വീൽ ചെയറിലിരുന്ന് പൊരുതി നേടിയ സ്വപ്നം; സിവിൽ സർവീസ് തിളക്കത്തിൽ ഷെറിൻ ഷഹാന
text_fieldsവീൽ ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ നേട്ടം കൊയ്താണ് വയനാട് കമ്പളക്കാട് സ്വദേശി ഷെറിൻ ഷഹാന സിവിൽ സർവീസ് പ്രവേശന റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്‍റെയും ആമിനയുടെയും മകളും 25കാരിയുമായ ഷെറിൻ 913-ാം റാങ്കാണ് നേടിയത്.
22-ാം വയസിൽ വീടിന്‍റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നടക്കാൻ സാധിക്കാത്ത ഷെറിൻ വീൽ ചെയറിലിരുന്നാണ് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുപ്പ് നടത്തിയത്. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെ.ആർ.എഫും നേടിയ ഷഹാന മലയാളത്തിലാണ് പ്രവേശന പരീക്ഷ എഴുതിയത്.
പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു ഷഹാന അഭിമുഖ പരിശീലനം നടത്തിയത്. അബ്സല്യൂട്ട് ഐഎഎസ് അക്കാദമി ‘ചിത്രശലഭം’ പദ്ധതിയിലെ ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളാണ് ഷഹാന.
2017ൽ വീടിന്‍റെ ടെറസിൽ നിന്ന് വീണാണ് ഷഹാനയുടെ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റത്. തുടർന്ന് രണ്ട് വർഷത്തോളം കിടപ്പിലായിരുന്നു. നിരാശ കൊണ്ടു നടക്കാതെ ഷഹാന അതിജീവനത്തിലൂടെ തിരിച്ചു വരാനുള്ള ശ്രമം തുടങ്ങി. സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തു വരുമ്പോൾ ശസ്ത്രക്രിയ കാത്ത് കഴിയുകയാണ് ഷഹാന. ഷഹാനയുടെ നേട്ടം സഹോദരി ജാലിഷ ഉസ്മാൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഷഹാനയുടെ സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഷെറിൻ, എന്റെ ചെറിയ അനിയത്തി വീടിന്റെ മുളളിൽ നിന്ന് വീണ്ത് 2017 ലാണ്. റിസൾടറ്റ് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന് ബെഡ്‌സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ട്ടപ്പെട്ടു, ഞങ്ങള് പെൺകുട്ടികളെ തനിച്ചാക്കി 2015ൽ ഉപ്പച്ചി യാത്ര ആയത് കൊണ്ട് കാര്യങ്ങൾ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല.
പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യൽ ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. നമ്മൾ പഠിച്ചതൊക്കെ ഗവൺമെന്റ് സ്കൂളിലാണ്, ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെൻമേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. വല്യ കാര്യമായി ഫിനാഷ്യൽ ഇൻവെസ്റ്മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാൻ.
അങ്ങനെ ഒക്കെ പോകുന്നതിനിടക്ക് ഷെറിൻ നെറ്റ് ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ phd ക്ക് ജോയിൻ ചെയ്തു ഈ അടുത്ത്. കഴിഞ്ഞ ആഴ്ച 16 മെയ് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ ആക്സിഡന്റ് ആയി. കാര്യമായി പരിക്ക് പറ്റി. ഉമ്മ, ഏടത്തിയുടെ മകൾ , ഷെറിന്റെ സുഹൃത്ത് അഭിഷേഖ്, ഷെറിൻ, എല്ലാർക്കും. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പൊ ആളൊരു സർജറി കാത്തു കിടക്കുവാണ്.
വെൽ, പറഞ്ഞു വന്നത് ആള് ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തു..! അങ്ങനെ വയനാട്ടിലെ രണ്ടാമത്തയോ മറ്റോ ആണ് , ആളൊരു സംഭവമായി.
വഴിയിൽ ഒരുപാട് പേര് സഹായിച്ചു, തുമ്മാരുകുടി സാർ , ശാലിനിയേച്ചി, അഭിഷേക് സർ, ആനീസ്ക്ക, സെയ്ദലേവി സർ, ജോബിൻ സർ, അസ്ക്കാക്ക, ആഷിഫ് സർ, ഇസ്മാൽ സർ അങ്ങനെ അങ്ങനെ എനിക്കറിയാവുന്നതും അവൾക്ക് അറിയാവുന്നതുമായി ഒരുപാട് പേര്.
എല്ലാവര്ക്കും നന്ദി… ഒരുപാട് സ്നേഹം. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒന്നും ഒന്നും ഉണ്ടാവില്ലായിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.