ഫിസിയോതെറപ്പി: പഠനവും തൊഴിലും
text_fieldsപരാമെഡിക്കൽ കോഴ്സുകൾ സാമൂഹിക അംഗീകാരവും മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയും നേടാനാകുന്നതിനൊപ്പം സാമൂഹിക സേവനത്തിനുള്ള വലിയ അവസരങ്ങളും തുറന്നുതരുന്നു. നഴ്സിങ്, ബി.ഫാം, ഫിസിയോതെറപ്പി തുടങ്ങിയ പരമ്പരാഗത ആേരാഗ്യ അനുബന്ധ പഠന ശാഖകൾക്കാണ് ഇന്നും ഏറിയ ഡിമാൻറും. വിവിധ തൊഴിലുകളിേലക്കു പ്രവേശിക്കാൻ പഠിതാവിനെ വലിയ അളവിൽ സഹായിക്കുന്ന പാരാമെഡിക്കൽ പഠന മേഖലയാണ് ഫിസിയോതെറപ്പി.
എന്താണ് ഫിസിയോതെറപ്പി
ശാരീരിക വൈകല്യങ്ങൾ, ശരീരത്തിെൻറ പ്രവർത്തനങ്ങളുടെ ക്രമമില്ലായ്മ, അംഗ വൈകല്യം, പക്ഷാഘാതം മുതലായ നാഡി സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ കൃത്യമായ ശാരീരിക വ്യായമങ്ങളിലൂടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യമാണ് ഫിസിയോതെറപ്പിയുടേത്. ആധുനികമായ വ്യായാമ ഉപകരണങ്ങൾ, ഇലക്ട്രോ തെറപ്പി, മഗ്നെറ്റോ തെറപ്പി എന്നിവയും പരമ്പരാഗതമായ തിരുമ്മൽ (Massage) വരെയുള്ള വിവിധങ്ങളായ രീതികൾ അവലംബിച്ച് രോഗിയെ പൂർണാരോഗ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് ഒരു ഫിസിയോതെറപ്പിസ്റ്റ് നിർവഹിക്കുന്നത്. ആയതിനാൽ, ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിപുലവും ആഴത്തിലുള്ളതുമായ വിഷയാനുബന്ധമായ അറിവുണ്ടാകണം. മനുഷ്യ ശരീരത്തെക്കുറിച്ചും അതിനുള്ളിലെ ആന്തരാവയവങ്ങളെക്കുറിച്ചും അസ്ഥികളുടെ പ്രേത്യകതകളെക്കുറിച്ചും അവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നതിനെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം.
അക്കാദമിക നൈപുണികൾ കൂടാതെ ഒരു ഫിസിയോതെറപ്പിസ്റ്റിനുണ്ടായിരിക്കേണ്ട ഗുണങ്ങളാണ് വ്യക്തികൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനുള്ള കഴിവ്, സഹാനുകമ്പ, ക്ഷമ, നീണ്ട സമയം ജോലി ചെയ്തുകൊണ്ടിരിക്കേണ്ടതിനാൽ വീഴ്ച വരാതെ അത് തുടർന്നുകൊണ്ടുപോകാനുള്ള ശാരീരിക ശക്തി.
നമ്മുടെ രാജ്യത്തെ സർവകലാശാലകളിൽ പ്രധാനമായും താഴെ പറയുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ‘ഫിസിയോതെറപ്പി’ പഠന രംഗത്ത് നടക്കുന്നത്. ബിരുദ നിലവാരത്തിലുള്ള കോഴ്സുകൾ പ്രധാനമായും രണ്ടു പേരുകളിലാണുള്ളത്. 1. ബാച്ലർ ഒാഫ് ഫിസിയോതെറപ്പി, 2. ബാച്ലർ ഇൻ ഫിസിക്കൽ തെറപ്പി.
ബിരുദാനന്തര പഠനത്തിനും ഫിസിയോതെറപ്പി മേഖലയിൽ പഠന സൗകര്യമുണ്ട്. മാസ്റ്റർ ഒാഫ് ഫിസിയോതെറപ്പി അഥവാ മാസ്റ്റർ ഒാഫ് ഫിസിക്കൽ തെറപ്പി ബിരുദ ബിരുദാനന്തര പഠനം കൂടാതെ ഇൗ വിഷയത്തിൽ പിഎച്ച്.ഡി ചെയ്യുന്നതിനുള്ള അവസരങ്ങളും വ്യത്യസ്ത സർവകലാശാലകൾ നൽകുന്നു.
