ഗവ. കോളജുകളിൽ 232 ഒഴിവ്; പി.എസ്.സിക്ക് വിട്ടത് 87 മാത്രം
text_fieldsതിരുവനന്തപുരം: സർക്കാർ കോളജുകളിൽ 232 അധ്യാപക ഒഴിവുണ്ടെങ്കിലും പി.എസ്.സിക്ക് വിട്ടത് 87 എണ്ണം മാത്രം. ജോലിഭാരത്തിൽ മാറ്റം വന്നതിനാൽ വിരമിച്ചതുവഴിയോ അല്ലാതെയോ ഉണ്ടാകുന്ന സ്ഥിരം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
നിയമസഭയിൽ മന്ത്രി ഡോ.ആർ. ബിന്ദു രേഖാമൂലം നൽകിയ മറുപടിയിലാണ് ഒഴിവുകളുടെ എണ്ണവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത കണക്കുമുള്ളത്. 2020 ഏപ്രിൽ, മേയ് മാസങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളാണ് വിരമിച്ച ഒഴിവുകളിൽ പോലും നിയമനത്തിന് തടസ്സമാകുന്നത്.
മുഴുവൻ സ്ഥിരംഅധ്യാപക തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കുകയും പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളയുന്നതുമായിരുന്നു ഉത്തരവ്. 232 ഒഴിവിൽ പത്തെണ്ണം ട്രെയിനിങ് കോളജുകളിലാണ്. ഇതിൽ എട്ടെണ്ണം പി.എസ്.സിക്ക് വിട്ടിട്ടുണ്ട് എന്നാൽ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മ്യൂസിക് കോളജുകൾ എന്നിവിടങ്ങളിലെ 222 ഒഴിവുകളിൽ 79 എണ്ണമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ ഒഴിവുള്ളത് കോമേഴ്സിലാണ്; 27. ഇതിൽ ഒന്നു പോലും പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്സിൽ 24 ഒഴിവ്, ഒമ്പതെണ്ണം പി.എസ്.സിക്ക് വിട്ടു. ഫിസിക്സിൽ 14 ൽ ഒന്നുപോലും വിട്ടിട്ടില്ല. മലയാളത്തിൽ 11ഉം അറബി, ഹിന്ദി എന്നിവയിൽ 10 വീതവും ഒഴിവുണ്ടെങ്കിലും ഒരെണ്ണം പോലും നിയമനത്തിന് വിട്ടിട്ടില്ല. കെമിസ്ട്രിയിലെ എട്ടും സ്റ്റാറ്റിസ്റ്റിക്സിലെ 14ൽ അഞ്ചും ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചിട്ടില്ല.
ജോലിഭാരത്തിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് മൂന്നിലൊന്ന് അധ്യാപക തസ്തികകളാണ് ഇല്ലാതാക്കുക. 16 മണിക്കൂർ ജോലിഭാരമില്ലാത്ത തസ്തികകൾ പുനഃക്രമീകരിക്കാനാവുമോയെന്ന് പരിശോധിക്കുന്നെന്നാണ് മന്ത്രിയുടെ മറുപടി. മാറ്റം വരുത്തിയ ജോലിഭാരത്തിനനുസൃതമായി തസ്തികകളുടെ എണ്ണം നിശ്ചയിക്കാൻ സമയമെടുക്കും.
ഇതു റാങ്ക് പട്ടികയിലുള്ളവർക്ക് തിരിച്ചടിയാകും. പി.ജി അധ്യാപന വെയ്റ്റേജ് പുനഃസ്ഥാപിക്കാനും ഏക അധ്യാപക വിഷയങ്ങൾക്ക് 16 മണിക്കൂർ നിബന്ധന ഒഴിവാക്കാനുമുള്ള ശിപാർശകൾ അടങ്ങിയ സർക്കാർ സമിതി റിപ്പോർട്ട് ഇതുവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.