കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്
text_fieldsതിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള 2025-26 വർഷത്തെ അഗ്നിവീർ തെരഞ്ഞെടുപ്പിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in-ൽ. ഏപ്രിൽ 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസറുടെയും കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ളവരും കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസറുടെയും റിക്രൂട്ട്മെന്റ് നടപടികളിൽ പങ്കെടുക്കണം. അഗ്നിവീർ-ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
അഗ്നിവീർ (ജനറൽ ഡ്യൂട്ടി): യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം (മൊത്തം 45 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയരുത്. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കുണ്ടാകണം). എൽ.എം.വി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തെരഞ്ഞെടുപ്പിന് മുൻഗണന.
അഗ്നിവീർ (ടെക്നിക്കൽ): യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളടക്കം പ്ലസ് ടു/ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. (മൊത്തം 50 ശതമാനം മാർക്കിലും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കിലും കുറയരുത്). അല്ലെങ്കിൽ ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യം+നിശ്ചിത സ്ട്രീമിൽ/ട്രേഡിൽ ഒരുവർഷത്തിൽ കുറയാത്ത ഐ.ടി.ഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്.എസ്.എൽ.സി/തത്തുല്യം (മൊത്തം 50 ശതമാനം മാർക്കിൽ കുറയരുത്. ഇംഗ്ലീഷ്, മാത്സ്, സയൻസ് വിഷയത്തിന് 40 ശതമാനം മാർക്കുണ്ടാകണം. + രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ (സ്ട്രീമുകൾ/ട്രേഡുകൾ -മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ജിയോ ഇൻഫർമാറ്റിക്സ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റൻസ്, ഐ.ടി, മെക്കാനിക് കം -ഓപറേറ്റർ ഇലക്ട്രിക് കമ്യൂണിക്കേഷൻ സിസ്റ്റം, വെസ്സൽ നാവിഗേറ്റർ/എൻജിനീയറിങ് സ്ട്രീമുകൾ -മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി)
അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ): യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ (ആർട്സ് കോമേഴ്സ്, സയൻസ്), പ്ലസ് ടു/തത്തുല്യം (മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും ഓരോ വിഷയത്തിനും 50 ശതമാനം മാർക്കിൽ കുറയാതെയുമുണ്ടാകണം). ഇംഗ്ലീഷ്, മാത്സ്, അക്കൗണ്ട്സ്/ ബുക്ക് കീപ്പിങ് എന്നിവയിൽ പ്ലസ് ടുതലത്തിൽ 50 ശതമാനം മാർക്കിൽ കുറയരുത്.
അഗ്നിവീർ ട്രേഡ്സ്മാൻ: യോഗ്യത: 10ാം ക്ലാസ് പാസായവർക്കും എട്ടാം ക്ലാസ് പാസായവർക്കും അർഹതയുണ്ട്. പ്രായപരിധി പതിനേഴര-21 വയസ്സ്. അർഹതയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും രണ്ടുവിഭാഗത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രത്യേക അപേക്ഷ നൽകണം.
എല്ലാ ഉദ്യോഗാർഥികൾക്കും വിജ്ഞാപനത്തിൽ നിഷ്കർഷിച്ച ശാരീരിക യോഗ്യതകൾ, ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. കായികതാരങ്ങൾക്കും എൻ.സി.സി-എ/ബി/സി സർട്ടിഫിക്കറ്റ്, ഐ.ടി.ഐ/ഡിപ്ലോമ മുതലായ സർട്ടിഫിക്കറ്റ് ഉള്ളവർക്കും തെരഞ്ഞെടുപ്പിന് ബോണസ് മാർക്ക് ലഭിക്കും.തെരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പരീക്ഷ 2025 ജൂണിൽ ആരംഭിക്കും. പരീക്ഷാഫീസ് 250 രൂപ.
സെലക്ഷൻ: തെരഞ്ഞെടുപ്പിന് രണ്ട് ഘട്ടമുണ്ടാവും. ഒന്നാംഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയാണ്. രണ്ടാംഘട്ടം ആർമി റിക്രൂട്ടിങ് ഓഫിസുകൾ വഴി നടത്തുന്ന റിക്രൂട്ട്മെന്റ് റാലി, മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് (പൊതുപ്രവേശന പരീക്ഷ) നടത്തുക.
അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ തസ്തികക്ക് ടൈപ്പിങ് ടെസ്റ്റുമുണ്ടാകും. റിക്രൂട്ട്മെന്റ് റാലിയിൽ ശാരീരിക പരിശോധന, അടാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്.
നിയമനം നാല് വർഷത്തേക്ക്
അഗ്നിവീർ നിയമനം നാലുവർഷത്തേക്കാണ്. എൻറോൾ ചെയ്യുന്നവർക്ക് സൈനിക പരിശീലനം നൽകും. ആദ്യവർഷം പ്രതിമാസം 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36500 രൂപയും നാലാം വർഷം 40,000 രൂപയും ശമ്പളം ലഭിക്കും. ഇതിൽ 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. സേവനകാലാവധി പൂർത്തിയാക്കി പിരിഞ്ഞുവരുമ്പോൾ 10.04 ലക്ഷംരൂപ സേവനനിധിയായി ലഭിക്കും. ഗ്രാറ്റ്വിറ്റിയോ പെൻഷൻ ആനുകൂല്യമോ ലഭിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.