പെണ്ണായതിന്റെ പേരിൽ മാതാപിതാക്കൾ ഉപേക്ഷിക്കാൻ തീരുമാനിച്ച കുഞ്ഞ് കനൽപഥങ്ങൾ താണ്ടി സിവിൽ സർവീസ് നേടിയ കഥ
text_fieldsഅമരാവതി: മറ്റാരും ഒരിക്കലും കടന്നുപോകാത്ത കനൽപഥങ്ങൾ ചവിട്ടിയാണ് താൻ ഐ.എ.എസ് എന്ന സ്വപ്നം നേടിയതെന്ന് പറയുകയാണ് സഞ്ജിത മോഹപത്ര. പിറന്നുവീണപ്പോൾ പെൺകുഞ്ഞായിപ്പോയി എന്ന ഒറ്റക്കാരണത്താൽ മാതാപിതാക്കൾ ഒഴിവാക്കാൻ ആഗ്രഹിച്ച കുഞ്ഞായിരുന്നു സഞ്ജിത. ഇപ്പോൾ അമരാവതി ജില്ല പരിഷത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫിസറാണിവർ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലാണ് ഊന്നൽ. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാനും ജില്ലാ പരിഷത്ത് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുമാണ് സഞ്ജന ആഗ്രഹിക്കുന്നത്.
ഒഡിഷയിലെ ദരിദ്രകുടുംബത്തിലാണ് സഞ്ജിത ജനിച്ചത്. കുടുംബത്തിലെ രണ്ടാമത്തെ പെൺകുട്ടിയായിരുന്നു. നേരത്തേ ഒരു പെൺകുഞ്ഞുള്ളതിനാൽ രണ്ടാമത്തേത് ആൺകുഞ്ഞായിരിക്കണം എന്നാണ് കുടുംബം ആഗ്രഹിച്ചത്. വീണ്ടും പെൺകുഞ്ഞ് പിറന്നപ്പോൾ മാതാപിതാക്കൾക്ക് വലിയ നിരാശ തോന്നി. അവളെ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ കുഞ്ഞനിയത്തിയെ വിട്ടുകളയാൻ മൂത്തയാൾ ഒരുക്കമായിരുന്നില്ല. ഒടുവിൽ മൂത്തമകളുടെ ശാഠ്യത്തിന് വഴങ്ങി ആ മാതാപിതാക്കൾ തീരുമാനം മാറ്റി. വലിയൊരു ശരിയായിരുന്നു ആ തീരുമാനമെന്ന് പിന്നീട് കാലം തെളിയിച്ചു.
കടുത്ത ദാരിദ്ര്യത്തിലാണ് സഞ്ജന വളർന്നത്. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ സാമൂഹിക സംഘടനകളും അധ്യാപകരും സ്കോളർഷിപ്പുകളും ആ മിടുക്കിയുടെ വിദ്യാഭ്യാസം മുന്നോട്ട് നയിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയശേഷം സഞ്ജന സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് സഞ്ജനയുടെ കുടുംബം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഒരിക്കൽ ഉപേക്ഷിക്കാൻ തീരുമാനിച്ച മകൾ തന്നെ പിന്നീട് സഹായമായിത്തീർന്നപ്പോൾ ആ മാതാപിതാക്കൾ ഒരുപാട് സന്തോഷിച്ചു.
കലക്ടറാവുക എന്നതായിരുന്നു സഞ്ജനയുടെ കുട്ടിക്കാല സ്വപ്നം. ഭർത്താവിന്റെ പിന്തുണയോടെയാണ് ആ സ്വപ്നം സാക്ഷാത്കരിച്ചത്. 2019ൽ അഞ്ചാമത്തെ ശ്രമത്തിലാണ് സഞ്ജന സിവിൽ സർവീസ് നേടിയെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.