മൊബൈൽ ഫോൺ ഒഴിവാക്കി, ദിവസവും 150 ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു -ജെ.ഇ.ഇ അഡ്വാൻസ്ഡ് മൂന്നാംറാങ്ക് ജേതാവ് തോമസ് ബിജു പറയുന്നു
text_fieldsജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം കേശവദാസപുരത്തെ തോമസ് ബിജു ചീരംവേലിൽ മൂന്നാം റാങ്ക് നേടി. ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിലും രണ്ടാം സെഷനിലും മുഴുവൻ സ്‌കോറും നേടി തോമസ് ബിജു സംസ്ഥാനത്ത് ഒന്നാമനായിരുന്നു. 360ൽ 300 മാർക്കാണ് ബിജു സ്വന്തമാക്കിയത്. ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിക്കാനാണ് ആഗ്രഹം.
ഒന്നാമനാകുക എന്നതായിരുന്നു ജെ.ഇ.ഇ പരിശീലനം തുടങ്ങിയ അന്നു മുതൽ ബിജു മനസിലിട്ട ആഗ്രഹം. ദിവസവും 12 മണിക്കൂർ പഠനത്തിനായി മാറ്റി വെച്ചു. മൊബൈൽ ഫോൺ പൂർണമായി ഒഴിവാക്കി. പഠനത്തിന് മാത്രമായി ഇന്റർനെറ്റ് ഉപയോഗിച്ചു. അന്നന്നുള്ള പാഠങ്ങൾ കൃത്യമായി പഠിച്ചു തീർത്തു. ഓർക്കാൻ പ്രയാസമുള്ള കാര്യങ്ങൾ പ്രത്യേകം കുറിച്ചുവെച്ചു. ദിവസവും 150 ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു. സംശയങ്ങൾ പരിഹരിക്കാൻ അധ്യാപകർ എപ്പോഴും ഒപ്പം നിന്നു.-ഇതൊക്കെയാണ് ബിജുവിന്റെ പരിശീലന സീക്രട്ട്.
കേശവദാസപുരം കാക്കനാട് ലെയിൻ കാവ്യാഞ്ജലിയിലാണ് താമസം. വി.എസ്.എസ്.സി.യിൽ എൻജിനിയറായ ആലപ്പുഴ കുട്ടനാട് മുട്ടാർ ചീരംവേലിൽ ബിജു സി. തോമസിന്റെയും പത്തനംതിട്ട മല്ലശ്ശേരിമുക്ക് സ്വദേശിയും വഴുതയ്ക്കാട് വിമെൻസ് കോളജിൽ അധ്യാപികയുമായ റീനി രാജന്റെയും മകനാണ്. സഹോദരൻ: പോൾ ബിജു.
തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്‌കൂളിൽനിന്ന് പ്ലസ്ടുവിന് 99.4 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. പാലാ ബ്രില്യന്റ്, തിരുവനന്തപുരം മാത് ഐ.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു പ്രവേശന പരീക്ഷയ്ക്ക് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.