എന്‍ജിനീയറിങ്ങിലെ വേറിട്ട വഴികള്‍
text_fieldsപതിവ് കോഴ്സുകള്‍ ഒഴിവാക്കി വേറിട്ട വഴി തെരഞ്ഞെടുത്താല്‍ എന്‍ജിനീയറിങ് പഠനത്തില്‍ സാധ്യതകള്‍ ഉറപ്പാക്കാം. എന്നാല്‍ ഇത്തരം കോഴ്സുകളെ കുറിച്ച് അധികപേര്‍ക്കും വേണ്ടത്ര ധാരണയില്ളെന്നതാണ് സത്യം. ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്, ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി, ലതര്‍ ടെക്നോളജി എന്നിവ അത്തരം ചില കോഴ്സുകളാണ്. ഈ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും അറിയാം.
•ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്
കേരളത്തിലില്ലാത്തതും എന്നാല്‍, പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്നതുമായ ബ്രാഞ്ചാണിത്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോളജുകള്‍ തമിഴ്നാട്ടിലാണ്. നല്ല മാര്‍ക്കുണ്ടെങ്കില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പി.എസ്.ജി കോളജില്‍ ചേരാം. 60 സീറ്റാണുള്ളത്. തുടര്‍ന്ന് കോയമ്പത്തൂരിലെ കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലെ ദേശീയ സ്ഥാപനമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍ ആന്‍ഡ് മാനേജ്മെന്‍റില്‍ എം.ബി.എ എടുക്കാം. വന്‍കിട ടെക്സ്റ്റൈല്‍ മില്ലുകളില്‍ മാനേജരാകാന്‍ കഴിയും. അധികം മത്സരമില്ലാത്ത ഈ മേഖല കരിയര്‍ ഭദ്രമാക്കുമെന്നുറപ്പാണ്. ഈ സ്ഥാപനത്തില്‍ ബി.എസ്സി (ടെക്സ്റ്റൈല്‍) കോഴ്സും ലഭിക്കും. മൂന്നുവര്‍ഷ കോഴ്സാണിത്.
•ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി
ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പാദന രാജ്യമാണ് ഇന്ത്യ. ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മുന്നിലാണ്. ആധുനികവത്കരണത്തില്‍ പിറകിലേക്കുപോയ ഈ വ്യവസായം ഇന്ന് ആധുനികവത്കരണത്തിന്‍െറ പാതയിലാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദഗ്ധരെ ആവശ്യമുള്ള ഈ മേഖലയില്‍ പഠിച്ചിറങ്ങുന്നവര്‍ വളരെ കുറവായതിനാല്‍ എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്. കേരളത്തില്‍ എന്‍ട്രന്‍സ്വഴി പ്രവേശം ലഭിക്കും. 2015 മുതല്‍ 42 സീറ്റ് മാത്രമുണ്ടായിരുന്ന ഈ ബ്രാഞ്ചില്‍ മണ്ണുത്തി ഡെയറി സയന്‍സില്‍ 92 സീറ്റും പൂക്കോട് കാമ്പസില്‍ 40 സീറ്റും നെടുമങ്ങാട് ചെറ്റച്ചല്‍ കാമ്പസില്‍ 40 സീറ്റും അനുവദിച്ചു. എന്നാല്‍, തൊഴില്‍ ഉറപ്പാക്കുന്ന ഈ ബ്രാഞ്ചില്‍ കഴിഞ്ഞവര്‍ഷം 26 സീറ്റ് ഒഴിഞ്ഞുകിടന്നു. ഡെയറി സയന്‍സില്‍ ഇന്ന് ഡെയറി എന്‍ജിനീയറിങ്, ഡെയറി മൈക്രോബയോളജി, അനിമല്‍ ന്യൂട്രീഷന്‍, ഡെയറി എക്കണോമിക്സ്, അനിമല്‍ ജനറ്റിക്സ് ആന്‍റ് മാനേജ്മെന്‍റ് എന്നിവയില്‍ സ്പെഷലൈസേഷനും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുണ്ട്. പതിനായിരത്തിലധികം പേര്‍ പഠിച്ചിറങ്ങുന്ന ബ്രാഞ്ചുകളില്‍ ചേക്കേറാതെ ലിസ്റ്റില്‍ താഴെ വന്നാല്‍പോലും ചിലപ്പോള്‍ ഓപ്ഷന്‍ കൊടുത്താല്‍ ഡെയറി സയന്‍സ് ലഭിച്ചേക്കും. ദേശീയ സ്ഥാപനമായ ഹരിയാനയിലെ കര്‍ണാലിലെ നാഷനല്‍ ഡെയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്കും ഗവേഷണവും നടത്താം. വിദേശത്തും കരിയര്‍ ഉറപ്പാക്കാം.
