ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചു
text_fieldsദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചതായി റിപ്പോർട്ട്. പ്രമുഖ റിക്രൂട്മെന്റ് കൺസൾട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലാണ് വിവിധ മേഖലകളിൽ തൊഴിലവസരം വർധിച്ചത്. നിക്ഷേപ പദ്ധതികളുടെ എണ്ണം വർധിച്ചതോടെ യു.എ.ഇയിൽ കഴിഞ്ഞ മൂന്നു മാസത്തിൽ ജോലി സാധ്യത മൂന്നു ശതമാനം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വൻകിട പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട സൗദിയിലാണ് ഇക്കാര്യത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയത്. നിർമാണം, സെയിൽസ്, മാർക്കറ്റിങ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളോടെ 14 ശതമാനം വളർച്ച രൂപപ്പെട്ടു. ലോകകപ്പ് ഫുട്ബാൾ കടന്നുവരുന്ന സാഹചര്യത്തിൽ ഖത്തറിൽ ഏഴ് ശതമാനം വളർച്ചയും ഉണ്ടായി.
ഗൾഫ് രാജ്യങ്ങളിൽ കോവിഡാനന്തരം എല്ലാ മേഖലകളിലും ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ബിസിനസ് സാഹചര്യവും റിക്രൂട്ട്മെന്റും കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചുവരവ് രേഖപ്പെടുത്തിയത് തൊഴിൽ വിപണിക്ക് വലിയ ഉണർവ് നൽകി.
യു.എ.ഇയിൽ സർക്കാർ തലത്തിൽ സ്വീകരിച്ച സമീപനങ്ങളും തൊഴിൽ വിപണിയുടെ തിരിച്ചുവരവിന് സഹായിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത വർഷം രാജ്യത്തെ പത്തിൽ ഏഴ് കമ്പനികളും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് കഴിഞ്ഞ മാസം പ്രമുഖ ജോബ് പോർട്ടൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഗൾഫ് മേഖലയിലെ 63 ശതമാനം വൻകിട പ്രാദേശിക കമ്പനികളും ബഹുരാഷ്ട്ര കോർപറേഷനുകളും അടുത്ത മൂന്നു മാസത്തിനുള്ളിൽ നിയമനം നടത്താൻ ഉദ്ദേശിക്കുന്നതായും സർവേയിൽ കണ്ടെത്തി. ടെക്നോളജി മേഖലയിലാണ് കൂടുതൽ തൊഴിലവസരം. സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി മേഖലക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഗൾഫ് മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഈ വർഷം മൂന്നാം പാദത്തിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തിയെന്നും കൂപ്പർ ഫിച്ച് റിപ്പോർട്ടിൽ പറയുന്നു. ഊർജം, ടൂറിസം, സാംസ്കാരികം, സാമ്പത്തിക മേഖലകൾ എന്നിവയിലാണ് പൊതുമേഖല പുതിയ പ്രതിഭകളെ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.