നിങ്ങളുള്ളത് ടോക്സിക് തൊഴിലിടത്തിലോ?
text_fieldsമുംബൈയിൽ ഒരു മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട്, പീഡനസ്വഭാവമുള്ള തൊഴിലിടങ്ങളും അത്തരം അന്തരീക്ഷത്തിലെ തൊഴിലാളി ദുരിതങ്ങളും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ‘ടോക്സിക്’ തൊഴിലിടങ്ങളുടെ രീതി മനസ്സിലാക്കിയാലേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാകൂ.
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങൾ (ഹെൽത്ത് ആൻഡ് വെൽനെസ് 2023) റിപ്പോർട്ട് അനുസരിച്ച് മിക്ക വ്യവസായങ്ങളിലും മികച്ച തൊഴിലന്തരീക്ഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിർമാണ, അടിസ്ഥാന വികസന, റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളിലാണ് മികച്ച തൊഴിൽ അന്തരീക്ഷമുള്ളത്. എൻ.ജി.ഒകൾ, വിദ്യാഭ്യാസം, പരിശീലനം, പ്രഫഷനൽ സേവനങ്ങൾ എന്നിവയിൽ മോശം തൊഴിൽ അന്തരീക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു.
ടോക്സിക് തൊഴിലിടം
അറുപതു ശതമാനം മോശം തൊഴിൽ അന്തരീക്ഷത്തിനും കാരണം ടോക്സിക് തൊഴിലിടങ്ങളാണെന്ന് 2022ലെ മെക്കൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പറയുന്നു. ഇവിടങ്ങളിലെ തൊഴിലാളികൾക്ക് തങ്ങൾ വിലയില്ലാത്തവരാണെന്ന നെഗറ്റിവ് ചിന്തയുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
ടോക്സിക് തൊഴിലിടങ്ങളെ കണ്ടെത്താം
മോശം ആശയവിനിമയം: സുതാര്യമായ ആശയവിനിമയമില്ലാത്ത അവസ്ഥ ടോക്സിക് തൊഴിലിടത്തിന്റെ ലക്ഷണമാണ്. ഇത് തൊഴിലാളികളിൽ തെറ്റിദ്ധാരണക്കും സംഘർഷത്തിനും നിരാശക്കും ഇടയാകും.
മൈക്രോമാനേജ്മെന്റ്: അമിത നിയന്ത്രണം, അമിത നിരീക്ഷണം, അമിത പ്രതീക്ഷയും ഒപ്പം വളർച്ചക്കും വികസനത്തിനും സാധ്യതയില്ലാതിരിക്കലും.
ഭീഷണിയും അധിക്ഷേപവും: ഇത് തൊഴിലാളികളെ എതിരാക്കും, കൊഴിഞ്ഞുപോക്ക് കൂട്ടും.
അംഗീകാരമില്ലായ്മ: മികച്ച പ്രകടനങ്ങൾ അംഗീകരിക്കാത്ത അവസ്ഥ. ഇത് തൊഴിലാളികളുടെ പ്രവർത്തനം മോശമാക്കും.
മോശം പരിഗണനയും സ്വജനപക്ഷപാതവും: നീതിപൂർവമല്ലാത്ത അംഗീകാരങ്ങൾ തൊഴിലാളികളിൽ വിഭജനം സൃഷ്ടിക്കും.
മോശം ജോലി സംസ്കാരം: വർക്-ലൈഫ് ബാലൻസിങ്ങിന് പരിഗണന നൽകാത്ത അവസ്ഥ.
പരിഹാരമെന്ത്?
- സ്ഥാപനത്തിൽ തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കണം. ചിന്തകൾ പങ്കുവെക്കാൻ അവസരം നൽകണം.
- വർക്-ലൈഫ് ബാലൻസ്: അയവുള്ള ജോലിസമയം, വർക് ഫ്രം ഹോം പോലുള്ളവ മികച്ച ഫലം ചെയ്യും.
- ലീഡറെ കണ്ടു പഠിക്കണം: സത്യസന്ധമായും സഹാനുഭൂതിയോടെയും പെരുമാറുന്ന ബോസിന് മികച്ച മാതൃകയാകാൻ കഴിയും.
- വ്യക്തതയുള്ള നടപടിക്രമം, മാർഗനിർദേശം, നിയന്ത്രണം എന്നിവയുണ്ടാകണം.
- ആരോഗ്യമുള്ള തൊഴിൽ അന്തരീക്ഷവും ആരോഗ്യമുള്ള തൊഴിലാളിയും വേണം.
- വളർച്ചക്ക് അവസരം വേണം.
- അവസാനമായി, തങ്ങളുടെ തൊഴിലിടത്തിലെ ടോക്സിക് അവസ്ഥയെ കുറിച്ച് തൊഴിലാളി ആശങ്ക പ്രകടിപ്പിച്ചാൽ സ്ഥാപനം അത് ഗൗരവമായി കണക്കിലെടുക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.