സൗദി തൊഴിൽ യോഗ്യത പരീക്ഷ ഇന്ത്യയിൽ ഈയാഴ്ച തുടങ്ങും
text_fieldsജിദ്ദ: സാങ്കേതിക വൈദഗ്ധ്യം വേണ്ട ജോലികൾക്കായി സൗദി അറേബ്യയിലേക്ക് വരുന്നവരുടെ യോഗ്യത പരിശോധിക്കുന്ന പരീക്ഷ ഇന്ത്യയിൽ ഈയാഴ്ച തുടങ്ങൂം. ഒരുക്കം പൂർത്തിയായി. ആദ്യഘട്ടത്തിൽ ഈയാഴ്ച അവസാനം ന്യൂഡൽഹി, മുംബൈ നഗരങ്ങളിലാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ മാസം പാകിസ്താനിൽ യോഗ്യത പരീക്ഷാനടപടി ആരംഭിച്ചിരുന്നു.
സാങ്കേതിക ജോലികൾക്കായി പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നവർക്കാണ് പരീക്ഷ ബാധകം. തിയറി, പ്രാക്ടിക്കൽ പരീക്ഷകളുണ്ടാകും. 23 പ്രധാന വിദഗ്ധ തൊഴിലുകളിലാണ് യോഗ്യത പരിശോധന പരീക്ഷ നടത്തുക. ആദ്യഘട്ടത്തിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, ഓട്ടോ ഇലക്‌ട്രിഷ്യൻ, വെൽഡർ, റഫ്രിജറേറ്റർ ടെക്നീഷ്യൻ, എയർ കണ്ടീഷനിങ് ടെക്നീഷ്യൻ എന്നീ അഞ്ച് തൊഴിലുകളിലാണ് പരീക്ഷ.
സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പരീക്ഷ നടത്തുന്നത്. ഈ അഞ്ച് തൊഴിലുകളിലും മതിയായ വൈദഗ്ധ്യവും അക്കാദമിക യോഗ്യതയും ഉണ്ടോ എന്നാണ് പരീക്ഷയിലൂടെ പരിശോധിക്കുന്നത്. പ്രായോഗിക വൈദഗ്ധ്യവും പരിജ്ഞാനവും പ്രധാനമാണ്. പരീക്ഷയിൽ പാസ്സാകുന്നവർക്കാണ് സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകുക. സൗദി തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്ന പ്രഫഷനൽ തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് യോഗ്യതാ പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.