"ആദ്യം എന്റെ പേര് മുകളിൽ കണ്ടപ്പോൾ വിശ്വസിക്കാനായില്ല"; സിവിൽ സർവിസ് ഒന്നാം റാങ്ക് തിളക്കത്തിൽ ശ്രുതി ശർമ്മ
text_fieldsന്യൂഡൽഹി: ചിട്ടയായ പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാമത് എത്താനായതെന്ന് റാങ്ക് ജേതാവ് ശ്രുതി ശർമ്മ. പരീക്ഷക്ക് വേണ്ടി നന്നായി തയ്യാറെടുത്തിരുന്നെന്നും എന്നാൽ ഒന്നാം റാങ്കിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞു.
ആദ്യം എന്റെ പേര് മുകളിൽ കണ്ടപ്പോൾ വിശ്വസിക്കാനായില്ല. രണ്ട് തവണ റിസൾട്ട് പരിശോധിച്ചാണ് സംഗതി ഉറപ്പിച്ചത്. പരീക്ഷയെ ഇഷ്ടപ്പെട്ടാണ് പഠിച്ചതെന്നും അതിനാൽ ആവശ്യത്തിന് പ്രചോദനം ഉണ്ടായിരുന്നെന്നും ശ്രുതി പറഞ്ഞു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കുമാണ്. അവർ തനിക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നതായും ശ്രുതി കൂട്ടിച്ചേർത്തു.
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തിലാണ് ശ്രുതി ശർമ്മ ബിരുദം പൂർത്തിയാക്കിയത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിവിൽ സർവിസ് പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തത്. ജാമിയ മില്ലിയ ഇസ്‌ലാമിയ റസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിൽ നിന്നാണ് യു.പി.എസ്.സി പരിശീലനം നടത്തിയത്.
2021ലെ യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ ആകെ 685 ഉദ്യോഗാർഥികളാണ് യോഗ്യതാ പട്ടികയിൽ ഇടം നേടിയത്. അങ്കിത അഗർവാൾ രണ്ടാം റാങ്കും ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വർമ നാലാം റാങ്കും നേടി. ആദ്യ റാങ്കുകൾ വനിതകളാണ് നേടിയത്.
ആദ്യ നൂറിൽ മലയാളികളായ ഒമ്പതുപേർ സ്ഥാനം പിടിച്ചിട്ടുണ്ട്. 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളിൽ ഒന്നാമത്. ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.