ഒരുനേരത്തേ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി കഷ്ടപ്പെട്ട് പഠിച്ചു; ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടിയെടുത്ത് അൻസാർ അഹ്മദ് ശൈഖ്
text_fieldsആദ്യശ്രമത്തിൽ തന്നെ യു.പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് സ്വന്തമാക്കുന്നവർ വിരളമാണ്. അക്കൂട്ടത്തിലൊരാളുടെ ജീവിതത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി വിജയിച്ച അൻസാർ അഹ്മദ് ശൈഖിനെ കുറിച്ച്. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് അൻസാർ അഹ്മദിന്റെ ബാല്യവും കൗമാരവും കടന്നുപോയത്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിൽ പ്രധാനം. ഭക്ഷണത്തിന് പോലും കഷ്ടപ്പെട്ട കുടുംബത്തിലാണ് അൻസാർ ജനിച്ചത്. എത്ര കഷ്ടപ്പെട്ടാലും പഠിച്ച് നല്ല ജോലി നേടണമെന്നത് അൻസാറിന്റെ അഭിലാഷമായിരുന്നു. സിവിൽ സർവീസ് ഓഫിസറാകുക എന്നതായിരുന്നു വലിയ സ്വപ്നം. ആ സ്വപ്നം യാഥാർഥ്യമാക്കാനും സാധിച്ചു.
2016ൽ 21ാം വയസിലാണ് അൻസാർ യു.പി.എസ്.സി പരീക്ഷയിൽ ചരിത്രവിജയം നേടിയത്. ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഓഫിസർ എന്ന പദവിയും അതോടെ അൻസാറിന് സ്വന്തമായി.
അൻസാറിന്റെ പിതാവ് യൂനുസ് ശൈഖ് ഓട്ടോറിക്ഷ ഓടിച്ചും ഉമ്മ പാടത്ത് ജോലി ചെയ്തുമാണ് കുടുംബം പുലർത്തിയത്. മഹാരാഷ്ട്രയിലെ ഷെൽഗാവോൺ ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന അൻസാറിന് ചെറുപ്പം മുതലേ കുടുംബത്തിന്റെ പ്രാഥമിക ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കുടുംബത്തിലെ ആർക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്നു. ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലും പഠനം നിർത്താൻ അൻസാറിനു മേൽ സമ്മർദമുണ്ടായി. പഠിക്കാൻ അതിസമർഥനായിരുന്നു അൻസാർ. വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് തന്നെ ഒന്നിനും തടയാനാകില്ലെന്ന് ഉറപ്പിച്ചു.
പത്താംക്ലാസ് പരീക്ഷയിൽ 91 ശതമാനം മാർക്ക് നേടിയാണ് ഈ മിടുക്കൻ വിജയിച്ചത്. ബിരുദ പരീക്ഷയിൽ 73ശതമാനം മാർക്കും നേടി. പൂനെയിലെ ഫെർഗൂസൺ കോളജിൽ നിന്ന് രാഷ്ട്ര മീമാംസയിലാണ് ബിരുദം നേടിയത്. യു.പി.എസ്.സി പരീക്ഷക്കായി തയാറെടുക്കുമ്പോൾ കുടുംബം സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്തിലായിരുന്നു. എന്നിട്ടും മകനെ മാതാപിതാക്കൾ നിരുൽസാഹപ്പെടുത്തിയില്ല.
എല്ലാ പ്രതിബന്ധങ്ങളും തകർത്തെറിഞ്ഞ് 21ാം വയസിൽ അൻസാർ തന്റെ ആദ്യ ശ്രമത്തിൽ തന്നെ യു.പി.എസ്.സി പരീക്ഷയിൽ 361ാം റാങ്ക് നേടി. തിളക്കമാർന്ന ഈ വിജയം തന്നെയാണ് കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ഈ മകൻ നൽകിയ പ്രതിഫലവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.