കെ.എ.എസിൽ സർക്കാർ ഒളിച്ചുകളി; കണ്ടെത്തിയ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല
text_fieldsതിരുവനന്തപുരം: ഉദ്യോഗാർഥികളുടെ അവസരവും സ്വപ്നങ്ങളും തുലാസിലാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കുള്ള (കെ.എ.എസ്) ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിൽ പൊതുഭരണവകുപ്പിന്റെ കെടുകാര്യസ്ഥത.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയ 44 ഒഴിവുകൾ പോലും പി.എസ്.സിയെ ഔദ്യോഗികമായി അറിയിക്കാൻ അധികൃതർ തയാറാകാത്തതോടെ നവംബർ ഒന്നിന് വിജ്ഞാപനം പുറത്തിറക്കുന്നത് പി.എസ്.സിക്ക് വെല്ലുവിളിയാകും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയ ഒഴിവുകൾ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് പൊതുഭരണവകുപ്പ് പി.എസ്.സിയെ അറിയിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികളും കേരള പബ്ലിക് സർവിസ് കമീഷൻ ആരംഭിച്ചിരുന്നു. എന്നാൽ 44 ഒഴിവുകൾക്ക് പുറമെ സെക്രട്ടേറിയറ്റിൽ നിന്നുള്ള ചില ഡെപ്യൂട്ടേഷൻ ഒഴിവുകളും കെ.എ.എസിലേക്ക് മാറ്റിക്കൊണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുഭരണവകുപ്പ് കാണിച്ച ആലംഭാവമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്.
ഈ മാസം 20നുള്ളിലെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ നവംബർ ഒന്നിന് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സിക്ക് സാധിക്കും. അല്ലാത്തപക്ഷം വിജ്ഞാപനവും വൈകും.
സെക്രട്ടേറിയറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ ഒഴിവുകളും മറ്റ് ചില വകുപ്പുകളിലെ രണ്ടാം ഗെസറ്റഡ് തസ്തികകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയും ഉൾപ്പെടുത്തി ഇത്തവണ കെ.എ.എസ് കേഡർ വിപുലപ്പെടുത്താൻ ഉന്നതതലസമിതി തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 80 വകുപ്പുകളിൽ നിന്നുള്ള തസ്തികകളാണ് കെ.എ.എസിലേക്ക് കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ 29 വകുപ്പുകളിലെ 105 തസ്തികകളിലായിരുന്നു നിയമനം. രണ്ടാംഘട്ടത്തിൽ ഒഴിവുകൾ 90 എണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2019 നവംബർ ഒന്നിനായി ആദ്യ വിജ്ഞാപനം വന്നെങ്കിലും കോവിഡിനെ തുടർന്ന് പരീക്ഷയും ഇന്റർവ്യൂവും നടത്തി 2021ലാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. 105 പേരിൽ ഒരാൾ പരിശീലനത്തിനിടെ ഐ.എ.എസ് ലഭിച്ച് പുറത്ത് പോയപ്പോൾ 104 പേർ ഒന്നരവർഷത്തെ പരിശീലനം പൂർത്തിയാക്കി ഈ വർഷം ജോലിക്ക് കയറിയിരുന്നു.
2022 ഒ്ടോബറിൽ റാങ്ക് പട്ടികയുടെ കാലാവധി അവസാനിപ്പിച്ചപ്പോൾ തന്നെ പുതിയ തസ്തികകൾ അറിയിക്കണമെന്ന് സർക്കാറിനോട് പി.എസ്.സി ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.എ.എസ് സ്പെഷൽ റൂൾസിലെ ഭേദഗതി നടപടികൾ നീണ്ടതോടെ നടപടികളും ഇഴയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.