ഇഷ്ടപ്പെട്ട് പഠിക്കൂ, വിജയം ഉറപ്പ്
text_fieldsകോഴിക്കോട്: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് അംഗീകാരം നേടിയവർ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ മാധ്യമം എജുകഫെയിൽ എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
സ്പെഷൽ സ്കിൽ ഉണ്ടാക്കിയെടുക്കണം
ജീവിതത്തിൽ ഉയരങ്ങളിലെത്താൻ അക്കാദമിക അറിവുകൾക്കപ്പുറം സ്പെഷൽ സ്കിൽ വളർത്തിയെടുക്കണമെന്ന് ജർമനിയിലെ ലിൻഡോയിൽ ജൂൺ 30 മുതൽ ജൂലൈ അഞ്ചുവരെ നടക്കുന്ന നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനി അമൽ അബ്ദുറഹ്മാൻ.
പരീക്ഷകളിലെ മാർക്കും സ്കോറും കൊണ്ടു മാത്രം കാര്യമില്ല. നമ്മുടെ സ്കിൽ തിരിച്ചറിഞ്ഞ് വികസിപ്പിച്ചെടുക്കണം. വരാനിരിക്കുന്നത് എ.ഐയുഗമാണ് എന്ന് പറയുമ്പോഴും മനുഷ്യന്റെ ക്രിയാത്മകതക്ക് പകരം നിൽക്കാൻ ഒരു എ.ഐക്കും കഴിയില്ലെന്നും അമൽ വ്യക്തമാക്കി.
എവറസ്റ്റും കീഴടക്കും
നമുക്ക് ഒരു കുറവുണ്ടെങ്കിൽ അതിന്റെ ഇരട്ടി കഴിവുകൾ ഉണ്ടാവുമെന്നും ഇത് മനസ്സിലാക്കി മുന്നോട്ടുപോയാൽ ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും കേരള സർക്കാറിന്റെ ഉജ്ജ്വല ബാല്യം അവാർഡ് നേടിയ മുഹമ്മദ് ആസിം വെളിമണ്ണ. എവറസ്റ്റ് കീഴടക്കലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ആസിം പറഞ്ഞപ്പോൾ സദസ്സ് നിർത്താതെ കൈയടിച്ചു.
നല്ല ചിന്തകൾ ഉണ്ടാവണം. അപ്പോൾ നല്ല വാക്കുകളും നല്ല പ്രവൃത്തികളും ഉണ്ടാവും. ഇതിലൂടെ നല്ല മനുഷ്യനാവാൻ സാധിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ആസിം വ്യക്തമാക്കി.
അഭിരുചി മനസ്സിലാക്കി മുന്നേറുന്നിടത്താണ് വിജയം
മൊബൈൽ ഫോണിൽ റീലുകളും ട്രോളുകളും കണ്ട് സമയം കളയുന്നതിനിടക്ക് നമ്മുടെ അഭിരുചിയും സ്വപ്നങ്ങളും മറക്കരുതെന്നും അത് കണ്ടെത്തി സ്വപ്രയത്നത്തിലൂടെ പരിപോഷിപ്പിച്ചെടുക്കണമെന്നും ‘ഗംഗയുടെ വീട്’ സിനിമയിലെ താരവും കോഴിക്കോട് കൃസ്ത്യൻ കോളജ് ബിരുദ വിദ്യാർഥിനിയുമായ കെ. ദേവിക. നഷ്ടമായ സമയം പിന്നെ കിട്ടില്ല. അഭിരുചി മനസ്സിലാക്കി മുന്നേറുന്നിടത്താണ് വിജയം. പഠനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോവാനാണ് തന്റെ ആഗ്രഹമെന്നും ദേവിക പറഞ്ഞു.
ആസ്വദിച്ച് പഠിക്കണം
തുടർവിദ്യാഭ്യാസ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ ബാഹ്യസമ്മർദങ്ങൾക്കപ്പുറം നമുക്ക് അതിയായ ആഗ്രഹവും സ്വപ്നവും വേണമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനി അഫ്ര മുജീബ്. ലക്ഷ്യത്തിലെത്താൻ പല ത്യാഗങ്ങളും സഹിക്കേണ്ടിവരുമെങ്കിലും അത് സാക്ഷാത്കരിക്കുമ്പോൾ അതിനെക്കാൾ സംതൃപ്തി ലഭിക്കും. ആസ്വദിച്ച് പഠിക്കുമ്പോൾ ലക്ഷ്യത്തിലേക്കുള്ള വഴി എളുപ്പമാവുമെന്നും അഫ്ര തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കി.
കൃത്യമായ ആസൂത്രണം വേണം
വ്യാപാരത്തിലും മറ്റ് ഏത് മേഖലയിലും വിജയിക്കണമെങ്കിൽ കൃത്യമായ ആസൂത്രണം വേണമെന്ന് എ.ടി.സി ഇന്ത്യയുടെ എമർജിങ് എന്റർപ്രണർ പുരസ്കാരം നേടിയ യുവ സംരംഭകനും ഡി വൺ ബ്യൂട്ടി സോപ്പിന്റെ ഉടമയും ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രറ്റി മാനേജരുമായ സഫ്വാൻ ഹുസൈൻ വാഴക്കാട്. ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്താൽ വിജയം സുനിശ്ചിതമാണ്. പല ബിസിനസുകാരുടെയും വിജയവും പരാജയവും കൃത്യമായി വിലയിരുത്തിയായിരുന്നു തന്റെ യാത്രയെന്നും സഫ്വാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.