ഹോസ്പിറ്റാലിറ്റി, ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദപഠനം
text_fieldsഅതിഥി സൽക്കാരത്തിലും ഹോട്ടൽ മാനേജ്മെന്റിലും താൽപര്യവും അഭിരുചിയുമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ മൂന്നുവർഷത്തെ ബി.എസ്സി പഠിക്കാം. രാജ്യത്തെ മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശന സമയാണിത്. ദേശീയതലത്തിൽ ഏപ്രിൽ 27ന് നടത്തുന്ന എൻ.സി.എച്ച്.എം-ജെ.ഇ.ഇ 2025 സംയുക്ത പ്രവേശന പരീക്ഷയിൽ റാങ്ക് നേടുന്നവർക്ക് കൗൺസലിങ് വഴി പ്രവേശനം നേടാം.
ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ: കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ദേശീയ കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത രാജ്യത്തെ 80ലേറെ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുള്ളത്.
കേരളത്തിൽ നാല് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. കേന്ദ്ര സർക്കാറിന് കീഴിൽ കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ (ഐ.എച്ച്.എം.സി.ടി) 298 സീറ്റ്, (വെബ്സൈറ്റ്: www.ihmctkovalam.ac.in). സംസ്ഥാന സർക്കാറിന് കീഴിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് -90, സ്വകാര്യ മേഖലയിൽ മൂന്നാർ കാറ്ററിങ് കോളജ്- 120, വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് - 120 സീറ്റ്, എന്നിവ.
വിശദവിവരങ്ങളടങ്ങിയ ‘എൻ.സി.എച്ച്.എം-ജെ.ഇ.ഇ 2025’ ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.ac.in/NCHM, https://nchm.gov.in എന്നീ വെബ് സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പഠനവിഷയങ്ങൾ: ആറ് സെമസ്റ്ററുകളായുള്ള മൂന്നുവർഷത്തെ ഫുൾടൈം ബി.എസ്സി (എച്ച്.എച്ച്.എ) കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഫ്രണ്ട് ഓഫിസ് ഓപറേഷൻ ആൻഡ് ഹൗസ് കീപ്പിങ് ഫിനാൻഷ്യൽ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം ആൻഡ് മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, റവന്യൂ മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ് മാനേജ്മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. ലബോറട്ടറി വർക്കിങ്ങോടെ പ്രായോഗിക പരിശീലനവും നൽകും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ബിരുദം സമ്മാനിക്കും.
എൻ.സി.എച്ച്.എം-ജെ.ഇ.ഇ 2025 : പ്രവേശന പരീക്ഷ ഏപ്രിൽ 27ന് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെ ദേശീയതലത്തിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്നത് അപേക്ഷയിൽ കാണിച്ചിരിക്കണം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ന്യൂമെറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിങ് ആൻഡ് ലോജിക്കൽ ഡിസ്കഷൻ, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ആപ്റ്റിറ്റ്യൂഡ് ഫോർ സർവിസ് സെക്ടർ എന്നിവയിലായി 200 ചോദ്യങ്ങളുണ്ടാവും.
പരമാവധി മൂന്ന് മണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഓരോ മാർക്ക്വീതം കുറക്കും. പരീക്ഷ ഘടനയും സിലബസും വിവരണ പത്രികയിലുണ്ട്. കേരളത്തിൽ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, ലക്ഷദ്വീപിൽ കവരത്തിയടക്കം രാജ്യത്തെ 109 നഗരങ്ങളിലായാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.
ഹയർ സെക്കൻഡറി/വി.എച്ച്.സി.ഇ/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്കും അവസാന പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2025 സെപ്റ്റംബർ 30നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പ്ലസ് ടുതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായപരിധിയില്ല. ശാരീരിക ക്ഷമതയുണ്ടാകണം.
അപേക്ഷാ ഫീസ് 1000 രൂപ. ഇ.ഡബ്ല്യു.എസ് 700 രൂപ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, തേർഡ് ജൻഡർ -450 രൂപ.
ഓൺലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തെറ്റ് തിരുത്തലിന് 17-20 വരെ സൗകര്യം ലഭിക്കും.
പ്രവേശനം: അഖിലേന്ത്യാ റാങ്കടിസ്ഥാനത്തിൽ കേന്ദ്രീകൃത ഓൺലൈൻ കൗൺസലിങ് വഴി മെരിറ്റും ചോയിസും പരിഗണിച്ചാണ് 2025-26 വർഷത്തെ സീറ്റ് അലോട്ട്മെന്റ്. അഡ്മിഷൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ചോയിസ് ഫില്ലിങ് അടക്കം www.nchmcounselling.nic.in ൽ യഥാസമയം രജിസ്റ്റർ ചെയ്യണം.
ഫീസ് ഘടന: പ്രവേശന ഫീസ് -1600 രൂപ. എൻറോൾമെന്റ് ഫീസ് -3600 രൂപ. ജെ.എൻ.യു ഫീസ് -10215 രൂപ. സെമസ്റ്റർ പരീക്ഷ ഫീസ് 3000 രൂപ. കോഷൻ മണി 8000 രൂപ. വ്യത്യസ്ത നിരക്കിലാണ് ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലെയും ട്യൂഷൻ ഫീസ്. മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് ട്യൂഷൻ ഫീസായി നൽകേണ്ടിവരും. അർഹതയുള്ളവർക്ക് വിവിധ സ്കോളർഷിപ്പുകളും ലഭ്യമാകും.
തൊഴിൽ സാധ്യത: ബിരുദപഠനം പൂർത്തിയാക്കുന്നവർക്ക് ടൂറിസം, ഹോസ്പിറ്റാലിറ്റി, നക്ഷത്ര ഹോട്ടൽ, കാറ്ററിങ് മുതലായ വ്യവസായ മേഖലകളിൽ എക്സിക്യൂട്ടിവ്, സൂപ്പർവൈസറി തസ്തികകളിൽ തൊഴിൽ സാധ്യതയുണ്ട്. ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്, ബിവറേജ് സർവിങ്, ഹൗസ് കീപ്പിങ് മുതലായ വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയിനി, കസ്റ്റർ റിലേഷൻസ് എക്സിക്യൂട്ടിവ്, ഫെസിലിറ്റി മാനേജർ, ഷെഫ് അടക്കമുള്ള ജോലികൾ ലഭിക്കും. ഫ്ലൈറ്റ് കിച്ചൺ, ഓൺബോർഡ് ഫ്ലൈറ്റ് സർവിസുകൾ, റെയിൽവേ കാറ്ററിങ് സർവിസ്, ടൂറിസം കോർപറേഷനുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ അടക്കമുള്ള മേഖലകളിലും തൊഴിൽ നേടാം.
ഉയർന്നയോഗ്യതകൾ നേടി ഹോട്ടൽ മാനേജ്മെന്റ്, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റും അധ്യാപകരുമാകാം. ഹോട്ടൽ കാറ്ററിങ് വ്യവസായ സംരംഭകരാകാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.