ബിരുദ പ്രോഗ്രാമുകൾ
ബി.പി.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബിരുദ കോഴ്സ് പ്രഫഷനൽ കോഴ്സായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കുന്നത്. നാലു വർഷത്തെ കോഴ്സും ആറുമാസത്തെ ഇേൻറൺഷിപ്പുമാണുള്ളത്. ഇൗ പഠനകാലത്ത് പഠിതാവിന് മനുഷ്യ ശരീരത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ അറിവുകളും അവ വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി പഠിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു. കൂടാതെ താഴെ പറയുന്ന മേഖലകളിലും പഠിതാവിന് പരിചയം നേടേണ്ടതുണ്ട്.
അനാട്ടമി, -ഫിസിയോളജി, പാത്തോളജി, ഫാർമക്കോളജി, സൈക്കോളജി, ബയോമെക്കാനിക്സ്, ഡിസെബിലിറ്റി പ്രിവൻഷൻ, റീഹാബിലിറ്റേഷൻ ആൻഡ് മെഡിക്കൽ ആൻഡ് സർജിക്കൽ കണ്ടീഷൻസ്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു 50 ശതമാനം മാർക്കോടെ വിജയിച്ചിട്ടുണ്ടാകണം, ബയോളജിക്ക് മാത്രമായി 50 ശതമാനം മാർക്കും ഉണ്ടാകണം, ഇംഗ്ലീഷ് ഭാഷ പ്ലസ് ടു തലത്തിൽ പഠിച്ചിട്ടുണ്ടാകണം ^ഇവയാണ് ബി.പി.ടി കോഴ്സിന് പൊതുവെ വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ. വിവിധ സർവകലാശാലകൾ ഈ യോഗ്യതയിൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
ബി.പി.ടിക്ക് ശേഷം
ബി.പി.ടി പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് വേണമെങ്കിൽ ജോലിയിലേക്കും തിരിയാം. ഈ രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് രണ്ടു വർഷത്തെ എം.പി.ടി പഠനം നടത്താം. എം.പി.ടി പഠിക്കാൻ ഏതെങ്കിലും െഎച്ഛിക വിഷയം തെരഞ്ഞെടുക്കണം. ഫിസിയോതെറപ്പിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഗവേഷണ രംഗത്തേക്ക് തിരിയാം.
ബി.പി.ടി എം.പി.ടി പഠനാവസരമുള്ള സ്ഥാപനങ്ങൾ:
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ െമഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, മുബൈ
ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് എജുക്കേഷൻ ആൻഡ് റിസർച്, പാട്ന
ഡിപാർട്ട്മെൻറ് ഓഫ് ഫിസിയോതെറപ്പി, കസ്തൂർബ മെഡിക്കൽ കോളജ്, മംഗളൂരു
ഓൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ന്യൂഡൽഹി.
ഫാക്കൽറ്റി ഓഫ് മെഡിസിൻ, അണ്ണാമലൈ യൂനിവേഴ്സിറ്റി, തമിഴ്നാട്
മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ കൂടാതെ ദേശീയ പ്രാധാന്യത്തോടെ ഈ മേഖലയിൽ പഠന പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ വിവിധങ്ങളായ പാരാ മെഡിക്കൽ കോളജുകളിൽ ഫിസിയോതെറപ്പി കോഴ്സുകൾ നടക്കുന്നുണ്ട്.
തൊഴിലവസരങ്ങൾ
സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങൾ ഫിസിയോതെറപ്പി പാസായവർക്ക് ലഭിക്കും. വലിയ ആശുപത്രികളോട് ചേർന്നു പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെൻററുകൾ, സ്പോർട്സ് മെഡിസിനുമായി ബന്ധപ്പെട്ട മേഖലകൾ, ഫിറ്റ്നസ് സെൻററുകൾ എന്നിവിടങ്ങളിലെല്ലാം തൊഴിലവസരങ്ങളുണ്ട്. വിദേശരാജ്യങ്ങളിലും ഫിസിയോതെറപ്പിസ്റ്റുകൾക്ക് അവസരമുണ്ട്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിൽ ഫിസിയോതെറപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യാൻ നാഷനൽ ലൈസൻസിങ് പരീക്ഷ പാസാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.