•ലതര്‍ ടെക്നോളജി
ലതര്‍ ഉല്‍പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ പരിശീലനം നേടിയ യുവാക്കളുടെ അഭാവമാണ് ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി. രൂപകല്‍പനയും സാങ്കേതികവിദ്യയും കരസ്ഥമാക്കിയ ലതര്‍ ടെക്നോളജിക്കാര്‍ക്ക് പഠിച്ചിറങ്ങുമ്പോള്‍തന്നെ കരിയര്‍ ഉറപ്പാക്കാം. ലതര്‍ ടെക്നോളജിയുടെ ദേശീയ പരിശീലന സ്ഥാപനമായ സെന്‍ട്രല്‍ ലതര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി ഇവ ചെയ്യാം. കാണ്‍പൂരിലെ ഹര്‍കോര്‍ട്ട് ബട്ട്ലര്‍ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങളില്‍ ബിരുദകോഴ്സുകളുണ്ട്. ജോലി ഉറപ്പാക്കാവുന്ന ഈ ബിരുദങ്ങള്‍ക്ക് വിദേശത്തും ജോലി ലഭിക്കും.
•മെക്കട്രോണിക്സ്
പൂര്‍ണമായും ഇന്‍റര്‍ ഡിസിപ്ളിനറി ശാഖ. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ചേര്‍ന്ന ശാഖയായതിനാല്‍ കരിയര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍റാണെന്ന ധാരണ തിരുത്തുക. ഈ ബ്രാഞ്ചില്‍ പഠിക്കുന്നവര്‍ക്ക് മെക്കട്രോണിക്സ് ഡിപ്ളോമക്കാരോട് മത്സരിക്കേണ്ടിവരുന്നുണ്ട്. കമ്പനികള്‍ ഡിപ്ളോമക്കാരെ പരിഗണിക്കുന്നത് കുറഞ്ഞ ശമ്പളത്തിന് മികച്ച ജോലിയാകുന്നതിനാല്‍ പ്ളേസ്മെന്‍റ് നില മെക്കട്രോണിക്സില്‍ ആകര്‍ഷകമല്ല. ഉപരിപഠനത്തിനും വന്‍ സാധ്യതയില്ല. കരിയര്‍ നില ഭദ്രമാക്കാന്‍ എം.ടെക് കൂടി ചെയ്യേണ്ടിവരും. ചില എന്‍.ഐ.ടികളില്‍ എം.ടെക് കോഴ്സുണ്ട്. ബി.ടെക് കഴിഞ്ഞും പ്ളേസ്മെന്‍റ് ലഭിക്കാത്തവര്‍ക്ക് ഹൈദ്രാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂര്‍ ഡിസൈന്‍ എന്ന ദേശീയ സ്ഥാപനത്തില്‍ വിവിധ ഷോര്‍ട്ടേം കോഴ്സുകള്‍ ചെയ്ത് കരിയര്‍ ഉറപ്പാക്കാം. എം.ടെക് മെക്കട്രോണിക്സ്, എം.ടെക് ടൂര്‍ ഡിസൈന്‍ എന്നീ കോഴ്സുകളും വി.എല്‍.സി.ഐ, എംബഡഡ് സിസ്റ്റം തുടങ്ങിയ പ്രോഗ്രാമുകളും ലഭിക്കും. വിദേശത്തേക്കുള്ള ജോലിക്ക് കരിയര്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമും ഇവിടെ ലഭിക്കും. മെക്കട്രോണിക്സ് എടുക്കുന്നതിന് മുമ്പ് ചിന്തിക്കുക.
•പെട്രോളിയം എന്‍ജിനീയറിങ്
ക്രൂഡ്ഓയില്‍നിന്ന് എല്‍.പി.ജി ഗ്യാസ് മുതല്‍ ഡീസലും മണ്ണെണ്ണയും തുടങ്ങി പാരഫിന്‍ വാക്സ് വരെ ഒരു ഡസനിലധികം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായും പെട്രോളിയം എന്‍ജിനീയറിങ്. പഠനം മാത്രമല്ല, പെട്രോളിയം ഖനികളില്‍നിന്ന് പുറത്തെടുക്കുന്നതുമുതല്‍ വിവിധതരം പ്രോസസിങ് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പഠനത്തിലുണ്ട്. വിവിധതരം ഡ്രില്ലിങ് രീതികള്‍ ഡിസൈന്‍ ചെയ്യുകയും അവയെ മോണിറ്റര്‍ ചെയ്യുകയും ഇവരുടെ ജോലിയാണ്.
