കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ ഡിസംബർ 15ന്
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സെൻട്രൽ തിബത്തൻ സ്കൂളുകൾ, കേന്ദ്ര ഭരണപ്രദേശങ്ങളായ ചണ്ഡിഗഢ്, ദാദ്ര- നാഗർഹവേലി, ഡാമൻ ഡ്യൂ, അന്തമാൻ-നികോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്കൂളുകളിലും മറ്റും ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) 2024 ഡിസംബർ 15ന് ദേശീയതലത്തിൽ നടത്തും.
രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. രണ്ടാമത്തെ പേപ്പർ രാവിലെ 9.30 മുതൽ 12മണിവരെയും ഒന്നാമത്തെ പേപ്പർ 2.30 മുതൽ അഞ്ചു മണിവരെയുമാണ്. വിശദവിവരങ്ങളടങ്ങിയ പരീക്ഷ വിജ്ഞാപനം https://ctet.nic.in/ ൽ. സി.ബി.എസ്.ഇ ഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഫീസ് ഒറ്റപേപ്പറിന് 1000 രൂപ. രണ്ട് പേപ്പറുകൾക്കും കൂടി 1200 രൂപ മതി. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500 രൂപ, 600 രൂപ എന്നിങ്ങനെ മതിയാകും. ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്. ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
സി.ടെറ്റിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സൈറ്റിൽ നിന്ന് ലഭിക്കും. ‘സി.ടെറ്റ്’ പരീക്ഷാ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. ഒന്നുമുതൽ അഞ്ചു വരെ ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് പേപ്പർ ഒന്നിലും ആറുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് പേപ്പർ രണ്ടിലും യോഗ്യത നേടണം.
ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 150 ചോദ്യങ്ങളുണ്ടാവും. 150 മാർക്കിനാണിത്. പരീക്ഷക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഉർദു അടക്കം 20 ഭാഷകളിൽ രണ്ടെണ്ണം തെരഞ്ഞെടുക്കാം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മുൻഗണനാക്രമത്തിൽ നാല് വ്യത്യസ്തമായ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ടെസ്റ്റിൽ 60 ശതമാനത്തിൽ കുറയാതെ സ്കോർ നേടുന്നവർക്കാണ് വിജയം. നെഗറ്റിവ് മാർക്ക് ഉണ്ടാകില്ല. സ്കോർ മെച്ചപ്പെടുത്തുന്നതിന് എത്രതവണ വേണമെങ്കിലും ടെസ്റ്റ് എഴുതാം. ‘സിടെറ്റ്’ സർട്ടിഫിക്കറ്റിന് അധ്യാപക നിയമനത്തിനായി ജീവിതകാലം വരെ പ്രാബല്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.