നാല് വർഷ സംയോജിത ബി.എഡ് അപേക്ഷ 31 വരെ: തീരുമാനമെടുക്കാതെ കേരളം
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായുള്ള നാല് വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് (ഐ.ടി.ഇ.പി) അനുമതിക്ക് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ അപേക്ഷ ക്ഷണിച്ചിട്ടും നയപരമായ തീരുമാനമെടുക്കാതെ കേരളം. നിലവിലെ ബി.എഡ് കോഴ്സുകൾ പൂർണമായും 2030ഓടെ പൂർണമായും ഐ.ടി.ഇ.പിയിലേക്ക് മാറാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ ഘടനയിലുള്ള കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് കേരളം ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ നേതൃത്വത്തിൽ നടത്തിയ കോൺക്ലേവിൽ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് നടത്തിപ്പ് സംബന്ധിച്ച് ചർച്ച വന്നിരുന്നു. ആദ്യഘട്ടത്തിൽ സർവകലാശാലകളിൽ ആരംഭിക്കാമെന്ന പൊതുനിർദേശം ഉയർന്നെങ്കിലും സർക്കാർ നയപരമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോഴ്സ് ആരംഭിക്കുകയാണെങ്കിൽ ഇന്‍റേൺഷിപ്/അധ്യാപക പരിശീലനം ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കുന്നതുൾപ്പെടെ നടപടികൾ പൂർത്തിയാക്കണം.
ഹയർ സെക്കൻഡറി പഠനത്തിനുശേഷം നാലുവർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സാണ് എൻ.സി.ടി.ഇ രൂപകൽപന ചെയ്തിരിക്കുന്നത്. മൂന്നുവർഷ ബിരുദ കോഴ്സിനൊപ്പം ടീച്ചർ എജുക്കേഷൻ കൂടി ചേർത്തുള്ളതാണ് ഐ.ടി.ഇ.പി കോഴ്സ്. നിലവിലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾ/സർവകലാശാലകൾ എന്നിവയിൽ ഈ കോഴ്സ് തുടങ്ങാം. ഇതിനുപുറമെ നിലവിലെ ടീച്ചർ എജുക്കേഷൻ കോളജുകൾ പുതിയ കോഴ്സ് നടത്താനാവുന്ന രൂപത്തിൽ പരിവർത്തിപ്പിക്കാനുമാകും.
2030ഓടെ നിലവിലുള്ള ഏക/ദ്വിവർഷ ബി.എഡ് കോഴ്സുകൾ പൂർണമായും നിർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരേസമയം ബി.എ/ബി.എസ്സി/ബി.കോം കോഴ്സുകൾക്കും ടീച്ചർ എജുക്കേഷൻ ബിരുദത്തിനും (ബി.എഡ്) തുല്യമാകുന്നതാണ് എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള ഐ.ടി.ഇ.പി കോഴ്സ്.
ഹയർ സെക്കൻഡറി കോഴ്സ് 50 ശതമാനം മാർക്കിൽ വിജയിച്ചവർക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നൽകണം. ഏത് സ്ട്രീമിലുള്ള കോഴ്സാണ് (ആർട്സ്/കൊമേഴ്സ്/സയൻസ്) തെരഞ്ഞെടുക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. സ്കൂൾ അധ്യാപകരാകാനുള്ള ചുരുങ്ങിയ യോഗ്യതയായി ഐ.ടി.ഇ.പി മാറുമെന്നാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നത്.
വെല്ലുവിളി സാമ്പത്തികം തന്നെ
പുതിയ കോഴ്സ് നടത്തുന്നതിന് ഏറ്റെടുക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത തന്നെയാണ് കേരളത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ സർവകലാശാലകളിലോ കോഴ്സ് തുടങ്ങാൻ ടീച്ചർ എജുക്കേഷനിൽ മതിയായ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം. നിലവിലെ ടീച്ചർ എജുക്കേഷൻ കോളജുകളിൽ സംയോജിത കോഴ്സ് തുടങ്ങാൻ ആർട്സ്/കൊമേഴ്സ്/ സയൻസ് അധ്യാപകരെ നിയമിക്കണം. പ്രായോഗിക പരിശീലനത്തിനുള്ള ലബോറട്ടറികളും സജ്ജീകരിക്കണം. നിലവിലെ ട്രെയിനിങ് കോളജുകളെ ഈ രീതിയിൽ പരിവർത്തിപ്പിച്ചില്ലെങ്കിൽ 2030ന് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പും അനിശ്ചിതത്വത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.