ഡിഫൻസ് സർവിസസിൽ 345 ഒഴിവുകൾ
text_fieldsപ്രതിരോധ സേന വിഭാഗങ്ങളിൽ വിവിധ കോഴ്സുകളിലേക്കുള്ള പരിശീലനത്തിനും നിയമനത്തിനുമായി ഫെബ്രുവരി ഏഴിന് യു.പി.എസ്.സി ദേശീയതലത്തിൽ നടത്തുന്ന കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ഓൺലൈനായി നവംബർ 17നകം സമർപ്പിക്കാം. ആകെ 345 ഒഴിവുകളാണുള്ളത്.
ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂണിൽ 2022 ജനുവരിയിലാരംഭിക്കുന്ന 152ാമത് (ഡി.ഇ) കോഴ്സിൽ 100 പേർക്ക് പരിശീലനം ലഭിക്കും. ഇതിൽ 13 ഒഴിവുകൾ ആർമി വിങ് എൻ.സി.സി 'സി' സർട്ടിഫിക്കറ്റുകാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിൽ (കണ്ണൂർ) 2022 ജനുവരിയിലാരംഭിക്കുന്ന എക്സിക്യൂട്ടിവ് (ജനറൽ സർവിസ്) /ഹൈഡ്രോ കോഴ്സ് പരിശീലനത്തിൽ 26 പേർക്ക് പ്രവേശനമുണ്ട്. (ഇതിൽ ഒഴിവുകൾ നേവൽ വിങ് എൻ.സി.സി-സി സർട്ടിഫിക്കറ്റുകാർക്കുള്ളതാണ്. എൻ.സി.സി സ്പെഷൽ എൻട്രി വഴിയാണ് പ്രവേശനം).
എയർഫോഴ്സ് അക്കാദമി, ഹൈദരാബാദിൽ 2022 ജനുവരിയിലാരംഭിക്കുന്ന പ്രീ-ഫ്ലൈയിങ് ട്രെയിനിങ് കോഴ്സിൽ 32 പേർക്ക് പ്രവേശനമുണ്ട്. എട്ട് ഒഴിവുകൾ എൻ.സി.സി-'സി' സർട്ടിഫിക്കറ്റ് (എയർവിങ്) ഉള്ളവർക്ക് സംവരണം ചെയ്തിരിക്കുന്നു.
ചെന്നൈയിലെ (മദ്രാസ്) ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2022 ഏപ്രിലിൽ ആരംഭിക്കുന്ന 115ാമത് എസ്.എസ്.സി (മെൻ) (എൻ.ടി) (യു.പി.എസ്.സി) കോഴ്സിൽ 170 പേർക്കാണ് അവസരം. 29ാമത് എസ്.എസ്.സി (വിമെൻ) കോഴ്സിൽ 17 വനിതകൾക്കും പ്രവേശനമുണ്ട്.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കും ബിരുദധാരികൾക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് എൻജിനീയറിങ് ബിരുദക്കാർക്കും അപേക്ഷിക്കാം.
എയർഫോഴ്സ് അക്കാദമിയിലേക്ക് ബിരുദക്കാർക്കും (പ്ലസ് ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം) എൻജിനീയറിങ് ബിരുദക്കാർക്കും അപേക്ഷിക്കാവുന്നതാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടിക്രമം അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം http://upsc.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ http://upsconline.nic.inൽ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. നവംബർ 17ന് വൈകീട്ട് ആറുമണി വരെ അപേക്ഷ സ്വീകരിക്കും.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലാണ് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.