കേന്ദ്രസർക്കാർ സർവിസിൽ ഒഴിഞ്ഞു കിടക്കുന്നത് 12 ലക്ഷത്തോളം ഒഴിവുകൾ
text_fieldsതിരുവനന്തപുരം: രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുമ്പോഴും ഒഴിവുള്ള 12 ലക്ഷത്തോളം തസ്തികകളിൽ നിയമനം നടത്താതെ കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാറിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സർവിസുകളിലായി 2022 മാർച്ച് 31 വരെ മാത്രം 9,83,028 തസ്തിക ഒഴിഞ്ഞു കിടക്കുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫിസ് രാജ്യസഭയെ അറിയിച്ചത്. ആകെയുള്ള 40,46,921 അംഗീകൃത തസ്തികയിൽ 30,63,893 എണ്ണത്തിൽ മാത്രമേ ജീവനക്കാരുള്ളൂ. 2023 ആഗസ്റ്റിലേക്ക് എത്തുമ്പോൾ ഒഴിവുകൾ ഏകദേശം 12 ലക്ഷത്തോളമായിട്ടുണ്ട്. വിരമിക്കുന്നവർക്ക് പകരം നിയമനം നടത്താൻ മോദിസർക്കാർ തയാറാകാത്തതാണ് ഇത്രയും ഒഴിവുകൾ ഉണ്ടാകാൻ കാരണം.
2022 മാർച്ച് വരെ ഗ്രൂപ് ബിയിൽ ഗസറ്റഡ് ഇതര തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്-97,999. ഗ്രൂപ് ബി ഗസറ്റഡ് തസ്തികകളിലാകട്ടെ 16 ശതമാനം ഒഴിവുകളുണ്ട്. ഗ്രൂപ് എയിൽ 23 ശതമാനവും ഗ്രൂപ് സി യിൽ 24 ശതമാനവും തസ്തികളിൽ ആളില്ല. 2022 മാർച്ച് 31 വരെ റെയിൽവേയിലെ 15.07 അംഗീകൃത തസ്തികകളിൽ ജോലിയുള്ളത് 11.98 ലക്ഷത്തിനാണ്. മൂന്നു ലക്ഷത്തിലേറെ തസ്തികകളാണ് കഴിഞ്ഞ വർഷം വരെ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. പ്രതിരോധരംഗത്ത് 5.77 ലക്ഷം തസ്തികയുള്ളതിൽ 3.45 ലക്ഷത്തിൽ മാത്രമാണ് ജീവനക്കാരുള്ളത്.
തപാൽ വകുപ്പിൽ ആകെയുള്ള 2.64 ലക്ഷം തസ്തികയിൽ 1.64 ജീവനക്കാരുള്ളത്. ബാക്കി ഒരുലക്ഷത്തോളം എണ്ണത്തിൽ ആളില്ല. കേന്ദ്ര പൊലീസ് സേനകളിലായി 6,300 ഓളവും റവന്യൂവകുപ്പിൽ 80,000ത്തോളവും ഒഴിവുണ്ട്.
2022 ജൂൺ 14-ന് 18 മാസംകൊണ്ട് 10 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നെങ്കിലും എത്ര തസ്തികകൾ പുതുതായി സൃഷ്ടിച്ചെന്നും എത്ര പേർക്ക് കേന്ദ്രസർവിസിൽ നിയമനം നൽകിയെന്നുമുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയിട്ടില്ല.
വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും ഉഴപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കനത്തതോടെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും പി.എസ്.സിയുടെ ഉഴപ്പ്. കഴിഞ്ഞ വർഷം 816 വിജ്ഞാപനം പ്രസിദ്ധീകരിച്ച സ്ഥാനത്ത് ഈ കലണ്ടർ വർഷം അവസാനിക്കാൻ അഞ്ചുമാസം മാത്രം ബാക്കിനിൽക്കെ പ്രസിദ്ധീകരിച്ചത് കേവലം 210 വിജ്ഞാപനങ്ങൾ മാത്രം. 2019ൽ 633ഉം കോവിഡ് പിടിമുറുക്കിയ 2020ൽ 531ഉം 2021ൽ 781 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാനത്താണിത്. ലക്ഷക്കണക്കിന് അപേക്ഷകരുള്ള എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, എൽ.പി, യു.പി അധ്യാപകർ തുടങ്ങിയവയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് നാലുവർഷത്തോളമായി. ഇവയിൽ പലതിന്റെയും വിജ്ഞാപനം കഴിഞ്ഞ വർഷമായിരുന്നു പി.എസ്.സി പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.
എന്നാൽ, ഇതിനുള്ള പ്രാഥമിക നടപടികൾപോലും പി.എസ്.സി ആരംഭിച്ചിട്ടില്ല. പി.എസ്.സിയുടെ കെടുകാര്യസ്ഥതയെ തുടർന്ന് പ്രായപരിധി പിന്നിട്ട ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് ഇതിനോടകം അവസരം നഷ്ടമായത്. കെ.എ.എസിലും പുതിയ വിജ്ഞാപനമില്ല. ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് 10 വർഷമായി. ഡിസംബറില്ലെങ്കിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിൽ മാത്രമേ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.