35,000 ബിരുദധാരികളെ തേടി ഇൻഫോസിസ്; രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയുടെ ഭാഗമാകാം
text_fieldsബംഗളൂരു: രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസ് ബിരുദധാരികളെ തേടുന്നു. ആഗോളതലത്തിൽ 35,000 ബിരുദധാരികളെ നിയമിക്കാനാണ് തീരുമാനം.
പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കായിരിക്കും അവസരം. ആഗോളതലത്തിലെ ബിരുദധാരികൾക്ക് ഇൻഫോസിസിന്‍റെ ഭാഗമാകാൻ അവസരം ലഭിക്കും.
കോവിഡ് ലോക്ഡൗണിൽ അസൂയാവഹമായ വളർച്ച കൈവരിച്ച കമ്പനികളിലൊന്നായിരുന്നു ഇൻഫോസിസ്. മാർച്ച് പാദത്തിൽ 2.59 ലക്ഷമായിരുന്നു തൊഴിലാളികളുടെ എണ്ണമെങ്കിൽ, ജൂൺ പാദത്തിന്‍റെ അവസാനത്തിൽ തൊഴിലാളികളുടെ എണ്ണം 2.67ലക്ഷമായി വർധിച്ചിരുന്നു.
'കമ്പനിക്കാവശ്യമായ ഡിജിറ്റൽ പ്രതിഭകളുടെ ആവശ്യം നിറവേറ്റുന്നതിന് 2022ൽ 35,000 ബിരുദധാരികളെ കണ്ടെത്തും' -ഇൻഫോസിസ് ഓപ്പറേറ്റിങ് ഓഫിസർ പ്രവീൺ റാവു പറഞ്ഞു.
ജൂൺ പാദത്തിൽ 13.9 ശതമാനം പേരാണ് ഐ.ടി മേഖലയിൽനിന്ന് കൊഴിഞ്ഞുപോയത്. മാർച്ചിൽ ഇത് 10.9ശതമാനമായിരുന്നു.
അതേസമയം, ഐ.ടി മേഖലയിൽ ഇൻഫോസിസ് വൻ കുതിച്ചുചാട്ടം കൈവരിച്ച കാലഘട്ടമായിരുന്നു കടന്നുപോയത്. ജൂണിൽ അവസാനിച്ച പാദത്തിൽ അറ്റാദായത്തിൽ 22.7 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. 5195 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആഗോളകമ്പനികൾ ഇന്ത്യൻ ഐ.ടി കമ്പനികളിൽ നടത്തുന്ന നിക്ഷേപമാണ് വളർച്ചക്ക് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.