ് എന്നോടൊപ്പം കൂടിയതെങ്കിലും Hsst ഇന്‍റർവ്യൂവിന് എനിക്ക് തന്ന സപ്പോർട്ട് ചെറുതൊന്നും അല്ല. ഇനിയും ഒത്തിരി പേരുണ്ട് കടപ്പാടുള്ളവർ. എന്‍റെ പ്രിയ സുഹൃത്തുക്കൾ, അധ്യാപകർ. പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി... "When you want something, all the universe conspires in helping you to achieve it".- Paulo Coelho
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.