െഎസറിൽ ബി.എസ്, എം.എസ് പ്രവേശനം
text_fieldsശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്ക് ഐസറുകളിൽ ബി.എസ്-എം.എസ് പ്രവേശനം നേടാം. ഇന്ത്യയൊട്ടാകെ ഏഴ് െഎസറുകളാണുള്ളത്. 1849 പേർക്ക് അഡ്മിഷൻ ലഭിക്കും. കേരളത്തിലെ ഏക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് തിരുവനന്തപുരത്ത് വിതുരയിലാണ്. ഇവിടെ 280 സീറ്റുകളുണ്ട് (www.iisertvm.ac.in).
മറ്റ് ഐസറുകളും സീറ്റുകളും: തിരുപ്പതി 181, മൊഹാലി 244, പുണെ 288, ഭോപാൽ 252, ബെർഹാംപുർ 256, കൊൽക്കത്ത 233. ഐസർ ഭോപാലിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) കോഴ്സുമുണ്ട്. എൻജിനീയറിങ് സയൻസ്, ഇക്കണോമിക് സയൻസ് സ്ട്രീമുകളിലായി യഥാക്രമം 73, 42 സീറ്റുകൾ വീതം ലഭ്യമാണ്. പഞ്ചവത്സര ബി.എസ്-എം.എസ് കോഴ്സിൽ മൊത്തം 1734 സീറ്റുകളാണുള്ളത്.
ഏഴ് ഐസറുകൾക്കുംകൂടി പൊതുവായ പ്രവേശന നടപടിക്രമമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iiseradmission.inൽ ലഭിക്കും.
കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY), ഐ.ഐ.ടി-ജെ.ഇ.ഇ അഡ്വാൻസ്ഡ്, SCB (സ്റ്റേറ്റ് & സെൻട്രൽ ബോർഡ് പ്ലസ്ടു എക്സാമിനേഷൻ) എന്നീ മൂന്ന് ചാനലുകൾ വഴിയാണ് പ്രവേശനം. 60 ശതമാനം മാർക്കോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
KVPY, SCB ചാനലുകൾ വഴി പ്രവേശനം തേടുന്നവർ ജൂലൈ ഒന്നു മുതൽ രജിസ്റ്റർ ചെയ്യണം. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്. SCB ചാനൽ വഴി പ്ലസ് ടു അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾ ദേശീയതലത്തിൽ സെപ്റ്റംബർ 17 വെള്ളിയാഴ്ച നടത്തുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ NCERT പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ 14 ജില്ല ആസ്ഥാനങ്ങളിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ അഞ്ചു പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.