കാലിക്കറ്റില്‍ ഇന്റഗ്രേറ്റഡ് പി.ജി: പ്ലസ്ടു ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളിലെ പ്രവേശനപരീക്ഷക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. അഞ്ചുവര്‍ഷത്തെ കോഴ്സുകളിലേക്ക് പ്ലസ്ടു പരീക്ഷഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം (നിശ്ചിത ശതമാനം മാര്‍ക്കോടെയുള്ള എച്ച്.എസ്.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അംഗീകൃത സംസ്ഥാന ബോര്‍ഡുകള്‍ തുടങ്ങിയവയുടെ അംഗീകൃത പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത).
ഏപ്രില്‍ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മേയ് 21, 22 തീയതികളിലാണ് പരീക്ഷ. ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമുകളായ ബയോസയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. ഗവേഷണാധിഷ്ഠിത പഠനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പാഠ്യപദ്ധതി.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉൾപ്പെട്ട പ്ലസ്ടുവാണ് ബയോസയന്‍സ് പ്രവേശനത്തിനുള്ള യോഗ്യത. ഇന്റഗ്രേറ്റഡ് എം.എസ്സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്സി കെമിസ്ട്രി എന്നിവക്ക് പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്കു പുറമെ മാത്സ് കൂടി പഠിച്ചിരിക്കണം. കൂടാതെ, പ്ലസ്ടുവിന് ജനറൽ വിഭാഗത്തിലുള്ളവർ 70 ശതമാനത്തിനും ഒ.ബി.സി വിഭാഗക്കാർ 65 ശതമാനത്തിനും എസ്.സി/എസ്.ടി/പി. ഡബ്ല്യു.ഡി എന്നീ വിഭാഗങ്ങളിലുള്ളവർ 60 ശതമാനത്തിനും മുകളിൽ മാർക്ക് നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിനുള്ള യോഗ്യത.
എക്സിറ്റ് ഓപ്ഷൻ
ഇന്റഗ്രേറ്റഡ് എം.എസ് സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ് സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് ആദ്യത്തെ മൂന്നു വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷൻ ഉണ്ടായിരിക്കും. ഇന്റഗ്രേറ്റഡ് എം.എസ് സി ബയോസയൻസിന് എക്സിറ്റ് ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല. എക്സിറ്റ് ഓപ്ഷനുള്ള പ്രോഗ്രാമുകൾക്ക് മൂന്നു വർഷം വിജയകരമായി പൂർത്തിയാക്കി എക്സിറ്റ് എടുക്കുന്നവർക്ക് പ്രസ്തുത വിഷയത്തിൽ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.
സീറ്റുകള്‍
ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് 15 സീറ്റുകള്‍ വീതവും ബയോസയന്‍സ്, ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവക്ക് യഥാക്രമം 20, 30 സീറ്റുകള്‍ വീതവുമാണുള്ളത്. കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്: 04942407345, 2407346
അപേക്ഷഫീസ്
ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി നാലു പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷഫീസ്. ജനറൽ കാറ്റഗറി: 550 രൂപ. എസ്.സി/എസ്.ടി: 240 രൂപ. അധികം വരുന്ന ഓരോ പ്രോഗ്രാമിനും 80 രൂപ വീതം അടക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും admission.uoc.ac.in സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.