ഏത് സർവകലാശാല 'ഡിഗ്രി'ക്കാർക്കും ഇനി കൃഷി ഓഫിസറാകാം
text_fieldsതൃശൂർ: ഇനിമുതൽ കൃഷി ഓഫിസറാകാൻ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൃഷിയിലോ ഹോർട്ടിക്കൾച്ചറിലോ ലഭിക്കുന്ന ബി.എസ്സി ബിരുദം മതിയാകും.
ഇക്കഴിഞ്ഞ 12ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനപ്രകാരം കൃഷിവകുപ്പ് സാങ്കേതിക ജീവനക്കാരുടെ സ്പെഷൽ റൂൾസ് നടപ്പായി. കൃഷി ഓഫിസറാകുന്നതിന് നിലവിൽ ഏതെങ്കിലും കാർഷിക സർവകലാശാലയിൽനിന്നുള്ള നാലു വർഷ കൃഷി / ഹോർട്ടിക്കൾച്ചർ ബിരുദമായിരുന്നു യോഗ്യത.
പുതിയ വിജ്ഞാപനത്തോടെ കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളുടേയും മറ്റു സർവകലാശാലകളുടെയും കൃഷിബിരുദങ്ങൾക്ക് അംഗീകാരമായി.
കേരളത്തിൽ മണ്ണുത്തി വെള്ളാനിക്കര, തിരുവനന്തപുരം വെള്ളായണി, വയനാട് അമ്പലവയൽ, കാസർകോട് പടന്നക്കാട് എന്നിവിടങ്ങളിലെ കാർഷിക കോളജുകളിലാണ് കൃഷി/ഹോർട്ടികൾച്ചർ ബിരുദ കോഴ്സുകളുള്ളത്. ഇവിടങ്ങളിലാവട്ടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ എൻട്രൻസിലൂടെ പ്രവേശനം ലഭിച്ചാണ് പഠിച്ച് പുറത്തിറങ്ങുന്നത്.
കേരളത്തിലെ സിലബസ് പോലും ഐ.സി.എ.ആർ ഉൾപ്പെടുത്തിയതാണ്. നൂറുകണക്കിന് സ്വകാര്യ കാർഷിക കോളജുകളാണ് കൂണുപോലെ വിവിധ സംസ്ഥാനങ്ങളിൽ സമീപകാലത്ത് ആരംഭിച്ചിട്ടുള്ളത്. അവരുടെ ബിരുദം അംഗീകരിക്കുന്നതോടെ കേരളത്തിലെ കാർഷിക സർവകലാശാലയിൽ പഠിച്ചിറങ്ങുന്ന കുട്ടികളുടെ തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കും.
എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസത്തിന് ഉപരിയായി പ്രകൃതി, കൃഷി, കാലാവസ്ഥ, ഭൂജൈവികാവസ്ഥ എന്നിവ ഓരോ സംസ്ഥാനത്തും വൈവിധ്യമാർന്നതാണ്.
തമിഴ്നാടിെൻറയോ അസാമിെൻറയോപോലുള്ള കാലാവസ്ഥയും കൃഷിയും കാർഷികരീതിയുമല്ല കേരളത്തിലേത്. ഇങ്ങനെ ഏത് തലമെടുത്താലും വൈവിധ്യങ്ങളുണ്ട്. പിൻവാതിൽ നിയമനവിവാദം മുറുകുന്നതിനിടെയാണ് സ്വകാര്യമേഖലക്കുവേണ്ടി സംസ്ഥാനസർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.