തൊഴിലന്വേഷകർക്ക് കൈത്താങ്ങായി തദ്ദേശസ്ഥാപനങ്ങളിൽ 'ഇന്റേണു'കളെത്തി
text_fieldsതൃശൂർ: തൊഴിൽ തേടുന്നവരും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരും ഇനി സർക്കാർ ഓഫിസുകൾ തേടി അലയണ്ട. തദ്ദേശസ്ഥാപനങ്ങളിൽ പുതുനിയമനം കിട്ടിയ 'ഇന്റേണുകൾ' സഹായിക്കാനെത്തും. പഞ്ചായത്ത് ഓഫിസുകൾ ഇന്റേണുകളെ താൽക്കാലികമായി നിയമിച്ച് ഇന്റർനെറ്റും ഇരിപ്പിടവും ഒരുക്കാൻ തദ്ദേശവകുപ്പ് ഉത്തരവിട്ടു. ഇതനുസരിച്ച് ബി.ടെക്, എം.ബി.എ ബിരുദധാരികളുടെ നിയമനവും പൂർത്തിയാക്കിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ആയിരത്തോളം പേരെയാണ് ഇത്തരത്തിൽ നിയമിക്കുന്നത്.
2022-23 സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി. ഒരുലക്ഷം സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾ സൃഷ്ടിച്ച് മൂന്നുമുതൽ നാലുലക്ഷം വരെ ആളുകൾക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് വിവിധ വകുപ്പുകൾ ചേർന്നുള്ള നടപടി തുടരുകയാണ്. തൊഴിൽദായക കാമ്പയിന്റെ ഏകോപനവും സംരംഭങ്ങൾ തുടങ്ങാൻ പ്രേരണയും നൽകി 1000ത്തിൽ അഞ്ചുപേർക്ക് തൊഴിൽ ഉറപ്പുവരുത്തുക എന്നതാണ് ഇന്റേണുകളെ നിയമിച്ചുള്ള പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ട ബോധവത്കരണ പരിപാടികൾ 90 ശതമാനം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇന്റേണുകളായുള്ള തെരഞ്ഞെടുപ്പിന് ബി.ടെക്, എം.ബി.എ, എം.ടെക് യോഗ്യതയുള്ളവരുടെ തിരക്കായിരുന്നു. 20,000 രൂപ ശമ്പളത്തിന് ഒരുവർഷത്തേക്കാണ് കരാർ നിയമനം.
തദ്ദേശ ഭരണസ്ഥാപന പരിധിയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ള ആളുകൾക്ക് ബോധവത്കരണം നടത്താനും തുടർന്ന് താൽപര്യപ്പെടുന്നവർക്ക് ലൈസൻസ്, ലോൺ, സബ്സിഡി മേളകൾ ജൂൺ-ജൂലൈ മാസങ്ങളിൽ സംഘടിപ്പിക്കാനുമാണ് നിർദേശം. സംരംഭകർക്കാവശ്യമായ ഓൺലൈൻ സേവനങ്ങളായ ലൈസൻസ്-ലോൺ അപേക്ഷ തയാറാക്കൽ, സേവനങ്ങൾ എന്നിവ ഇന്റേണുകൾ നിർവഹിക്കും. തദ്ദേശ പദ്ധതികൾക്കുപുറമെ കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, കുടുംബശ്രീ, ഡെയറി, ഫിഷറീസ് വഴിയുള്ള സംരംഭക പദ്ധതികളും ഇന്റേണുകൾ വഴിയാകും. സുഗമമായ പ്രവർത്തനത്തിന് പഞ്ചായത്തുതലത്തിൽ തദ്ദേശ സ്ഥാപന തലവൻ അധ്യക്ഷനായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.