പറന്നുയരാം... സൗന്ദര്യമുള്ള ഭാവിയിലേക്ക്...
text_fields'ഭാവി'യുടെ നാടാണ് യു.എ.ഇ. ഐക്യരാഷ്ട്ര സഭയുടെ കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക കൂട്ടായ്മയായ യുനെസ്കോ, 'ലോക ഭാവി ദിന'മായി അംഗീകരിച്ചത് യു.എ.ഇയുടെ ദേശീയദിനമായ ഡിസംബർ രണ്ടാണ്. അതിനു കാരണമായത് കഴിഞ്ഞ 50 വർഷത്തെ യു.എ.ഇയുടെ അതിശയകരമായ മുന്നേറ്റവും ഭാവിയിലേക്ക് രാജ്യം രൂപപ്പെടുത്തിയ പദ്ധതികളുമാണ്. ഭാവിയിലേക്ക് പ്രതീക്ഷാ നിർഭരമായി മുന്നേറുന്ന ഓരോ വ്യക്തിക്കും നൂറായിരം സാധ്യതകളുടെ വാതിൽ തുറന്നിട്ടിരിക്കയാണ് ഈ രാജ്യം. അതിന് അതിർവരമ്പുകളില്ല. ലോകത്തിന്റെ ഏതുഭാഗത്തേയും അവസരങ്ങളിലേക്ക് ഇവിടെ നിന്ന് പറന്നുയരാനാകും.
പ്രവാസലോകം ദൈനംദിന വർത്തമാനങ്ങൾ അറിയുന്ന പ്രിയപ്പെട്ട 'ഗൾഫ് മാധ്യമം' ഭാവിയെ സുന്ദരമാക്കാൻ കൊതിക്കുന്ന തലമുറക്ക് വഴികാണിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയാണ് എജു കഫേ. ഈ വഴി കടന്നുപോയ നിരവധി പേർ തങ്ങളുടെ തുടർപഠന-കരിയർ മേഖലയിൽ ഉന്നതമായ നേട്ടങ്ങളിലേക്ക് വളർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും കോഡിങ്ങും അരങ്ങുകീഴടക്കിയ നവീന വിദ്യാഭ്യാസ രംഗത്തെയും അതിവിശാലമായ സാധ്യതകളെയും പരിചയപ്പെടുത്തിയാണ് 'എജു കഫേ'യുടെ ഏഴാം സീസണും നിങ്ങളിലേക്ക് എത്തുന്നത്. യു.എ.ഇയിലെയും ഇന്ത്യയിലെയും സർവകലാശാലകൾ ഉൾപ്പെടെ പ്രദർശനവുമായി ഇത്തവണയും രംഗത്തുണ്ട്. പ്രഗല്ഭരും അനുഭവസമ്പന്നരുമായ പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും പ്രഭാഷകരായി എത്തുന്നുമുണ്ട്.
തീർച്ചയായും വിദ്യാർഥികൾക്ക് ഭാവിയെ കുറിച്ച കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കുന്ന സെഷനുകളും പ്രദർശനങ്ങളുമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. പ്രതിസന്ധിയുടെ കാർമേഘങ്ങൾ ലോകം മുഴുവൻ നിറഞ്ഞ മഹാമാരിക്കാലം പിന്നിട്ട ആഹ്ലാദത്തോടെ പുതിയ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാൻ വിദ്യാർഥികൾക്ക് ഇതു പ്രചോദനമാകും. പുതിയ ഡിജിറ്റൽ കാലത്തെ അഭിമുഖീകരിക്കാൻ രക്ഷിതാക്കളെയും അധ്യാപകരെയും പ്രപ്തരാക്കുന്ന സെഷനുകളും ഒരുക്കിയിട്ടുണ്ട്. സംരഭകത്വവും സ്റ്റാർട്ടപ്പുകളും ലക്ഷ്യമിടുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന സംവാദവും പരിപാടിയുടെ സവിശേഷതയാണ്.
ഇത്തവണത്തെ എജുകഫേയിൽ ഇന്ത്യയുടെ മഹാനായ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിന്റെ പേരിൽ യുവപ്രതിഭകളെ ആദരിക്കുക കൂടി ചെയ്യുന്നുണ്ട്. 'നിങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, ഉറങ്ങാൻ നിങ്ങളെ അനുവദിക്കാത്തതാണ് സ്വപ്നം' എന്ന് പഠിപ്പിച്ച അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വാക്കുകളെ ഹൃദയത്തിൽ ചേർത്ത പുതുതലമുറക്ക് സൗന്ദര്യമുള്ള ഭാവിയിലേക്ക് പറന്നുയരാൻ അവസരമൊരുക്കുകയാണ് എജുകഫേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.