കേന്ദ്ര സായുധ പൊലീസ് സേനകളിൽ കോൺസ്റ്റബിൾ/റൈഫിൾമാൻ; 39481 ഒഴിവുകൾ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കും മറ്റും കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), ആസാം റൈഫിൾസിൽ റൈഫിൾമാൻ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സേനാ വിഭാഗങ്ങളിലായി നിലവിൽ 39,481 ഒഴിവുകളുണ്ട്. 2025 ജനുവരി-ഫെബ്രുവരിയിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും മറ്റും അടിസ്ഥാനത്തിലാണ് സെലക്ഷൻ.
മലയാളം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു അടക്കം 13 ഭാഷകളിൽ പരീക്ഷ നടത്തും. കേരളം, കർണാടകം, ലക്ഷദ്വീപ് നിവാസികൾക്ക് എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, ഉഡുപ്പി, ഹബ്ബാളി, ഷിമോഗ, മൈസൂരൂ, മംഗ്ലൂരു, ഗുൽബർഗ്ഗ, ബെൽഗമി, ബംഗളൂരു പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാം.
യോഗ്യത: 1.1.2025 നകം എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-23 വയസ്സ്. 2002 ജനുവരി രണ്ടിന് മുമ്പോ 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ അപേക്ഷിക്കാം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. കേന്ദ്ര സായുധ പൊലീസ് സേനകളിലും ആസാം റൈഫിൾസിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശം/മേഖലാ അടിസ്ഥാനത്തിലാണ് ഒഴിവുകൾ. അതാത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവർ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് ഓൺലൈനായി ഒക്ടോബർ 14 നകം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 100 രൂപ വനിതകൾ, എസ്.സി,എസ്.ടി, വിമുക്തഭട വിഭാഗക്കാർക്ക് ഫീസില്ല. ഒക്ടോബർ 15 വരെ ഫീസ് അടക്കം.
എൻ.സി.സി സി./ബി/എ സർട്ടിഫിക്കറ്റുകാർക്ക് തെരഞ്ഞെടുപ്പിൽ ബോണസ് മാർക്ക് വെയ്റ്റേജ് ലഭിക്കും. വിശദമായ തെരഞ്ഞെടുപ്പ് നടപടികൾ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സിലബസ് അടക്കം) വിജ്ഞാപനത്തിലുണ്ട്.
ശമ്പള നിരക്ക്-ശിപായി (നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ): 18,000-56,900 രൂപ. മറ്റെല്ലാ തസ്തികകൾക്കും 21,700-69,100 രൂപ. നിരവധി മറ്റു ആനുകൂല്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.