യുവ പ്രഫഷനൽ പദ്ധതിയിൽ രണ്ടു വർഷ വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി
text_fieldsലണ്ടൻ: ഇന്ത്യയും യു.കെയും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ യുവ പ്രഫഷനൽ പദ്ധതിയിൽ (വൈ.പി.എസ്) വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയിൽനിന്നുള്ള ബിരുദധാരികൾക്ക് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമീഷനിലും ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിലുമാണ് വിസ അപേക്ഷ സ്വീകരിക്കുന്നത്. ഇന്ത്യയിലെയും യു.കെയിലെയും പൗരന്മാരായ 18-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് രണ്ടു വർഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരമാണ് ലഭിക്കുക.
ഇന്തോനേഷ്യയിൽ 2020 നവംബറിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും യുവ പ്രഫഷനലുകൾക്ക് വിസ അനുവദിക്കുന്നത്.
ബിരുദധാരികളായിരിക്കണം, 30 ദിവസത്തേക്ക് അക്കൗണ്ടിൽ 2.5 ലക്ഷം രൂപ ഉണ്ടായിരിക്കണം എന്നതടക്കം വ്യവസ്ഥകളാണ് വിസ അപേക്ഷക്കുള്ളത്. 720 പൗണ്ടാണ് (ഏകദേശം 72,000 രൂപ) വിസ അപേക്ഷ ഫീസ്. 2400 ഇന്ത്യക്കാർക്കാണ് ബ്രിട്ടനിലേക്ക് വിസ അനുവദിക്കുക.
യുവ പ്രഫഷനൽ പദ്ധതി ലണ്ടനിലും ഡൽഹിയിലും ഒരേസമയമാണ് ആരംഭിച്ചതെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷണർ വിക്രം ദൊരൈസ്വാമി പറഞ്ഞു. യു.കെ വിസ ലഭിക്കുന്നവർ ആറു മാസത്തിനകം യാത്രചെയ്തിരിക്കണം. പ്രതിരോധം, മനുഷ്യാവകാശം അടക്കം ചില സുപ്രധാന മേഖലകളിൽ ജോലി ചെയ്യാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.