Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോമേഴ്‌സിലെ...

കോമേഴ്‌സിലെ അനന്തസാധ്യതകൾ

text_fields
bookmark_border
career
cancel

അഞ്ചുവർഷത്തിനകം ഏതാണ്ട് 40-80 ലക്ഷം തൊഴിലവസരങ്ങളാണ് ഫിനാന്‍സ് രംഗത്ത് മാത്രം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇന്ത്യയില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഏജന്‍സികള്‍ പ്രവചിച്ചുകഴിഞ്ഞു. ആശ്ചര്യജനകമായ പ്രവചനമായി ഇത് തോന്നിയേക്കാം.

പക്ഷേ, എല്ലാ അതിശയോക്തികളും മാറ്റിനിര്‍ത്തിയാലും കുറഞ്ഞത് 40 ലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും ഉണ്ടാകുമെന്ന് പുതിയ പ്രവണതകളും ഫിനാന്‍സ് രംഗത്തെ മാറ്റങ്ങളും സൂചിപ്പിക്കുന്നു. വരാന്‍ പോകുന്ന തൊഴിലവസരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ആണ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

കോമേഴ്സ്‌ രംഗത്തെ ഉപരിപഠന സാധ്യതകള്‍ക്ക് പ്രസക്തി ഏറുന്നു എന്നതാണ് ഇത് നൽകുന്ന സൂചന. പ്ലസ് ടുവിനുശേഷം ഒട്ടുമിക്ക വിദ്യാര്‍ഥികളും ഏറെ സംശയത്തോടെ തിരഞ്ഞെടുക്കുന്ന കോഴ്സാണ് ബി.കോം. എന്നാല്‍, പലപ്പോഴും സയന്‍സ് - ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ പോലും അവസാനം വന്നെത്തുന്നത് കോമേഴ്സ്‌ അനുബന്ധ പഠന മേഖലകളിലാണെന്നതാണ് രസാവഹം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന അടിസ്ഥാന ബിരുദമാണ് ബി.കോം. മാത്രമല്ല, കോമേഴ്സിലെ ശുദ്ധ ശാസ്ത്രം (Pure Science) എന്നുപറയാന്‍ പറ്റുന്ന ബിരുദമാണ് ബി.കോം. കോമേഴ്സ്‌ അനുബന്ധ ബിരുദങ്ങള്‍ അധികവും ഒട്ടേറെ സാധ്യതകളുള്ള മേഖലയായാണ് അറിയപ്പെടുന്നത്.

അക്കൗണ്ടിങ്, ലോജിസ്റ്റിക്സ്, മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പര്‍ച്ചേസിങ്, കാപിറ്റല്‍ മാര്‍ക്കറ്റ്‌, ടാക്സേഷന്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, സ്റ്റോര്‍ മാനേജ്‌മെന്റ്‌, സെയില്‍സ് മാനേജ്‌മെന്റ്‌, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ്‌ മുതലായ മേഖലകളിലെ ഹ്രസ്വകാല കോഴ്സുകള്‍ കോമേഴ്സ്‌ അനുബന്ധ ഡിഗ്രികള്‍ ആയി കണക്കാക്കപ്പെടുന്നു. ബി.കോം, ബി.ബി.എ എന്നിവക്കുശേഷമോ പ്ലസ്ടു കോമേഴ്സിനു ശേഷമോ ചെയ്‌താല്‍ പോലും ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭിക്കുന്നു.

ലോകത്തെ മൊത്തം വ്യവസായ സംരംഭങ്ങളും കച്ചവട സ്ഥാപനങ്ങളും പരിശോധിച്ചാല്‍തന്നെ ലളിതമായി മനസ്സിലാകും കോമേഴ്സ്‌ രംഗത്തെ ഉപരിപഠന-തൊഴില്‍ സാധ്യതകളുടെ ബാഹുല്യം. മൊത്തം തൊഴില്‍ സാധ്യതകളുടെ 30 ശതമാനം മാത്രമേ സാങ്കേതിക കോഴ്സുകള്‍ക്ക് ഉണ്ടാവുന്നുള്ളൂ.

മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ സാധ്യത 20-25 ശതമാനം മാത്രം. എന്നാല്‍, അക്കൗണ്ടിങ്- ഫിനാന്‍സ് മേഖലകള്‍ക്ക് ആഗോള വ്യവസായ-കച്ചവട രംഗത്ത് 100 ശതമാനം സാധ്യതകളാണ് കൽപിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ കണക്കപ്പിള്ള ഇല്ലാതെ ഒരു കച്ചവടത്തിനും നിലനിൽപില്ല. അപ്പോള്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ പോലും ഉപരിപഠനത്തിനായി കോമേഴ്സ്‌ അനുബന്ധ മേഖലകള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതമില്ല.

ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന മേഖല ഏതാണ്? രണ്ടാമതൊരു ആലോചന ഇല്ലാതെ എല്ലാവരും പറയുന്ന ഒന്നാണ് ബിസിനസ്‌ മാനേജ്‌മെന്റ്‌ എന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് പഠനം പൂര്‍ത്തിയാക്കി ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ കഴിയുമെന്നത് കോമേഴ്സ്‌ അനുബന്ധ പഠന മേഖലയിലെ ഏറ്റവും വലിയ ആകർഷണമാണ്. ഒപ്പം തൊഴില്‍രംഗത്ത് പെട്ടെന്ന് സ്ഥാനക്കയറ്റം ലഭിക്കാനും കോമേഴ്സ്‌ അനുബന്ധ തൊഴില്‍ പഠന മേഖലകള്‍ സഹായിക്കുന്നു.

മറ്റു പ്രഫഷനല്‍ കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഠിക്കാന്‍ പ്രയാസമില്ലാത്ത കരിക്കുലം ഘടനയാണ് കോമേഴ്സ്‌ കോഴ്സുകള്‍ക്ക്. ബി.കോം, ബി.ബി.എ കോഴ്സുകള്‍ ചെയ്യുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്‌ ടൈമായി തൊഴിലും ചെയ്യാനാവും.

ചെന്നൈ, പുണെ, മുംബൈ, ഡല്‍ഹി മുതലായ പ്രധാന നഗരങ്ങളിലെ പ്രശസ്ത സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 5-7 ലക്ഷത്തിലധികം രൂപയാണ് കോമേഴ്സ്‌ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലെസ്മെന്റിലെ ശമ്പളമായി വാഗ്ദാനം ചെയ്തത്.

ഒട്ടേറെ ദീര്‍ഘകാല -ഹ്രസ്വകാല തൊഴില്‍ പഠന കോഴ്സുകളും പരിശീലനങ്ങളും അനുബന്ധമായി കൂട്ടിച്ചേര്‍ത്ത് ചെയ്യാനാകും എന്നതാണ് കോമേഴ്സ്‌ ബിരുദ കോഴ്സുകളുടെ മറ്റൊരു സാധ്യത. സി.എ, കമ്പനി സെക്രട്ടറി, സി.എം.എ മുതലായ ദേശീയ പ്രാധാന്യമുള്ള പരിശീലന പരിപാടികളും എ.സി.സി.എ, സി.ഐ.എം.എ, സി.എം.എ എന്നിങ്ങനെ അന്തര്‍ദേശീയ പ്രാധാന്യമുള്ള പഠന പരിശീലനങ്ങളും കൂടെ ചെയ്യാനാവും.

വളരെ ചുരുങ്ങിയ കാലം കൊണ്ടോ ബിരുദം പൂർത്തിയാകുന്നതിനോടൊപ്പമോ ചെയ്തുതീര്‍ക്കാവുന്ന ഒട്ടേറെ ഹ്രസ്വകാല കോഴ്സുകളുണ്ട്. ടാക്സേഷന്‍, കാപിറ്റല്‍ മാര്‍ക്കറ്റ്‌, ഇന്‍ഷുറന്‍സ്, ബാങ്കിങ്, സെയില്‍സ്, പര്‍ച്ചേസിങ് മുതലായ മേഖലകളിലെ ഹ്രസ്വകാല കോഴ്സുകള്‍ ഉദാഹരണം.

പുറമെ, എന്‍.ഐ.ഡി, ഐ.ഐ.ടി, നിഫ്റ്റ് മുതലായ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഡിസൈനിങ്, ഫാഷന്‍ ഡിസൈനിങ്, ഫാഷൻ മാനേജ്മെന്റ് മേഖലയില്‍ നല്‍കുന്ന വിവിധ കോഴ്സുകള്‍, വിവിധ നിയമപഠന കോഴ്സുകള്‍, തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കുന്ന ലോജിസ്റ്റിക്സ്, റീട്ടെയില്‍ പോലുള്ള ബി വോക് കോഴ്സുകള്‍, ഭാഷാപഠനം, വിഷ്വല്‍ മീഡിയക്ക് പ്രാധാന്യം നല്‍കുന്ന ബി.എസ് സി വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഐ.ടി മേഖല തൊഴില്‍ രംഗമായി എടുക്കാന്‍ താൽപര്യമുള്ളവര്‍ക്ക് ബി.സി.എ, സോഷ്യല്‍ വര്‍ക്കിലെ ബാച്ചിലര്‍ ബിരുദം, വിവിധ ഫൈൻ ആര്‍ട്സ് ബിരുദങ്ങള്‍ ഇങ്ങനെ ഒരുപാട് വ്യത്യസ്ത മേഖലകള്‍ കോമേഴ്സ് പ്ലസ് ടു പൂര്‍ത്തിയാക്കിയാല്‍ തിരഞ്ഞെടുക്കാം. പക്ഷേ, ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തലാണ് പ്രധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsCommercePossibilities
News Summary - Endless Possibilities in Commerce
Next Story