എസ്.എസ്.എൽ.സിക്കാർക്ക് കേന്ദ്രത്തിൽ ജോലി; 8326 ഒഴിവ്
text_fieldsവിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഇന്ത്യയൊട്ടാകെയുള്ള കേന്ദ്ര സർക്കാർ ഓഫിസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലും മറ്റും മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് ( എം.ടി.എസ്), സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (സി.ബി.എൻ) എന്നിവിടങ്ങളിൽ ഹവൽദാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷകൾ ക്ഷണിച്ചു.
ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് സി നോൺ ഗെസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികകളാണിത്. നിലവിൽ 8326 (എം.ടി.എസ്-4887, ഹവിൽദാർ-3439) ഒഴിവുകളുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി/മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 1.8.2024ൽ എം.ടി.എസ് തസ്തികക്ക് 18-25 വയസ്സ്. ഹവൽദാർ തസ്തികക്കും റവന്യൂ വകുപ്പിലെ എം.ടി.എസ് തസ്തികക്കും 18-27 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും വിധവകൾക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഹവിൽദാർ തസ്തികക്ക് ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. വൺടൈം രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജൂലൈ 31വരെ അപേക്ഷിക്കാം. ഓൺലൈനായി ആഗസ്റ്റ് ഒന്നുവരെ ഫീസടക്കാം.
സെലക്ഷൻ: 2024 ഒക്ടോബർ-നവംബറിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും.
ഹവിൽദാർ തസ്തികക്ക് കായികക്ഷമതാ പരീക്ഷയും ശാരീരിക പരിശോധനയുമുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.