വിദേശ തൊഴിൽ: ചതിക്കുഴിയിൽ വീഴുന്നവർ കൂടി -യുവജന കമീഷൻ
text_fieldsകൊല്ലം: വിദേശജോലിക്കായി അനധികൃത ഏജൻസികളെ സമീപിച്ച് ചതിക്കുഴികളിൽ വീഴുന്നത് വർധിച്ചതായി യുവജന കമീഷൻ. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ നടന്ന അദാലത്തിൽ ഇതുസംബന്ധിച്ച പരാതികളാണ് ഏറെയും ലഭിച്ചതെന്ന് കമീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. വിദേശ തൊഴില്‍തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം. സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. ലഹരിപോലെതന്നെ അപകടകരമായ ഇത് യുവജനങ്ങളെ ചതിയിൽ പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ യുവജന കമീഷൻ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. യുവജന സംഘടനകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെയാകും കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി ആറുവർഷം സമൂഹത്തിൽ നടന്ന ആത്മഹത്യയെക്കുറിച്ച് പഠിക്കും. ഇതിനായി 150 ഓളം എം.എസ്.ഡബ്ല്യു വിദ്യാർഥികളെ നിയോഗിച്ചു.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകും. അദാലത്തിൽ പരിഗണിച്ച 17 പരാതികളിൽ ഏഴെണ്ണം പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതി കൂടി ലഭിച്ചു. ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന പട്ടികജാതിക്കാർക്ക് സ്കോളർഷിപ് ലഭ്യമാക്കുന്നതടക്കമുള്ള പരാതികളാണ് ഇന്നലെ പരിഹരിച്ചത്. കമീഷൻ അംഗങ്ങളായ വി. വിനിൽ, പി.എ. സമദ്, കമീഷൻ സെക്രട്ടറി ഡാർലി ജോസഫ്, ലീഗൽ അഡ്വൈസർ വിനീത വിൻസെന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.