സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്ന മുറക്ക് അധ്യാപക നിയമനം -മന്ത്രി
text_fieldsതിരുവനന്തപുരം: അധ്യാപക നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സ്കൂളുകൾ തുറക്കാനുള്ള സാഹചര്യമാകാത്തതിനാലാണ് സേവനത്തിൽ പ്രവേശിക്കാൻ സാധിക്കാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശംകൂടി കണക്കിലെടുത്താണ് നിയമനം ലഭിച്ചവർക്ക് സ്കൂളുകൾ തുറന്നുപ്രവർത്തനം ആരംഭിക്കുന്ന മുറക്ക് സേവനത്തിൽ പ്രവേശിക്കാമെന്ന് നിർദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് പ്രധാനാധ്യാപകൻ, അനധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്കൂൾ തുറക്കുന്ന മുറക്ക് മാത്രമേ നടത്താൻ സാധിക്കൂ. സർക്കാർ മേഖലയിൽ, ഹയർ സെക്കൻഡറിയിൽ ഉൾപ്പെടെ 2513 പേർക്ക് അധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്. 788 പേർക്ക് അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശിപാർശ നൽകി. ഇക്കാലയളവിൽ എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങൾ അംഗീകാരത്തിനായി സമർപ്പിച്ചിട്ടിട്ടുണ്ട്.
സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് മാത്രമേ ഇൗ നിയമനങ്ങളിലെ തുടർനടപടിയും സ്വീകരിക്കാൻ സാധിക്കൂ. പ്രഥമാധ്യാപകരുടെ കാര്യത്തിൽ ഇതുസംബന്ധിച്ച കേസ് അവസാനിപ്പിച്ചാൽ ഉടൻ നിയമന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.