മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്ക സംവരണം; കേസ് ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ഒരു ദിവസം നേരത്തെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ തുടർച്ചയായ രണ്ടാം ദിവസവും ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യാഴാഴ്ച പരിഗണിക്കുമെന്ന് അറിയിച്ച കേസ് ബുധനാഴ്ച കേൾക്കാമെന്ന് അറിയിച്ചത്. കേസ് പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാൻ കഴിയുമോയെന്ന് നോക്കുമെന്നും ഇല്ലെങ്കിൽ രണ്ടംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നീറ്റ് പി.ജി. കൗൺസലിങ് വൈകുന്നതിൽ റസിഡന്റ് ഡോക്ടർമാർ പ്രതിഷേധത്തിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡത്തിൽ ഇളവ് വരുത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽനിന്ന് വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം ഒഴിവാക്കിയാണ് വിദഗ്ധ സമിതി മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്. പ്രവേശന നടപടികൾക്കിടയിൽ മുന്നാക്ക സംവരണത്തിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ മാറ്റുന്നത് സങ്കീർണതകളുണ്ടാക്കുന്നതിനാൽ പുതിയ മാനദണ്ഡം അടുത്ത അധ്യയന വർഷം മുതലാണ് നടപ്പിലാക്കുക. ഈ വർഷം തൽസ്ഥിതി തുടരും. അതേസമയം കുടുംബത്തിന്റെ ഉയർന്ന വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ ആക്കിയത് സുപ്രീംകോടതി ചോദ്യം ചെയ്തുവെങ്കിലും തുടരുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.