ഐ.സി.ഡി.എസ് സൂപ്പർവൈസർ നിയമനം: എസ്.എസ്.എൽ.സിക്കാർക്ക് അവസരം നഷ്ടപ്പെടുന്നതായി പരാതി
text_fieldsകൊച്ചി: വനിത ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർ നിയമനത്തിൽ പി.എസ്.സിയുടെ അശാസ്ത്രീയ നടപടികൾ മൂലം എസ്.എസ്.എൽ.സിക്കാരായ അംഗൻവാടി വർക്കർമാർക്ക് അവസരം നഷ്ടപ്പെടുന്നതായി പരാതി. തങ്ങൾക്ക് അനുവദിച്ച ക്വോട്ടയിൽ നിയമനത്തിനുള്ള പരീക്ഷ എഴുതാൻ ബിരുദധാരികൾക്കും അവസരം നൽകുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. 33,115 അംഗൻവാടികളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന വർക്കർമാരാണ് മുലയൂട്ടുന്ന അമ്മമാരുടെയും മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെയും പോഷകാഹാരം, കൗമാരക്കാരുടെയും ഗർഭിണികളുടെയും ആരോഗ്യ പരിചരണം, ഗർഭിണികൾക്കുള്ള സർക്കാർ സഹായം, പ്രീ സ്കൂൾ വിദ്യാഭ്യാസം, വിവിധ സർവേകൾ തുടങ്ങി വകുപ്പിലെ മിക്ക ജോലികളും ചെയ്യുന്നത്.
2013 ഡിസംബർ 31 വരെ വർക്കർമാർക്ക് ബിരുദ, എസ്.എസ്.എൽ.സി വ്യത്യാസമില്ലാതെ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ 40 ശതമാനം ഒഴിവിലേക്ക് ഒരുമിച്ച് പരീക്ഷ എഴുതാമായിരുന്നു. പിന്നീടിത് 100 ഒഴിവിൽ ജനറൽ വിഭാഗത്തിന് 58 ശതമാനം, എസ്.എസ്.എൽ.സി വിജയിച്ച വർക്കർമാർക്ക് 29, ബിരുദമുള്ള വർക്കർമാർക്ക് 11, വകുപ്പുതല പ്രമോഷൻ രണ്ട് എന്നിങ്ങനെ വിഭജിച്ചു. നിലവിൽ ജോലി ചെയ്യുന്ന വർക്കർമാരിൽ ബിരുദധാരികൾ 2000ത്തിൽ താഴെ മാത്രമാണെന്നിരിക്കെ ഈ വിഭാഗത്തിനു മാത്രമായി 11 ശതമാനം നീക്കിവെച്ചത് നീതീകരിക്കാനാവില്ലെന്നാണ് എസ്.എസ്.എൽ.സിക്കാർ പറയുന്നത്.
2014, 2022 വർഷങ്ങളിൽ ബിരുദധാരികൾക്കായി നടത്തിയ പരീക്ഷയിൽ നല്ലൊരു വിഭാഗത്തിന് നിയമനം ലഭിച്ചിരുന്നു. ബിരുദധാരികൾക്കായി 2022ലും പരീക്ഷ നടത്തി. എന്നാൽ, 2019ൽ എസ്.എസ്.എൽ.സിക്കാർക്കായി നടത്തിയ പരീക്ഷയിലും ബിരുദധാരികൾ പങ്കെടുത്ത് റാങ്ക്ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. യോഗ്യതയായി എസ്.എസ്.എൽ.സി വിജയം എന്ന് മാത്രം വിജ്ഞാപനത്തിൽ പറഞ്ഞതിനാലാണ് ബിരുദധാരികൾക്കും ഈ പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. എസ്.എസ്.എൽ.സി നിലവാരത്തിലുള്ള പ്രാഥമിക പരീക്ഷയിൽ ഭൂരിഭാഗം ബിരുദധാരികളും വിജയിക്കുകയും ബിരുദ നിലവാരത്തിലുള്ള പ്രധാന പരീക്ഷയിൽ എസ്.എസ്.എൽ.സിക്കാർ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. എസ്.എസ്.എൽ.സി ക്കാർക്കായി നടത്തിയ പരീക്ഷയുടെ റാങ്ക്ലിസ്റ്റിൽനിന്ന് ബിരുദധാരികളെ ഒഴിവാക്കി പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.