എട്ടാം വയസിൽ അച്ഛൻ മരിച്ചു; പിന്നീടുള്ള ജീവിതം അമ്മത്തണലിൽ; ആദ്യരണ്ടു തവണയും സിവിൽ സർവീസ് കടമ്പ കടന്നില്ല -ഇത് ഇഷിതയുടെ ജീവിത കഥ
text_fieldsന്യൂഡൽഹി: ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന തോന്നലാണിപ്പോഴെന്നും ഈ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ് ഇഷിത കിഷോർ. ''സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വലിയൊരു സ്വപ്നം കൈത്തിപ്പിടിച്ചിരിക്കുകയാണ്. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പോലയാണ് തോന്നുന്നത്. ഈ പ്രഭാതം എനിക്ക് വളരെ വ്യത്യസ്തമായ ഒന്നാണ്.''-ഇഷിത എൻ.ടി.ഡി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 27ാം വയസിലാണ് ഇഷിത തിളങ്ങുന്ന നേട്ടം സ്വന്തമാക്കിയത്.
മൂന്നാംതവണയാണ് ഈ മിടുക്കി സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ആദ്യ രണ്ടുതവണയും പ്രിലിമിനറി പരീക്ഷ കടക്കാനായില്ല. നിരാശ തോന്നിയെങ്കിലും തെറ്റുകൾ കണ്ടെത്തി, അത് തിരുത്തി പഠിക്കാൻ തുടങ്ങി. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും വീണ്ടും പരിശ്രമിക്കാനായിരുന്നു തീരുമാനം. വിജയത്തിലേക്കുള്ള വഴിയിൽ കുടുംബം ഒരുപാട് സഹായിച്ചു. പരീക്ഷ പാസാകാത്തവരോട് വീണ്ടും ശ്രമിക്കണമെന്നാണ് ഇഷിതക്ക് പറയാനുള്ളത്.
ബിഹാറുകാരാണ് ഇഷിതയുടെ കുടുംബം. നാവിക സേനയിൽ വിങ് കമാൻഡറായിരുന്നു അച്ഛൻ സഞ്ജയ് കിഷോർ. സഞ്ജയ് തെലങ്കാനയിലെ സെക്കന്ദരാബാദിൽ ജോലിയിലിരിക്കുമ്പോഴാണ് ഇഷിത ജനിച്ചത്. 2004ൽ ഇഷിതക്ക് എട്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അന്തമാൻ നിക്കോബാറിലെ പോർട്ട് ബ്ലയറിലായിരുന്നു അദ്ദേഹം അവസാനമായി ജോലി ചെയ്തത്.
പിന്നീട് അമ്മ ജ്യോതി കിഷോറിന്റെ തണലിലായി ഇഷിതയുടെയും അനിയൻ ഇഷാൻ ഹർഷിന്റെയും ജീവിതം. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ ഭർത്താവ് മരിച്ചിട്ടും ജ്യോതി ബിഹാറിലേക്ക് മടങ്ങിയില്ല. ഡൽഹിയിലേക്ക് മടങ്ങി അവിടെ സ്വകാര്യസ്കൂളിൽ അധ്യാപികയായി ജോലി കണ്ടെത്തി.
പഠനത്തിൽ മിടുക്കിയായിരുന്നു ഇഷിത. ഡൽഹി എയർ ഫോഴ്‌സ് ബാൽ ഭാരതി സ്കൂളിൽനിന്ന് ഇഷിത ‘സ്കൂൾ ടോപ്പർ’, ‘ബെസ്റ്റ് സ്റ്റുഡന്റ്’ തുടങ്ങിയ അംഗീകാരങ്ങളോടെ 97.25 ശതമാനം മാർക്ക് നേടിയാണ് പ്ലസ്ടു പൂർത്തിയാക്കിത്. നല്ലൊരു കായിക താരം കൂടിയാണ് ഈ പെൺകുട്ടി. ചിത്രകലയിലും താൽപര്യമുണ്ട്.
2017ൽ ഡൽഹി സർവകലാശാലയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ (ഓണേഴ്സ്) ബിരുദം നേടി. കാമ്പസ് റിക്രൂട്ട്‌മെന്റിൽ അതേവർഷം തന്നെ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ റിസ്‌ക് അഡ്വൈസറായി ജോലി കിട്ടി. സഹോദരൻ അഭിഭാഷകനാണ്.
സിവിൽ സർവീസ് മോഹം ആദ്യമായി മനസിലുദിച്ചപ്പോൾ കുടുംബമാണ് മുന്നോട്ടു പോകാൻ പ്രേരണ നൽകിയത്. ആദ്യ രണ്ടു തവണയും പരാജയത്തിന്റെ രുചിയറിഞ്ഞിട്ടും വീണ്ടും ശ്രമിക്കാൻ അവർ പ്രചോദനമായി.
ദിവസം എട്ടുമുതൽ ഒമ്പതുമണിക്കൂർവരെ പഠനിച്ചു. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റീലേഷൻസുമായിരുന്നു പ്രധാന വിഷയങ്ങൾ. ഉത്തർപ്രദേശ് കേഡറാണ് ഇഷിതയുടെ ആദ്യ ചോയ്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.