ദിവസം മുഴുവനും ഇരുന്ന് പഠിക്കരുത്; ഇടവേള പ്രധാനമാണ് -ജെ.ഇ.ഇ ടോപ്പർ വാവിലാല റെഡ്ഡി പറയുന്നു
text_fieldsന്യൂഡൽഹി: പഠനം പാൽപായസം പോലെ കണക്കാക്കിയ തെലങ്കാന സ്വദേശി വാവിലാല ചിദ്‍വിലാസ് റെഡ്ഡിയാണ് 2023ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാമതെത്തിയത്. ഒന്നാംറാങ്ക് പ്രതീക്ഷിച്ചില്ലെങ്കിലും ആദ്യ പത്ത് റാങ്കിനുള്ളിൽ ഇടംപിടിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് റെഡ്ഡി എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 360 ൽ 341മാർക്കാണ് റെഡ്ഡി സ്വന്തമാക്കിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴേ ജെ.ഇ.ഇ ക്കായി തയാറെടുപ്പ് തുടങ്ങിയെന്നും ഈ മിടുക്കൻ പറഞ്ഞു.
9,10 ക്ലാസുകളിൽ പഠിക്കുമ്പോൾ താൽപര്യമനുസരിച്ച് വായിച്ചു. 11,12 ക്ലാസുകളിലെത്തിയപ്പോൾ രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പഠനം രാത്രി 9.30 വരെ നീളും. കോച്ചിങ് സെന്റർ വീട്ടിൽ നിന്ന് കുറച്ച് അകലെയായതിനാൽ പഠനത്തിന്റെ സിംഹഭാഗവും സ്കൂളിലും അവിടെയുമായി നടക്കും. വളരെ കുറച്ച് സമയം മാത്രമേ വീട്ടിലിരുന്ന് പഠിച്ചിരുന്നുള്ളൂ.-റെഡ്ഡി തുടർന്നു.
പഠനത്തിനിടെ സമൂഹ മാധ്യമങ്ങളും യൂട്യൂബ് വിഡിയോകൾ കാണുന്നതും പൂർണമായി ഒഴിവാക്കി. വിവിധ വിഷയങ്ങൾക്കായി സമയം പ്രത്യേകം ഭാഗിച്ചുവെച്ചു. എന്നാൽ ദിവസം മുഴുവൻ ഇരുന്ന് പഠിക്കരുതെന്നാണ് മറ്റുള്ളവരോടുള്ള റെഡ്ഡിയുടെ ഉപദേശം. ഒരു മണിക്കൂറിൽ 30 മിനിറ്റ് നേരം ഗെയിം കളിക്കാനാണ് റെഡ്ഡി മാറ്റിവെച്ചത്. പഠനത്തിന്റെ മുഷിപ്പ് മാറ്റാൻ ടേബിൾ ടെന്നീസും ഫസ്ബാളും കളിച്ചു. ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരുകയാണ് റെഡ്ഡിയുടെ മാത്തമാറ്റിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇഷ്ടപ്പെടുന്ന വലിയ സ്വപ്നം.
ഇത്തവണ 1,80,372 വിദ്യാർഥികളാണ് ജെ.ഇ.ഇ അഡ്വാൻസ്‍ഡ് പരീക്ഷ എഴുതിയത്. 43,773 പേർ യോഗ്യത നേടി. ഇക്കുറി യോഗ്യത നേടിയവരിൽ 36,204 പേർ ആൺകുട്ടികളും 7,509 പേർ പെൺകുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.