വ്യോമസേനയിൽ കമീഷൻഡ് ഓഫിസർ; ഒഴിവുകൾ 304
text_fieldsവ്യോമസേനയിൽ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ഓഫിസറാകാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) 02/2024/എൻ.സി.സി സ്പെഷൽ എൻട്രി വഴിയാണ് സെലക്ഷൻ. പരിശീലന കോഴ്സുകൾ 2025 ജൂലൈയിലാരംഭിക്കും. 304 ഒഴിവുകളാണുള്ളത്. വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകളിൽ.
ബ്രാഞ്ചുകളും ഒഴിവുകളും: അഫ്കാറ്റ് എൻട്രി-ഫ്ലൈയിങ് ബ്രാഞ്ച് - പുരുഷന്മാർ 18, വനിതകൾ 11 (ഷോർട്ട് സർവീസ് കമീഷൻ); ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) പുരുഷന്മാർ എ.ഇ (എൽ) 88, എ.ഇ (എം) 36, വനിതകൾ എ.ഇ (എൽ) 23, എ.ഇ (എം) 9. ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) പുരുഷന്മാർ-വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച് 14, അഡ്മിൻ 43, എൽ.ജി.എസ് 13, അക്കൗണ്ട്സ് 10, എജുക്കേഷൻ 7, മെറ്റ് 8. വനിതകൾ - വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച് 3, അഡ്മിൻ 11, എൽ.ജി.എസ് 4, അക്കൗണ്ട്സ് 2, എജുക്കേഷൻ 2, മെറ്റ് 2.
എൻ.സി.സി സ്പെഷൽ എൻട്രി വഴി ഫ്ലൈയിങ് ബ്രാഞ്ചിൽ സി.ഡി.എസ്.ഇ ഒഴിവുകളുടെ 10 ശതമാനം സീറ്റുകളിലും അഫ്കാറ്റ് ഒഴിവുകളുടെ 10 ശതമാനം സീറ്റുകളിലും നിയമനം ലഭിക്കും.
ഫ്ലൈയിങ് ബ്രാഞ്ച് ഷോർട്ട് സർവീസ് കമീഷൻ ഓഫിസർമാരുടെ സേവന കാലയളവ് 14 വർഷമാണ്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) എസ്.എസ്.സി ഓഫിസർമാരുടെ കാലാവധി 10 വർഷമാണെങ്കിലും സേവനമികവ് പരിഗണിച്ച് നാലുവർഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. അതേസമയം മെറിറ്റടിസ്ഥാനത്തിൽ അനുയോജ്യരായവരെ പെർമനന്റ് കമീഷന് പരിഗണിക്കും.
ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-24 വയസ്സ് വരെയും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ,'നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 20-26 വയസ്സുവരെയും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദക്കാർക്കാണ് അവസരം. ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് പ്രാബല്യത്തിലുള്ള അംഗീകൃത കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് പ്രായപരിധി 26 വയസ്സാണ്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. മേയ് 30 മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർഫോഴ്സ് അക്കാദമി ഹൈദരാബാദിൽ 2025 ജൂലൈ ആദ്യവാരം പരിശീലനം തുടങ്ങും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ വിഭാഗങ്ങൾക്ക് 62 ആഴ്ചത്തെയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ വിഭാഗത്തിന് 52 ആഴ്ചത്തെയും പരിശീലനമാണ് ലഭിക്കുക. പരിശീലനം പൂർത്തിയാക്കുന്നവരെ ഫ്ലൈയിങ് ഓഫിസർ പദവിയിൽ 56100-177500 രൂപ ശമ്പളനിരക്കിൽ കമീഷൻഡ് ഓഫിസറായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.