മനസ്സറിയുന്ന മുതുകാട്...
text_fieldsകുട്ടികൾക്കായി പ്രഫഷനൽ മാജിക്കിൽനിന്ന് വിടവാങ്ങിയയാളാണ് ഗോപിനാഥ് മുതുകാട്. മായാജാല പ്രകടനംകൊണ്ട് എന്നും കേരളത്തെ വിസ്മയിപ്പിച്ച ഈ മഹാപ്രതിഭ എജുകഫേയിലേക്കെത്തുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പുതുപാഠങ്ങളും പ്രചോദനവും പകർന്നുനൽകാനാണ്.
ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള അക്കാദമിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ മുതുകാട് ഉപേക്ഷിച്ചത്. കുട്ടികളുടെ നന്മക്കും ക്ഷേമത്തിനും വളർച്ചക്കുമായി ഒരുപാട് സ്വപ്നങ്ങളും പേറിനടക്കുന്നയാളാണ്. മനസ്സിന്‍റെ മായാജാലത്തിലൂടെ അവരെ അടുത്തറിയാനുള്ള കഴിവ് മുതുകാടിനുണ്ട്. അനുഭവത്തിൽനിന്നും പകർന്നു കിട്ടിയ ജീവിതപാഠങ്ങൾ പുതുതലമുറയിലേക്ക് കൈമാറാൻ ഒരിക്കലും മടിച്ചിട്ടില്ല. മാന്ത്രികമായ വാക്കുകളിലൂടെ കുട്ടികളുടെ മനസ്സിന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെക്കുമ്പോൾ, അത് രക്ഷിതാക്കൾക്കുള്ള മാർഗനിർദേശങ്ങൾ കൂടിയാകും. കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി മുതുകാടിനെ യുനിസെഫിന്‍റെ 'സെലിബ്രിറ്റി സപ്പോർട്ടറായി' പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടത്തിലേക്ക് എത്തിയത്.
മാജിക്കിലൂടെ വിദ്യാർഥികൾക്കിടയിൽ നിരവധി അവബോധ പ്രവർത്തനങ്ങൾ നടത്തി. ആത്മകഥ ഉൾപ്പെടെ ഒരുപിടി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റ് ആരംഭിച്ചതും മുതുകാടാണ്. കഴക്കൂട്ടത്ത് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് ഈ സ്ഥാപനം. കേരളത്തിലെ ആദ്യ മാജിക് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങിയ മുതുകാട് ഭിന്നശേഷി കുട്ടികൾക്കായി ലോകോത്തര സ്ഥാപനം നിർമിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി ടി.വി ഷോകളുടെ അവതാരകനാണ്. മജീഷ്യൻമാരുടെ ഓസ്കർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2019ൽ സാൻ ഫ്രാൻസിസ്കോ യൂനിവേഴ്സിറ്റി 21ാം നൂറ്റാണ്ടിലെ ലീഡറായി മുതുകാടിനെ തെരഞ്ഞെടുത്തു.
'Moulding minds magically' എന്ന വിഷയത്തിലാണ് അദ്ദേഹം എജുകഫേയിൽ കുട്ടികളോട് സംവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.