ആഷിക് പറയുന്നു...Job Seekers Come to Dubai
text_fieldsതിരക്കേറിയ ജോലിക്കു ശേഷം വൈകുന്നേരങ്ങളിൽ ഭൂരിഭാഗം പേരും വിശ്രമിക്കുമ്പോൾ ദുബൈയിൽ തൊഴിലന്വേഷിച്ചെത്തുന്നവർക്ക് സൗജന്യമായി അറിവിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ് ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ. കൊല്ലം സ്വദേശിയായ ആഷിക് ഹുസൈന്റെ നേതൃത്വത്തിലാണ് ദിവസവും 50ഓളം ഉദ്യോഗാർഥികൾക്ക് തൊഴിൽ നേടുന്നതിനുള്ള വഴികൾ സംബന്ധിച്ച് സൗജന്യമായി ക്ലാസെടുക്കുന്നത്.
മികച്ച ജോലി നേടി ജീവിതം ആസ്വദിക്കാനുള്ള എല്ലാ വഴികളും ദുബൈ തുറന്നിടുമ്പോഴാണ് വിശ്രമ സമയം സഹജീവികൾക്കായി ഈ ചെറുപ്പക്കാർ മാറ്റിവെക്കുന്നത്. ദുബൈയിലെ യൂനിയൻ സ്ക്വയർ പാർക്കിലാണ് ഇവർ ഒത്തു ചേരാറ്. വൈകിട്ട് 6.30 മുതൽ തുടങ്ങുന്ന ക്ലാസ് രാത്രി 8.30 വരെ നീണ്ടു നിൽക്കും.
ദുബൈയുടെ പലഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന അകൗണ്ടന്റ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാൻ വേണ്ട ഉപദേശ നിർദേശങ്ങളെല്ലാം തങ്ങളാലാവും വിധം ഇവർ പകർന്നു നൽകും. അകൗണ്ടിങ്, കോർപറേറ്റ് ടാക്സ്, ബാങ്കിങ്, ബുക് കീപ്പിങ്, ബഡ്ജറ്റ്, വാറ്റ് തുടങ്ങിയ അകൗണ്ടിങ് മേഖലയിലെ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ളവരാണ് ക്ലാസുകൾ നയിക്കുന്നത്.
ഷബിൻ ഷാജഹാൻ, അരുൺ ചന്ദ്രൻ, നദീം, അയ്യൂബ്, അസീസ്, നിഹാൽ, റഫ്സൽ, നാഫി, അനിൽ എന്നിവരാണ് ആഷിക്കിനൊപ്പമുള്ള മറ്റുള്ളവർ. കൊല്ലം സ്വദേശിയായ ആഷിക് ഹുസൈൻ ദുബൈ അൽ ഖിയാദിലെ ഐ.എൻ.ടി.എസ് ടെക്നിക്കൽ സർവിസിലെ സീനിയർ അകൗണ്ടന്റാണ്. ‘താനും ഇതു പോലെ ദുബൈയിൽ തൊഴിലന്വേഷിച്ചെത്തിയവനായിരുന്നു. ഒരിക്കൽ തൊഴിൽ തട്ടിപ്പിന് ഇരയായി വിസ റദ്ദു ചെയ്തു തിരികെ പോകാൻ പോലും നിർബന്ധിതനായിരുന്നു.
അന്ന് അനുഭവിച്ച പ്രയാസങ്ങൾ ഓർത്തപ്പോഴാണ് ദുബൈയിലെ കോർപറേറ്റ് രംഗത്ത് ജോലി ലഭിക്കാനുള്ള ഓറിയന്റേഷൻ ക്ലാസുകൾ മലയാളികളായ ഉദ്യോഗാർഥികൾക്ക് നൽകാനായി ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിയത്.- ആഷിക് പറഞ്ഞു.
അകൗണ്ടന്റ് മേഖലയിൽ ജോലി ചെയ്യുന്നവർ ചേർന്ന് ടെലിഗ്രാമിൽ അകൗണ്ടന്റ് കമ്യൂണിറ്റി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. സാമ്പത്തിക വിദഗ്ധർ, മാനവവിഭ ശേഷി രംഗത്തെ വിദഗ്ധർ, കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് തുടങ്ങിയവർ ഉൾപ്പെടെ ഏതാണ്ട് 4000 അംഗങ്ങളാണ് ഇതിലുള്ളത്. അതിൽ നടന്ന ചർച്ചകളിൽ നിന്നാണ് തൊഴിലന്വേഷകർക്ക് സൗജന്യമായി ജോബ് ഓറിയന്റേഷൻ ക്ലാസ് എന്ന ആശയം ഉരുത്തിരിഞ്ഞത്.
