വ്യോമസേനയിൽ അഗ്നിവീർ
text_fieldsവ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോമ്പാറ്റന്റ്/സ്പോർട്സ് (01/2025) തസ്തികകളിലേക്ക് അപേക്ഷിക്കാം. നിയമനം നാലുവർഷത്തേക്കാണ്. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://agnipathvayu.cdac.inൽ. അഗ്നിവീർ വായു നോൺ കോമ്പാറ്റന്റ് തസ്തികക്കുള്ള അപേക്ഷാഫോറവും ഇൻഫർമേഷൻ ബ്രോഷറും വെബ്സൈറ്റിലുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഉയരം 152 സെ.മീറ്റർ. നെഞ്ചളവിൽ അഞ്ചു സെ.മീറ്റർ വികാസശേഷിയുണ്ടാവണം. പ്രായപരിധി 21 വയസ്സ്. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരമുണ്ടാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലേക്കാണ് നിയമനം. തിരുവനന്തപുരം, കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 78 എയർഫോഴ്സ് ഓഫിസുകളിലാണ് അപേക്ഷിക്കാവുന്നത്. അപേക്ഷ സ്വീകരിക്കുന്ന എയർഫോഴ്സ് ഓഫിസുകളുടെ മേൽവിലാസം വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലുമൊരു ഓഫിസിലേക്ക് മാത്രം അപേക്ഷ നൽകിയാൽ മതി. സെപ്റ്റംബർ രണ്ടുവരെ അപേക്ഷ സ്വീകരിക്കും. കേരളത്തിൽ ഹോസ്പിറ്റാലിറ്റി സ്ട്രീമിലാണ് അവസരം. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ശമ്പളം ഒന്നാം വർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ. 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. കാലാവധി പൂർത്തിയാവുമ്പോൾ 10.04 ലക്ഷം രൂപ ലഭിക്കും.
അഗ്നിവീർ വായു (സ്പോർട്സ്) തസ്തികയിലേക്ക് മികച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, സൈക്കിൾ പോളോ, ക്രിക്കറ്റ്, ഫുട്ബാൾ, സൈക്ലിങ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, ഹോക്കി, ലാൻ ടെന്നിസ്, സ്ക്വാഷ്, സ്വിമ്മിങ്/ഡൈവിങ്, കബഡി, ഷൂട്ടിങ്, വോളിബാൾ, വാട്ടർപോളോ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, വുഷു എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാകണം.
മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളടക്കം പ്ലസ്ടു/ഹയർ സെക്കൻഡറി/ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ വിജയിക്കണം. ഇംഗ്ലീഷിനും 50 ശതമാനം മാർക്ക് വേണം. ശാസ്ത്രേതര വിഷയങ്ങളിൽ പ്ലസ്ടു പാസായവരെയും പരിഗണിക്കും. 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) നേടിയവർക്കും അപേക്ഷിക്കാം. പ്രായപരിധി 21 വയസ്സ്. ഓൺലൈനായി ആഗസ്റ്റ് 29 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.