വ്യോമസേനയിൽ അഗ്നിവീറാകാം
text_fieldsവ്യോമസേനയിൽ ‘അഗ്നിവീർവായു’ തസ്തികയിൽ 02/2025 ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 18ന് ആരംഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ എട്ടിന് രാവിലെ 11 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നാലുവർഷത്തേക്കാണ് നിയമനം.
യോഗ്യത: 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവരാകണം. 21 വയസ്സ് കവിയാൻ പാടില്ല. അവിവാഹിതരായിരിക്കണം. സേവന കാലയളവിൽ വിവാഹം പാടില്ല.
മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ് ടു മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഡിപ്ലോമ/മെട്രിക്കുലേഷൻ/ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
ശാസ്ത്രേതര വിഷയങ്ങളിൽ/സ്ട്രീമിൽ പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50 ശതമാനം മാർക്കിൽ കുറയാതെ വേണം.
ഉയരം പുരുഷന്മാർക്ക് 152.5 സെ.മീറ്ററിൽ കുറയാതെയും വനിതകൾക്ക് 152 സെ.മീറ്ററിൽ കുറയാതെയും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നെഞ്ചളവ് പുരുഷന്മാർക്ക് 77 സെ.മീറ്ററിൽ കുറയരുത്. വികാസശേഷി പുരുഷന്മാർക്കും വനിതകൾക്കും അഞ്ച് സെ.മീറ്ററിൽ കുറയാതെ വേണം. നല്ല കാഴ്ച/കേൾവിശക്തിയുണ്ടാകണം. വൈകല്യങ്ങൾ പാടില്ല. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, ശാരീരിക ക്ഷമത പരിശോധന, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദമായ സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ സൈനിക പരിശീലനം നൽകി നിയമിക്കും.
ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. തുകയുടെ 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. സേവനകാലാവധി പൂർത്തിയാക്കി പിരിഞ്ഞുവരുമ്പോൾ സേവാനിധിയായി 10.04 ലക്ഷം രൂപ നൽകുന്നതാണ്. ഗ്രാറ്റ്വിറ്റിയോ പെൻഷനോ ലഭിക്കില്ല.
എയർമെൻ തസ്തികയിൽ സ്ഥിരം ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സേവനമികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് സ്ഥിരനിയമനത്തിന് അർഹതയുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.