പ്രതിരോധ സേനയിൽ ഓഫിസറാകാൻ പ്ലസ് ടുകാർക്ക് അവസരം
text_fieldsപ്രതിരോധ സേനകളിൽ െലഫ്റ്റനൻറ് പദവിയിൽ ഓഫിസറാകാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. 400 ഒഴിവുകളാണുള്ളത്. (ആർമി 208, നേവി 42, എയർഫോഴ്സ് 120, നേവൽ അക്കാദമി 30). യു.പി.എസ്.സി സെപ്റ്റംബർ അഞ്ചിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) നേവൽ അക്കാദമി പരീക്ഷ വഴിയാണ് സെലക്ഷൻ. 148ാമത് എൻ.ഡി.എ കോഴ്സിലേക്കും 110ാമത് നേവൽ അക്കാദമി കോഴ്സിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2022 ജൂലൈ രണ്ടിന് പരിശീലനം തുടങ്ങും.
നേവൽ അക്കാദമി കാഡറ്റുകൾക്ക് ഏഴിമല നാവിക അക്കാദമിയിലും ആർമി കാഡറ്റുകൾക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമി ഡറാഡൂണിലും എയർഫോഴ്സ് കാഡറ്റുകൾക്ക് എയർഫോഴ്സ് അക്കാദമി ഹൈദരാബാദിലും ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ സ്ട്രീമുകാർക്ക് എയർഫോഴ്സ് ടെക്നിക്കൽ കോളജ് ബംഗളൂരുവിലും പരിശീലനം നൽകും.
എയർഫോഴ്സ് കാഡറ്റുകൾക്ക് ഒന്നരവർഷത്തെ ഫ്ലയിങ് പരിശീലനവും ഉണ്ടാകും. പ്രതിമാസം 56,100 രൂപയാണ് സ്റ്റൈപ്പൻറ്. അക്കാദമിക് പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ബി.ടെക്/ബി.എസ്സി/ബി.എ ബിരുദങ്ങൾ ഡൽഹി ജെ.എൻ.യു സമ്മാനിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് െലഫ്റ്റനൻറ്/സബ് െലഫ്റ്റനൻറ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമനം ലഭിക്കുന്നതാണ്. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും.
നാഷനൽ ഡിഫൻസ് നേവൽ അക്കാദമി രണ്ടാമത്തെ യു.പി.എസ്.സി പരീക്ഷ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. ഫീസ് 100 രൂപ. പട്ടികജാതി/വർഗ വിഭാഗത്തിന് ഫീസില്ല.
എൻ.ഡി.എ ആർമി വിഭാഗത്തിലേക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. എയർഫോഴ്സ്, നേവൽ അക്കാദമി വിഭാഗങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചിരിക്കണം.
ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അക്കാദമിക് മികവുള്ള ചുണക്കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 2003 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://upsconline.nic.inൽ ജൂൺ 29നകം സമർപ്പിക്കണം.
യു.പി.എസ്.സി പരീക്ഷക്ക് കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. ഇതിൽ യോഗ്യത നേടുന്നവരെ SSB ടെസ്റ്റ്/ഇൻറർവ്യൂ, വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.