പത്തു രൂപ ദിവസക്കൂലിക്ക് പൊരിവെയിലിൽ കരിങ്കല്ല് പൊട്ടിച്ചു; പട്ടിണി കിടന്നുറങ്ങി -ആരെയും പ്രചോദിപ്പിക്കും ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ജീവിതം
text_fieldsജയ്പൂർ: ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയാണ് സിവിൽ സർവീസ്. ഒരുപാട് പേർ പരീക്ഷയെഴുതുന്നുണ്ടെങ്കിലും കുറച്ചുപേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇവരിൽ പലരും കുട്ടിക്കാലം മുതൽക്കേ സിവിൽസർവീസ് സ്വപ്നം കാണുന്നവരാണ്. കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം ഈ കടമ്പ കടന്ന ഒരാളെയാണ് പരിചയപ്പെടുത്തുന്നത്.
രാജസ്ഥാനിലെ ബാപി ഗ്രാമത്തിലെ ദാരിദ്യം നിറഞ്ഞ കാലങ്ങൾ താണ്ടിയാണ് രാം ഭജൻ കുംഹാര സിവിൽ സർവീസ് എത്തിപ്പിടിച്ചത്. രാം ഭജനും അമ്മക്കും കിടപ്പാടം പോലുമുണ്ടായിരുന്നില്ല. പട്ടിണിയിലായിരുന്നു ജീവിതം. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് യു.പി.എസ്.സി പരീക്ഷയിൽ രാം ഭജൻ 667 ാം റാങ്ക് സ്വന്തമാക്കിയത്.
ആരെയും പ്രചോദിപ്പിക്കുന്ന കഥയാണ് രാം ഭജന്റെത്. പട്ടിണി മാറ്റാൻ അമ്മക്കൊപ്പം ദിവസവേതനത്തിന് ജോലി ചെയ്യാൻ പോയിട്ടുണ്ട് ഇദ്ദേഹം. കരിങ്കല്ലിന്റെ പണിയായിരുന്നു. പൊരിവെയിലിൽ അമ്മ കല്ല്പേറിക്കൊണ്ട് വരും. രാം ഭജൻ അത് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റും. ഇങ്ങനെ 25 പെട്ടിയിലേക്കുള്ള കല്ലുകൾ ഒരു ദിവസം പൊട്ടിക്കും. ജോലി കഠിനമാണെങ്കിലും വേതനം തുഛമാണ്. ദിവസം അഞ്ചോ പത്തോ രൂപയാണ് കൂലിയായി കിട്ടുക. ഒരാൾക്ക് ഊണ് വാങ്ങാൻ പോലും ഈ തുക മതിയാകില്ല. പട്ടിണി കിടന്നായിരുന്നു പല ദിവസവും ഉറങ്ങിയിരുന്നത്. വിശന്നിട്ട് ഉറക്കം വരാതെ കിടക്കുന്ന മകൻ അമ്മയുടെ നൊമ്പരമായിരുന്നു.
ദൈനംദിന ചെലവുകൾക്കായി ഈ കുടുംബവും ആടുകളെ വളർത്താൻ തുടങ്ങി. ആട്ടിൻപാൽ വിറ്റ് ജീവിതം കുറച്ചുനാൾ മുന്നോട്ട് പോയി. കോവിഡ് കാലത്ത് പിതാവ് മരിച്ചതോടെയാണ് കുടുംബത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമായത്. അദ്ദേഹത്തിന്റെ മരണത്തോടെ അമ്മയും മകനും ജോലിക്ക് പോകാൻ നിർബന്ധിതരായി.
സർക്കാർ ജോലി എന്നത് വലിയൊരു സ്വപ്നമായിരുന്നു രാം ഭജന്. കഠിന പരിശ്രമം കൊണ്ട് ഡൽഹി പൊലീസിൽ ജോലികിട്ടി. കുറെ വർഷങ്ങൾ ജോലി ചെയ്തപ്പോഴാണ് സിവിൽ സർവീസ് മോഹമുദിക്കുന്നത്. തുടർന്ന് അതിനായി പരിശ്രമം തുടങ്ങി. എട്ടാമത്തെ ശ്രമത്തിലാണ് അദ്ദേഹം സ്വപ്നം കൈപ്പിടിയിലാക്കിയ്. 2022ലാണ് ഐ.എ.എസ് ഓഫിസർ എന്ന മോഹം പൂവണിഞ്ഞത്. അതോടെ കുടുംബത്തിന്റെ ദാരിദ്ര്യവും മാറി. ഒന്നും അസാധ്യമല്ലെന്ന പാഠമാണ് രാം ഭജന്റെ ജീവിതം നൽകുന്ന പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.