സർക്കാറിനോട് ഉദ്യോഗാർഥികൾ; ‘സ്മാർട്ട് മീറ്റർ ഇല്ലെങ്കിൽ ഞങ്ങൾക്ക് ജോലി തരൂ’
text_fieldsതിരുവനന്തപുരം: തൊഴിലാളി യൂനിയനുകളുടെയും പോളിറ്റ് ബ്യൂറോയുടെയും എതിർപ്പിനെ തുടർന്ന് സ്മാർട്ട് മീറ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബിയും പിന്നാക്കം പോയതോടെ മരവിപ്പിച്ചുനിർത്തിയിരുന്ന മീറ്റർ റീഡർ/സ്പോട്ട് ബില്ലർ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ എട്ടു മാസം മാത്രം ബാക്കി നിൽക്കെ, ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച ഒഴിവുകളിലേക്കെങ്കിലും നിയമനം ആവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് കെ.എസ്.ഇ.ബി മാനേജ്മെന്റിനെയും സർക്കാറിനെയും സമീപിച്ചു.
പി.എസ്.സി 2014 നാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനമിറക്കിയത്. 2016ൽ പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ അഞ്ചുവർഷം വേണ്ടിവന്നു. പരീക്ഷ നടത്തുമ്പോൾ 1721 ഒഴിവുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2019ൽ 799 എണ്ണം വെട്ടിക്കുറച്ചു.
പിന്നീട്, തസ്തികകൾ അഴിച്ചുപണിതതോടെ ഒഴിവുകൾ 436 ആയി ചുരുങ്ങി. 2021 മാർച്ച് 19ന് ഇറങ്ങിയ ലിസ്റ്റിൽ 600 പേരെയാണ് മുഖ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള താമസം കണക്കിലെടുത്ത് 436 പേരെ അടിയന്തരമായി നിയമിക്കുമെന്ന് 2020ൽ 100 ദിന കർമപരിപാടിയുടെ ഭാഗമായി അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി നിലവിലെ ഒഴിവിന്റെ 50 ശതമാനമായി 218 പേർക്ക് 2022 ജനുവരിയിൽ പി.എസ്.സി നിയമന ശിപാർശ അയച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതോടെ ബാക്കി 218 ഒഴിവുകളിൽ നിയമനം മാറ്റിവെച്ചു. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതോടെ മീറ്റർ റീഡർമാരുടെ ആവശ്യമില്ലെന്ന കെ.എസ്.ഇ.ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ, സ്ഥാനക്കയറ്റം വഴിയുണ്ടായ 31 ഒഴിവുകളിലേക്കും റാങ്ക് ലിസ്റ്റിലുള്ളവർ തഴയപ്പെട്ടു. മീറ്റർ റീഡർമാരെ ആവശ്യമുണ്ടായിട്ടും ദിവസ വേതനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.
കുറഞ്ഞത് ഐ.ടി.ഐ യോഗ്യതയുള്ളവരാണ് റാങ്ക് ലിസ്റ്റിലുള്ളത്. സ്മാർട്ട് മീറ്റർ സ്ഥാപിച്ചാലും കേരളത്തിലെ 776 സെക്ഷൻ ഓഫിസുകളിൽ മീറ്ററിന്റെ മെയിന്റനൻസ്, ഇൻസ്പെക്ഷൻ ജോലികൾക്ക് ഇവരെ ഉപയോഗിക്കാം. റാങ്ക് ലിസ്റ്റിലെ ഭൂരിഭാഗം പേരുടെയും പ്രായം മറ്റൊരു പരീക്ഷ എഴുതാൻ കഴിയാത്ത വിധം അതിക്രമിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.