തുടക്കം ഓൺലൈനിൽ
തുടക്കത്തിൽ ഓൺലൈനാണ് ക്ലാസ് ആരംഭിച്ചത്. എം.എസ് ടീം, ഗൂഗ്ൾ മീറ്റ് തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ക്ലാസ്. എന്നാൽ, ഉദ്യോഗാർഥികളുടെ എണ്ണം 100ലധികം പേർ ആയതോടെ സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഗൂഗ്ൾ മീറ്റ് പോലുള്ള ആപ്പുകൾ ആഷിക്ക് ഉപയോഗിച്ചത്. അതിൽ മലയാളികൾ കൂടാതെ ശ്രീലങ്ക, ഈജിപ്ത്, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി മറ്റനേകം രാജ്യക്കാരും പങ്കെടുത്തിരുന്നു.
പങ്കെടുക്കുന്നവരുടെ എണ്ണം 600ന് മുകളിൽ എത്തിയതോടെയാണ് മലയാളികൾക്ക് മാത്രമായി ഫേസ് ടു ഫേസ് ക്ലാസ് നടത്താൻ തീരുമാനിച്ചത്. സൗജന്യമായി ലഭിക്കുന്ന അനുയോജ്യമായ ഇടം കണ്ടെത്താനാവാഞ്ഞതോടെയാണ് ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പാർക്കുകൾ ക്ലാസുകൾക്കായി തെരഞ്ഞെടുത്തത്. മൊബൈൽ വെളിച്ചെത്തിന്റെ കീഴിൽ അങ്ങനെ വൈകിട്ട് 6.30 മുതൽ ക്ലാസുകൾ ആരംഭിക്കുകയായിരുന്നു.
വലിയ പങ്കാളിത്തവും സഹകരണവുമാണ് ഇതിന് ലഭിച്ചത്. ഒരിക്കൽ ദുബൈ പൊലീസ് എത്തി നിയമപരമായ തടസ്സങ്ങൾ ഉന്നയിച്ചതോടെ താൽകാലികമായി നിർത്തിവെക്കേണ്ടി വന്നതായും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചെറു ഗ്രൂപ്പുകളായി വീണ്ടും ക്ലാസ് ആരംഭിക്കുകയുമായിരുവെന്നും അദ്ദേഹം പറഞ്ഞു.
ആഷിക്കും കൂട്ടരും നടത്തുന്ന ഓറിയന്റേഷൻ ക്ലാസിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 100ലധികം പേർക്ക് ഇതിനകം ദുബൈയിൽ ജോലി ലഭിച്ചു കഴിഞ്ഞു. പിന്നാലെ ഇവരും ഈ സതുദ്ധ്യമത്തിൽ പങ്കാളികളായതോടെ കൂട്ടായ്മ വീണ്ടും വിപുലമാവുകയായിരുന്നു. ദുബൈ ഭരണാധികാരികളുടെ കനിവിൽ പാർക്കിലും ബീച്ചിലും ക്ലാസുകൾ എടുക്കുന്ന ഇവർക്ക് സൗജന്യമായി ഒരു സ്ഥലം സുമനസ്സുള്ളവർ അനുവദിച്ച് നൽകുമെന്ന പ്രതീക്ഷയിലാണിവർ.
പലരും ക്ലാസുകൾക്ക് പറ്റിയ സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും മറ്റു പല താൽപര്യങ്ങളും അതിന് പിന്നിലുണ്ടെന്ന് കണ്ടതോടെ പിൻമാറുകയായിരുന്നുവെന്ന് ആഷിക് പറഞ്ഞു. ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസം തെരഞ്ഞെടുക്കുന്ന തൊഴിലന്വേഷകർക്ക് തികച്ചും സൗജന്യമായി പുതു പാഠങ്ങൾ പകരുന്ന ഈ കൂട്ടായ്മയെ സഹായിക്കാനായാൽ അത് വരും തലമുറക്ക് കൂടി പ്രചോദനമാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.