ജെ.ഇ.ഇ മെയിന്‍ ഫലം: ആശങ്ക വേണ്ട
text_fieldsജെ.ഇ.ഇ മെയിന്‍ പരീക്ഷ ആദ്യ സെഷന് ഫലം വന്നു. ഏപ്രില്‍ നാല് മുതല്‍ 15 വരെ നടക്കുന്ന രണ്ടാം സെഷന് മാര്‍ച്ച് രണ്ടു വരെ അപേക്ഷിക്കാം.
ആദ്യ സെഷന് പരീക്ഷ ഫലത്തെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണ പരന്നിട്ടുണ്ട്; പ്രത്യേകിച്ച് മാര്‍ക്ക് പെർസന്റെയില്‍ മാറ്റത്തെക്കുറിച്ച്. ഇതുസംബന്ധമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
ഒന്ന്: അഞ്ചു ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളില്‍ നടത്തിയ ദേശീയതല പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. മൊത്തം പത്ത് ഷിഫ്റ്റുകൾ. 10 വ്യത്യസ്ത ചോദ്യപ്പേപ്പറുകള്‍ തയാറാക്കുമ്പോള്‍ സ്വാഭാവികമായും ഓരോന്നിന്റെയും നിലവാരത്തിലും വ്യത്യാസം ഉണ്ടാകാം. ചില ഷിഫ്റ്റുകളില്‍ ചോദ്യങ്ങൾ ബുദ്ധിമുട്ടുള്ളതും ചിലത് എളുപ്പവുമായിരിക്കും. അങ്ങനെവരുമ്പോള്‍, റാങ്കിങ് നിര്‍ണയിക്കുന്നതില്‍ നീതികേട് സംഭവിക്കാം. ആ നീതികേട് ഒഴിവാക്കാനാണ് പെർസന്റെയില്‍ സ്കോറിങ് സംവിധാനം കൊണ്ടുവന്നത്. അതുകൊണ്ട് മാര്‍ക്ക് കുറഞ്ഞവര്‍ക്ക് മാര്‍ക്ക് കൂടിയവരേക്കാള്‍ കൂടിയ പെർസന്റെയില്‍ സ്കോര്‍ എന്ന പരാതിയില്‍ അർഥമില്ല.
മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പെർസന്റെയില്‍ കൂടിയിട്ടുണ്ടെങ്കില്‍ അതിനർഥം മാര്‍ക്ക് കൂടിയിട്ടും പെർസന്റെയില്‍ കുറഞ്ഞവരേക്കാള്‍ ബുദ്ധിമുട്ടുള്ള ചോദ്യപ്പേപ്പര്‍ ആണ് കിട്ടിയത് എന്നാണ്. രണ്ട്: ബുദ്ധിമുട്ടുള്ള ചോദ്യം കിട്ടി കുറഞ്ഞ മാര്‍ക്ക് വാങ്ങുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, എളുപ്പമുള്ള ചോദ്യപ്പേപ്പര്‍ കിട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്നത് അനീതിയല്ലേ? ബുദ്ധിമുട്ടുള്ള ചോദ്യപ്പേപ്പര്‍ വഴി 170 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിക്ക് എളുപ്പമുള്ള ചോദ്യപ്പേപ്പര്‍ കിട്ടിയിരുന്നുവെങ്കില്‍ 200 മാര്‍ക്ക് വാങ്ങാമായിരുന്നില്ലേ? അങ്ങനെ ഒരു പ്രതിസന്ധി ഇല്ലാതാക്കാനാണ് പെർസന്റെയില്‍ സ്കോറിങ്. ചോദ്യങ്ങളുടെ നിലവാരവും പെർസന്റെയില്‍ കണക്കാക്കുന്നതില്‍ പരിഗണിക്കുന്നുണ്ട് എന്നർഥം.
മൂന്ന്: പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത ബുള്ളറ്റിനില്‍ അനുബന്ധം അഞ്ചിലായി പേജ് 65 മുതല്‍ 70 വരെ വിശദമായി കാര്യങ്ങള്‍ പറയുന്നു. അതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭയക്കേണ്ടതില്ല. റാങ്കിങ് നിര്‍ണയിക്കുന്നതില്‍ അനീതി ഉണ്ടാകില്ല. റാങ്കിനും സംവരണ നിയമങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും സീറ്റ് അനുവദിക്കുന്നത്. പെർസന്റെയില്‍ സ്കോര്‍ എത്ര റാങ്ക് ആയി മാറും എന്ന് പ്രവചിക്കാനാകില്ല. പ്രത്യേകിച്ച് മുന്‍വര്‍ഷത്തെ റാങ്കിന്റെ അടിസ്ഥാനത്തില്‍. ഈ വര്‍ഷത്തെ കുട്ടികളുടെ എണ്ണവും നമ്മുടെ പെർസന്റെയില്‍ പൊസിഷനും പരിഗണിച്ചുകൊണ്ട് ഏകദേശമുള്ള സാധ്യത അനുമാനിക്കാനാവും.