കേരളത്തില്‍ ഇല്ലാത്ത ബ്രാഞ്ചാണ് പെട്രോളിയം എന്‍ജിനീയറിങ്. രാജ്യത്ത് ഡെറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (UPES) മൂന്ന് പെട്രോളിയം സര്‍വകലാശാലകളില്‍ പഠിക്കാം. ബി.ടെക് കോഴ്സ് ചുരുക്കം ചില ഡീംഡ് സര്‍വകലാശാലകളിലും കോളജുകളിലുമുണ്ട്. ജിയോഫിസിക്സ്, ഹീറ്റ് ട്രാന്‍സ്ഫര്‍, മാസ്ട്രാന്‍സ്ഫര്‍, റിസര്‍വോയര്‍ റോക്സ് ആന്‍ഡ് ഫ്ളൂയിഡ് പ്രോപ്പര്‍ട്ടീസ്, വെല്‍ഡ്രില്ലിങ്, ഡ്രില്ലിങ് ഫ്ളൂയിഡ്സ് ആന്‍ഡ് സിമന്‍റിങ് ടെക്നിക്സ്, പെട്രോളിയം റിഫൈനിങ്, പെട്രോളിയം എക്വിപ്മെന്‍റ് ഡിസൈന്‍, പെട്രോളിയം ട്രാന്‍സ്പോര്‍ട്ടേഷന്‍, ജിയോ കെമിസ്ട്രി തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. പെട്രോളിയം എന്‍ജിനീയറിങ് കഴിഞ്ഞാല്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് മാനേജ്മെന്‍റില്‍ എം.ബി.എ ചെയ്യാം. ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ വിവിധ എം.ടെക് കോഴ്സുകള്‍ക്ക് പ്രവേശം ജി.എ.ടി.ഇ വഴി ലഭിക്കും. മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള ചുരുക്കം കോളജുകളില്‍ ഈ ബ്രാഞ്ച് എടുത്ത് പഠിക്കാം. ബി.ടെക് കൊണ്ട് ഇന്ത്യയിലും വിദേശത്തും കരിയര്‍ ഉറപ്പിക്കാം.
•ബയോ മെഡിക്കല്‍
ആരോഗ്യ സംരക്ഷണരംഗത്തെ സാങ്കേതിക വിദഗ്ധരാണിവര്‍. കേരളത്തിലെ ആദ്യ ബാച്ച് കൊച്ചിന്‍ യൂനിവേഴ്സിറ്റിയുടെ കീഴിലെ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് പുറത്തുവന്ന കാലത്തുള്ളത്ര ഡിമാന്‍റ് ഈ ബ്രാഞ്ചിനിപ്പോള്‍ ഇല്ല. ഉപരിപഠന സാധ്യതയും കുറഞ്ഞതോടെ കോഴ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്നാക്കുകയും ചെയ്തു. ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ നൂതന സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ തുടങ്ങിയ കോഴ്സ് ജോലി ഉറപ്പാക്കുമെങ്കിലും ആകര്‍ഷകമായ ശമ്പളമില്ലായ്മ പഠിച്ചിറങ്ങുന്നവരെ നിരാശരാക്കുന്നു. മാനുഫാക്ചറിങ് ആന്‍ഡ് സര്‍വിസ് കമ്പനികള്‍ സാധാരണ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ബിരുദക്കാരെയും പരിഗണിക്കുന്നതുകൊണ്ടാണിതെന്ന് പറയുന്നു. ഇന്‍റര്‍ ഡിസിപ്ളിനറി വിഷയമായതിനാല്‍ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, പത്തോളജി ആന്‍ഡ് മൈക്രോ ബയോളജി, ബയോ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക്സ്, വി.എല്‍.സി.ഐ ഡിസൈന്‍, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ്, മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ്, നാനോ ഇലക്ട്രോണിക്സ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് തുടങ്ങിയവയാണ് പൊതു വിഷയങ്ങള്‍ക്കുപുറമെ പഠിക്കേണ്ടത്. ചില ഐ.ഐ.ടികളില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് എടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്ളേസ്മെന്‍റ് ലഭിക്കും. സംസ്ഥാനത്ത് 180 സീറ്റാണ് ഈ ബ്രാഞ്ചിനുള്ളത്.
ഫോണ്‍: 9446192825
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.