വിദൂര വിദ്യാഭ്യാസം എന്ത്? എങ്ങനെ?
text_fieldsഎല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് ഇനിയും വിദൂര സ്വപ്നമായി ഇന്ത്യയില്‍ അവശേഷിക്കുന്നു. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സര്‍ക്കാര്‍ മുതല്‍ ഇപ്പോള്‍ ഭരണം നടത്തുന്ന സര്‍ക്കാര്‍ വരെ ഈ ഭഗീരഥ ലക്ഷ്യം കൈപ്പിടിയില്‍ എത്തിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ഈ കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയില്‍ അഭിമാനം തോന്നുന്ന നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യസമ്പാദനത്തിന് ഉതകുന്ന പല വിദ്യാഭ്യാസ പരീക്ഷണങ്ങളും രാജ്യത്താരംഭിച്ചിട്ടുണ്ട്. ഇതില്‍ വിപ്ളവകരമായ നടപടിയാണ് ഉന്നത വിദ്യാഭ്യാസതലത്തില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കിയ നടപടി. വിദൂര വിദ്യാഭ്യാസം (Distance Education) എന്ന വാക്കില്‍തന്നെ പദത്തിന്‍െറ അര്‍ഥം ഒളിഞ്ഞിരിപ്പുണ്ട്. ഈ വാക്കിലൂടെ അര്‍ഥമാക്കുന്നത് ഇതൊരു പ്രത്യേകതരം വിദ്യാഭ്യാസമാണ്, ഇതില്‍ കിലോമീറ്ററുകളുടെ അകലത്തില്‍ പ്രധാന വിഭവകേന്ദ്രത്തില്‍നിന്നും അധ്യാപകസംഘത്തില്‍നിന്നും തപാല്‍ മാര്‍ഗമോ മറ്റേതെങ്കിലും മാര്‍ഗത്തിലോ പാഠഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കത്തെിച്ചുകൊടുക്കുന്നു. വര്‍ഷാവസാനം പരീക്ഷ എഴുതി വിജയിക്കുന്നു. സര്‍ട്ടിഫിക്കറ്റ് പ്രസ്തുത സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുന്നു.
വിദൂരവിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ട് വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഡിസ്റ്റന്‍സ് എജുക്കേഷന്‍ ആന്‍ഡ് ഓപണ്‍ ലേണിങ്. രണ്ട് പദങ്ങളും ഒന്നിന് പകരമായി നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ഡിസ്റ്റന്‍സ് എജുക്കേഷന്‍ എന്ന പദം നടത്തപ്പെടുന്ന വിദ്യാഭ്യാസ വിതരണത്തിന്‍െറ രീതിയെ ആണ് സൂചിപ്പിക്കുന്നതെങ്കില്‍ ഓപണ്‍ ലേണിങ് ഈ പഠനക്രിയയുടെ തത്ത്വശാസ്ത്ര രൂപത്തെയാണ് വെളിവാക്കുക. ആയതിനാല്‍ സമീപകാലത്ത് നാം കാണുന്ന പ്രയോഗം ‘ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്’ (ODL) പ്രോഗ്രാംസ് എന്നാണ്.
ഡിസ്റ്റന്‍സ് എജുക്കേഷന്‍ രീതിയെന്നാല്‍ പരമ്പരാഗതമായി നാം കണ്ടും അനുഭവിച്ചും പോരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ്. വിദ്യാര്‍ഥി ശാരീരിക സാന്നിധ്യം നല്‍കി ഒരു പ്രത്യേക സ്ഥലത്ത് വട്ടംകൂടുന്നില്ല പഠനപ്രവര്‍ത്തനങ്ങള്‍ക്ക്. കൂടാതെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട വിജ്ഞാനം വിതരണംചെയ്യാനും വിശകലനം നടത്താനും അധ്യാപകനും അവന്‍െറ അരികിലില്ല. മറിച്ച് അവന്‍ സ്വാധീനമാക്കി എടുക്കേണ്ട പാഠഭാഗങ്ങള്‍ പ്രത്യേകം തയാറാക്കിയ പ്രിന്‍റഡ് മാറ്ററായോ സീഡി റോമുകളായോ റേഡിയോ, ടെലിവിഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ ഇന്‍റര്‍നെറ്റിന്‍െറ സൗകര്യം പ്രയോജനപ്പെടുത്തിയോ പഠിതാവിന്‍െറ വീടിന്‍െറ ഉമ്മറപ്പടിയില്‍ എത്തിക്കുന്നു എന്നതാണീ വിദൂര വിദ്യാഭ്യാസത്തിന്‍െറ ഏറ്റവും വലിയ സ്വീകാര്യ ഘടകം. ഇക്കാരണത്താല്‍ പഠിതാവിന് തന്‍െറ ജീവിതവൃത്തിയില്‍ ചെയ്യേണ്ടിവരുന്ന തൊഴിലുകളില്‍ തുടരാന്‍ കഴിയുന്നു. സമയത്തിന്‍െറ ലഭ്യത ഉപയോഗിച്ച് ചേരുന്ന കോഴ്സ് പഠിച്ച് പരീക്ഷക്ക് തയാറാകാനുള്ള സുവര്‍ണാവസരം ലഭിക്കുകയും ചെയ്യുന്നു.
1985ലാണ് ഇന്ത്യയില്‍ ഓപണ്‍ യൂനിവേഴ്സിറ്റി ഡിസ്റ്റന്‍സ് എജുക്കേഷന്‍ എന്ന സങ്കല്‍പം യാഥാര്‍ഥ്യമായത്. ഇതിന്‍െറ ഭാഗമായി കേന്ദ്ര മാനവശേഷി മന്ത്രാലയം ഇത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നടപ്പാക്കാനും നിയന്ത്രിക്കാനുമായി ‘ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സില്‍’ (DEC) ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി (IGNOU) ആക്ടിലൂടെ സ്ഥാപിച്ചു. ഇതുപ്രകാരം രാജ്യത്ത് നടക്കുന്ന എല്ലാ വിദൂരവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും കോഓഡിനേറ്റ് ചെയ്യേണ്ടതും നവീകരണങ്ങളും വിലയിരുത്തലുകളും കൈക്കൊള്ളേണ്ടതും ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സിലിന്‍െറ ചുമതലയാണ്.
എന്നാല്‍, 29.12.2012ല്‍ മാനവശേഷി വികസന മന്ത്രാലയത്തിന്‍െറയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറയും ശിപാര്‍ശപ്രകാരം ഇന്ത്യാ ഗവണ്‍മെന്‍റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രാജ്യത്താകമാനം നടക്കുന്ന വിദൂര വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനും നിലവാരം കാത്തുസൂക്ഷിക്കാനും കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള ചുമതല യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷനെ ഏല്‍പിച്ചു. തല്‍ഫലമായി ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍, ഈ മേഖലയില്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അവക്ക് അവശ്യം വേണ്ട ചട്ടങ്ങളും രൂപവത്കരിച്ച് തീരുമാനവും അംഗീകാരവും ലഭിക്കുന്നതുവരെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സില്‍ നടപ്പിലാക്കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ് രാജ്യത്ത് വിദൂരവിദ്യാഭ്യാസ പ്രവര്‍ത്തനം നടന്നുവരുന്നത്.
babu.mgu@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.