ഏപ്രിലിലെ രണ്ടാം സെഷനുവേണ്ടി, അരയും തലയും മുറുക്കി രംഗത്തിറങ്ങി ഇപ്പോള്‍ കിട്ടിയ മാര്‍ക്കിലും സ്കോറിലും പുരോഗതിയുണ്ടാക്കാം. ആദ്യത്തെ സെഷന് പരിശീലന സെഷനായി പരിഗണിച്ച് അതില്‍ സംഭവിച്ച അബദ്ധങ്ങളും ധാരണപ്പിശകുകളും തിരുത്തി അടുത്ത സെഷന് കൂടുതല്‍ നന്നാക്കുക.
ആദ്യ സെഷനില്‍ നല്ല പെർസന്റെയില്‍ ഉള്ളവരും നിര്‍ബന്ധമായും അടുത്ത സെഷന് കൂടി എഴുതണം. കാരണം രണ്ടാമത്തെ സെഷനിലൂടെ റാങ്ക് മെച്ചപ്പെടുത്താം. അതുവഴി മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം. മറ്റൊരു കാരണം രണ്ടാമത്തെ സെഷനില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ചും പെർസന്റെയില്‍ സ്കോറില്‍ അനുകൂലമായ മാറ്റം വന്നേക്കാം. അത് നിങ്ങളുടെ റാങ്കിനെ മെച്ചപ്പെടുത്തും (സാധാരണയായി രണ്ടാം സെഷനില്‍ എണ്ണം കൂടാനാണ് സാധ്യത).
പെർസന്റെയില്‍ സ്കോർ
ഒരു സെഷനില്‍, ഒരു പരീക്ഷാര്‍ഥിക്ക് ലഭിച്ച സ്കോറിന് തുല്യമോ താഴെയോ സ്കോര്‍ ലഭിച്ചവരുടെ ശതമാനമാണ് ആ പരീക്ഷാര്‍ഥിയുടെ പെർസന്റെയില്‍ സ്കോര്‍. പത്ത് ലക്ഷം പേര് പരീക്ഷ എഴുതിയ ഒരു സെഷനില്‍ ഒരാളുടെ പെർസന്റെയില്‍ സ്ഥാനം 97 ആണെങ്കില്‍ അതിന്റെ അര്‍ഥം അയാള്‍ ഏറ്റവും നന്നായി ചെയ്ത ആദ്യത്തെ മൂന്നു പെർസന്റെയില്‍ പൊസിഷനില്‍ പെട്ടവന് ആണെന്നാണ്. അതായത് ആദ്യത്തെ 30,000മോ അതില്‍ കൂടുതലോ പൊസിഷനില്പെട്ടവന് എന്ന്. അല്ലെങ്കില്‍ ആ പരീക്ഷാര്‍ഥിയുടെ താഴെ 9.7 ലക്ഷം പേരുണ്ട് എന്നർഥം.
പെർസന്റെയില്‍ 97 ആണെങ്കില്‍, ഈ പ്രാവശ്യം പരീക്ഷ എഴുതിയ 11,70,036നെ മൂന്നു (100-97)കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയിലോ അതിന്റെ തൊട്ടു താഴെയോ റാങ്ക് വരാം- [1,17,0036 x 3/100 = 35,101] . ഈ സെഷനിലെ പെർസന്റെയില്‍ മാത്രം വെച്ച് റാങ്ക് നിര്‍ണയിക്കുകയും വേണ്ട. കാരണം അടുത്ത സെഷനില്‍ നമുക്ക് പിന്നിലുള്ള ആളുകള്‍ പെർസന്റെയില്‍ നന്നാക്കാമല്ലോ.
സൈറ്റുകളിലെ അനുമാനം ശരിയാകണമെന്നില്ല
പല പ്രധാനപ്പെട്ട വെബ്സൈറ്റുകളിലും പെർസന്റെയില്‍ സ്കോറിനെ അടിസ്ഥാനമാക്കി റാങ്ക് നിര്‍ണയിച്ചതില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റാങ്ക് അനുമാനിച്ചിരിക്കുന്നത്. ഇത്തവണ പേപ്പര്‍ ഒന്ന് എഴുതിയത് 11.7 ലക്ഷം പേരാണ്. കഴിഞ്ഞവര്‍ഷം അത് 8.2 ലക്ഷം പേരായിരുന്നു. അതിനാല്‍ സൈറ്റുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രം തീരുമാനത്തില്‍ എത്തേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.